ഇനി ട്രംപ് യുഗം
ക്യാപിറ്റോൾ മന്ദിരത്തിൽ ഇന്ത്യയടക്കം ലോകരാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെ സാക്ഷി നിർത്തി അമേരിക്കയുടെ 47ാമത്തെ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1861-ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ല്‍ തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാൾ പ്രസിഡന്റായി അധികാരമേൽക്കുന്നത് എന്നതും പ്രത്യേകതയാണ്.

അമേരിക്കയുടെ സുവർണ കാലത്തിൻ്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. തെരഞ്ഞെടപ്പ് പ്രചാരണ വേളയിലും മുമ്പും പറഞ്ഞ കാര്യങ്ങൾ സത്യ പ്രതിജ്ഞയ്ക്ക് പിന്നാലെ ആവര്‍ത്തിക്കുകയായിരുന്നു ട്രംപ് തന്‍റെ ഉദ്ഘാടന പ്രസംഗത്തിലൂടെ ചെയ്തത്. ലോകമാകെയുള്ള അതിർത്തികൾ സംരക്ഷിക്കാൻ പ്രവർത്തിച്ചപ്പോൾ സ്വന്തം അതിർത്തി സംരക്ഷിക്കാൻ മറന്ന അധികാര കാലത്തിനാണ് അവസാനമായിരിക്കുന്നത്. വിശ്വാസവഞ്ചനയുടെ കാലം ഇവിടെ അവസാനിക്കുന്നു. ഇനി മുതൽ പുരോഗതി മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്.

2025 ജനുവരി 20 ലിബറേഷൻ ദിനമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.സ്വിങ് സ്റ്റേറ്റുകളിൽ അടക്കം തനിക്ക് ഭൂരിപക്ഷം ലഭിച്ചതിന് കറുത്ത വർഗക്കാർക്ക് അടക്കം നന്ദി പറഞ്ഞാണ് അദ്ദേഹം സംസാരിച്ചത്. വിദേശികൾക്ക് പൗരത്വം നൽകുന്ന എല്ലാ നടപടികളും നിർത്തിവെക്കാൻ ഉത്തരവിട്ട അദ്ദേഹം ക്രിമിനലുകളായ എല്ലാ വിദേശികളെയും തിരിച്ചയക്കുമെന്നും പറഞ്ഞു. അമേരിക്കയുടെ തെക്കൻ അതിർത്തിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച അദ്ദേഹം ഇവിടേക്ക് സൈന്യത്തെ അയക്കുമെന്നും വ്യക്തമാക്കി.രാജ്യത്ത് വിലക്കയറ്റം തടയാൻ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഊർജ്ജ വില കുറയ്ക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങള്‍ക്ക് നിയമ സാധുത ഇല്ലെന്നും, അതിന് അനുവദിക്കില്ലെന്നും വ്യക്തമാക്കിയ ട്രംപ് 30 ലക്ഷത്തോളം വരുന്ന ട്രാൻസ്ജെൻഡര്‍ കമ്യൂണിറ്റിയെ അംഗീകരിക്കില്ലെന്ന കടുത്ത പ്രഖ്യാപനം ആണ് നടത്തിയത്. രാജ്യത്തെ ജനസംഖ്യയുടെ 1.2 ശതമാനം ഉൾക്കൊള്ളുന്ന ജനസംഖ്യയെ ബാധിക്കുന്ന നയപരമായ ഈ തീരുമാനം കോടതി കയറുമെന്ന് ആദ്യ മിനുട്ടുകളിൽ തന്നെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.