ഭരണത്തലവന് സുരക്ഷ നല്‍കാന്‍ പരാജയപ്പെട്ട് കേരള പോലീസ്. ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു.

Print Friendly, PDF & Email

ഭരണത്തലവനെ നേരിടാന്‍ തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയെ തന്നെ രംഗത്തിറക്കാന്‍ ഭരണകക്ഷി തീരുമാനിക്കുകയും അതിന് സര്‍ക്കാര്‍ എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുകയും ചെയ്തതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്കെത്തി. സ്വന്തം സര്‍ക്കാരിന്‍റെ ആഭ്യന്തര വകുപ്പിന്‍റെ പരാജയം ചൂണ്ടിക്കാണിക്കുക മാത്രമല്ല തന്നെ ആക്രമിക്കുവാന്‍ വരുന്ന ഗുണ്ടകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത് പോലീസാണെന്നും അതിനെല്ലാം നിര്‍ദ്ദേശം നല്‍കുന്നത് ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ആണെന്നു കൂടി പറഞ്ഞുവെച്ചതോടെ ഭരണതലവന്‍റെ സുരക്ഷ ചുമതല സംസ്ഥാന പോലീസില്‍ നിന്നു മാറ്റി സിആര്‍പിഎസ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതോടെ കേരള പോലീസിന്‍റെ വിശ്വാസ്യതയും നിഷ്പക്ഷതയും പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ്.

സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലെ അഭിപ്രായ വിത്യാസങ്ങളും തുടര്‍ന്ന് ചാന്‍സലര്‍ എന്ന പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍ക്കാര്‍ നീക്കവും തുടര്‍ന്ന് സര്‍ക്കാര്‍ പാസ്സാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞു വച്ചതുമല്ലാം അതിനാടകീയമായ പല സാഹചര്യങ്ങളും ആണ് സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാക്കിയത്. ഗവര്‍ണര്‍ക്കെതിരെ സമരം പ്രഖ്യാപിച്ച എസ്.എഫ്.ഐ, ചാന്‍സലര്‍ കൂടിയായ അദ്ദേഹത്തെ കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്തിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് ഗവര്‍ണറുമായി പാര്‍ട്ടി ഏറ്റുമുട്ടല്‍ രൂക്ഷമായി. കേരളം കണ്ടുശീലിച്ച എല്ലാ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും അപ്പുറമായിരുന്നു തുടര്‍ന്നുള്ള ഗവര്‍ണറുടെ പ്രകടനങ്ങള്‍. പ്രതിഷേധങ്ങളെ മൂര്‍ച്ഛയേറിയ വാക്കുകള്‍ക്കൊണ്ട് നേരിടുന്ന ഗവര്‍ണര്‍, തന്നെ കായികമായി ആക്രമിക്കാന്‍ അവരെ അയക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ആരോപിച്ചു.

അതീവ രഹസ്യമായിരിക്കേണ്ട തന്‍റെ യാത്രാപഥങ്ങള്‍ സമരക്കാര്‍ക്ക് ചോര്‍ത്തികൊടുത്ത് പോലീസ് തന്നെയാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്യുന്നതെന്ന ഗുരുതരമായ ആരോപണം കൂടി ഉയര്‍ത്തിയ ഗവര്‍ണര്‍, മുഖ്യമന്ത്രിക്കെതിരാണ് ഇത്തരമൊരു പ്രതിഷേധമെങ്കില്‍ പോലീസിന്റെ സമീപനംഇങ്ങനെയായിരിക്കുമോയെന്ന രാഷ്ട്രീയം ചോദ്യം കൂടെ പൊതുമണ്ഡലത്തിലേക്ക് തൊടുത്തുവിട്ടു. നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരെ പോലീസും മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലുള്ളവരും ഭരണകക്ഷിയുടെ യുവജനസംഘടനയില്‍പ്പെടവരും ചേര്‍ന്ന് ആക്ഷരാര്‍ത്ഥത്തില്‍ ചവുട്ടിക്കൂട്ടുകയും അതിനെ ജീവന്‍ രക്ഷാ പ്രവര്‍ത്തനം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുകയും ചെയ്ത കാലത്തായിരുന്നു ഗവര്‍ണറുടെ രൂക്ഷമായ ഈ ചോദ്യം ഉയര്‍ന്നത്.

ഇതിനിടെ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും ഗവര്‍ണക്കെതിരെ പാര്‍ട്ടിയും മന്ത്രിമാരടക്കമുള്ളവരും വിമര്‍ശനവുമായി രംഗത്തുവരുകയും ചെയ്തതോടെ സര്‍ക്കാരിനെതിരെയുള്ള നിലപാട് കടുപ്പിക്കുകയായിരുന്നു ഗവര്‍ണര്‍. നയപ്രഖ്യാപനമെന്ന ഭരണഘടനാ ബാധ്യത ഒന്നരമിനിറ്റില്‍ തീര്‍ത്ത് ചരിത്രം കുറിച്ച് ഭരണ- പ്രതിപക്ഷ നേതാക്കള്‍ക്ക് മുഖം കൊടുക്കാതെ സഭ വിട്ടഗവര്‍ണര്‍ അതിന്‍റെ തുടര്‍ച്ച റിപ്പബ്ലിക് ദിനാഘോഷ വേദിയിലും തുടര്‍ന്നു. തന്‍റെ ശരീരഭാഷയിലൂടെയുള്ള ഗവര്‍ണറുടെ പ്രതികരണം അതേഭാഷയില്‍ തന്നെ മുഖ്യമന്ത്രിയും നടത്തിയതോടെ വലിയ വാര്‍ത്താപ്രധാന്യം കൈവന്നു.

ഇതിന്‍റെ തുടര്‍ച്ചയാണ് കൊല്ലത്ത് നിലമേല്‍ ഇന്നു സംഭവിച്ചത്. കൊല്ലം സദാനന്ദ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും നിലമേല്‍ വഴി സദാനന്ദപുരത്തേക്ക് പോകുകയായിരുന്നു ഗവര്‍ണര്‍. യാത്രാമധ്യേ നിലമേല്‍ വച്ച് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോ​ഗിക വാഹനത്തിൽ നിന്നിറങ്ങി പ്രതിക്ഷേധക്കരോടും പോോലീസിനോടും കയര്‍ത്തു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ രണ്ടു മണിക്കൂറോളം റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍, പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത് എഫ്‌ഐആര്‍ രേഖകള്‍ രേഖകള്‍ കാണിച്ച് പിന്നീട് അത് തന്‍റെ വക്കീലിനെ വരുത്തി ബോധ്യപ്പെട്ട ശേഷമായിരുന്നു പ്രതിക്ഷേധം അവസാനിപ്പിച്ചു മടങ്ങിയത്. തന്‍റെ സര്‍ക്കാരിനേയും തന്‍റെ പോലീസിനേയും ഒട്ടു വിശ്വാസമില്ല എന്ന പരസ്യ പ്രഖ്യാപനമായിരുന്നു ഭരണഘടനാ തലവന്‍റേത്.

റോഡരുകില്‍ പ്രതിക്ഷേധിക്കുന്ന ഗവര്‍ണര്‍

രണ്ടു മണിക്കൂര്‍ നീണ്ട ഗവര്‍ണറുടെ പ്രതിക്ഷേധത്തിന്റെ ഇടയില്‍ തന്നെ പിഎംഒ ഓഫീസിനേയും ആഭ്യന്തര മന്ത്രാലയത്തേയും ഗവര്‍ണര്‍ വിവരങ്ങള്‍ ധരിപ്പിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ സടകുടഞ്ഞെഴുന്നേറ്റു. ഒട്ടും വൈകാതെ തന്നെ രാജ്യത്തിന്‍റെ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഗവര്‍ണറെ നേരിട്ട് വിളിച്ച് സ്ഥിതി വിവരങ്ങള്‍ ആരാഞ്ഞു. ഗവര്‍ണറുടെ വാക്കുകകള്‍ മുഖവിലക്കെടുത്ത ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഒടനടി നടപടികളും ആരംഭിച്ചു. ആദ്യത്തെ നടപടി ആയിരുന്നു ഗവര്‍ണറുടെ സുരക്ഷ സംസ്ഥാന പോലീസില്‍ നിന്ന് എടുത്തു മാറ്റി ആഭ്യന്തര മന്ത്രിക്കും മറ്റ് ജീവന് ഭീക്ഷണി നേരിടുവാന്‍‍ സാധ്യതയുള്ള ഉന്നത വ്യക്തികള്‍ക്കും മാത്രം നല്‍കുന്ന സിആര്‍പിഎഫ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി ഉത്തരവായത്. എസ്‌പിജി സുരക്ഷക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് Z പ്ലസ്.

ബംഗാളിനു പുറമേ ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ കൊടുക്കേണ്ടി വന്ന രണ്ടാമത്തെ സംസ്ഥാനനമാണ് കേരളം. സ്വന്തം ഭരണതലവനു പോലും സുരക്ഷ നല്‍കുവാന്‍ കഴിയാത്ത വിധത്തില്‍ തകര്‍ന്ന ആഭ്യന്തര വകുപ്പുള്ള ഒരു സംസ്ഥാനമായി കേരളം മാറി. ഒരു കാലത്ത് രാജ്യത്തെ ഏറ്റവും ശേഷിയുള്ള പോലീസ് എന്ന ഖ്യാതി നേടിയ കേരള പോലീസിനെ പിണറായി വിജയന്‍റെ ഏഴര വര്‍ഷത്തെ ഭരണം ഷണ്ഡീകരിച്ചതിന്‍റെ ബാക്കി പത്രമാണ് ഇന്നത്തെ കേരള പോലീസ് എത്തപ്പെട്ടിരിക്കുന്ന ഈ ദുരവസ്ഥ.