അഞ്ചാം ഘട്ടം, തെരഞ്ഞെടുപ്പ് ഇന്ന്. ബിജെപി കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇൻഡ്യ.

Print Friendly, PDF & Email

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഏറ്റവും ചെറിയ ഘട്ടമാണ് അഞ്ചാം ഘട്ടത്തില്‍ എട്ട് സ്റ്റേറ്റുകളിലായി 49 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് ഗോദയിൽ 49 സീറ്റുകളിലായി 144 സ്ഥാനാർത്ഥികൾ. എട്ടര കോടി വോട്ടർമാർക്കായി 95000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ പോളിംഗ്. ജമ്മു കശ്മീരിൽ ബാരാമുള്ള മണ്ഡലത്തിലും വോട്ടെടുപ്പ് നടക്കും.

മഹാരാഷ്ട്രയിലെ പതിമൂന്ന് സീറ്റുകളിലും, യു പിയില്‍ രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയടക്കം പതിന്നാല് മണ്ഡലങ്ങളിലും ആണ് അഞ്ചാം ഘട്ടത്തിൽ നടക്കുന്നത്. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ്, സമൃതി ഇറാനി, പീയൂഷ് ഗോയൽ അടക്കം പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. യുപിയിലെ ലക്നൗ, അയോധ്യ, റായ്ബറേലി, കെ സർഗഞ്ച്, അമേഠി എന്നിവയാണ് ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിൽ എത്തുന്ന ശ്രദ്ധേയ മണ്ഡലങ്ങള്‍.

2019ലെ തെരഞ്ഞെടുപ്പില്‍ 49-ൽ 39 സീറ്റുകളും നേടിയിരുന്നത് എന്‍ഡിഎ ആയിരുന്നു. അതിൽ ബിജെപി മാത്രം 32 സീറ്റുകളും നേടിയിരുന്നു. 2019 ന് ശേഷമുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് കണക്കിലെടുത്താൽ, ഏതാണ്ട് എല്ലാ സീറ്റുകളും എന്‍ഡിഎ തൂത്തുവാരേണ്ടതാണ്. എന്നാല്‍ ഇക്കുറി എന്‍ഡിഎ മുന്നണിക്ക് അടിത്ത നഷ്ടപ്പെടുവാനാണ് സാദ്ധ്യത.

ഉത്തർപ്രദേശിൽ അവധ്, പൂർവാഞ്ചൽ, ദോവാബ്, ബുന്ദേൽഖണ്ഡ് എന്നീ നാല് മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 14 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2019ൽ ഇതിൽ 13 സീറ്റുകൾ ബിജെപിയും റായ്ബറേലി കോൺഗ്രസും നേടിയിരുന്നു. എന്നിരുന്നാലും, സമാജ് പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസ് സഖ്യത്തിന്‍റെ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ട് വിഹിതം ആവർത്തിച്ചാൽ, രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിൽ മാത്രമല്ല, അമേഠി, ബരാബങ്കി സീറ്റുകളും കോൺഗ്രസ് പിടിച്ചെടുക്കും. അതോടൊപ്പം – പൂർവാഞ്ചൽ മേഖലയിലെ കൗശാമ്പി, ദോവാബിലെ ഫത്തേപൂർ, ബുന്ദേൽഖണ്ഡിലെ ബന്ദ മണ്ഡലങ്ങള്‍ ബിജെപിയില്‍ നിന്ന് അഖിലേഷ് യാദവിന്‍റെ എസ്പിയും പിടിച്ചെടുക്കും.

മഹാരാഷ്ട്രയില്‍ ഇക്കുറി നടക്കുക അസ്ലി-നക്ലി പോരാട്ടമാണ് അതായത് യാഥാര്‍ത്ഥ്യവും വ്യാജവും തമ്മലുള്ള പോരാട്ടം. ശിവസേനയിലെ ഉദ്ധവ് സേനയും ഷിൻഡെ സേനയും തമ്മിലും എൻസിപിയില്‍ ശരദ്ചന്ദ്ര പവാർ എൻസിപിയും അജിത് പവാർ എൻസിപിയും തമ്മിലുള്ള യഥാര്‍ത്ഥ അസ്ലി-നക്ലി (യഥാർത്ഥവും – വ്യാജവുമായതും തമ്മിലുള്ള) പോരാട്ടം. വലിയ മുംബൈ പ്രദേശം, ഇന്ത്യയുടെ ഉള്ളി തലസ്ഥാനമായ നാസിക് മേഖല, ഒരുകാലത്ത് അഭിവൃദ്ധി പ്രാപിച്ചതും എന്നാൽ ഇപ്പോൾ പ്രശ്‌നങ്ങൾ നേരിടുന്നതുമായ കൈത്തറി കേന്ദ്രമായ മാലേഗാവ്-ധൂലെ മേഖലകള്‍ എന്നിവയാണ് യുദ്ധ സ്ഥലങ്ങൾ. ഉദ്ധവ്, ഷിൻഡെ സേനകൾ മുംബൈ സിറ്റിയിലും താനെയിലും മത്സരം ഏറ്റുമുട്ടുന്പോള്‍ നാസിക് മേഖലയില്‍ അസ്ലി-നക്ലി എന്‍സിപി കള്‍ തമ്മിലാണ് ശക്തി പരീക്ഷിക്കുക. പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഇന്‍ഡ്യ മുന്നണിക്ക് 2019നെ അപേഷിച്ച് ചെറിയ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

അഞ്ചാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഇന്‍ഡ്യ മുന്നണി വിള്ളല്‍ വീഴ്ത്തുമോ എന്ന ഭയപ്പാടിലാണ് എന്‍ഡിഎ. അതുകൊണ്ടാവണം കോണ്‍ഗ്രസ് അധികാരത്തിലെത്തില്‍ അയോധ്യ ക്ഷേത്രം ബുൾഡസർ ഉപയോഗിച്ച് കോൺഗ്രസ് തകർക്കുമെന്ന് നരേന്ദ്ര മോദിയും ആറ് മാസം കൊണ്ട് പാക് അധീനിവേശ കശ്മീർ തിരികെ പിടിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രസ്താവനകളിറക്കി വോട്ടര്‍മാരുടെ വൈകാരിക തലത്തെ ഇളക്കി വോട്ടുനേടാനുള്ള ശ്രമം കൂടുതല്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്.