ദുരന്തകൊയ്ത്ത്: ഊതിപ്പെരുപ്പിച്ച ദുരിതാശ്വാസ ചെലവുമായി പിണറായി സര്‍ക്കാര്‍ !!

Print Friendly, PDF & Email

വയനാട് ദുരന്തത്തില്‍ ഊതിപ്പെരുപ്പിച്ച ദുരിതാശ്വാസ ചെലവുമായി സംസ്ഥാന സര്‍ക്കാര്‍. ജെയിസ് വടക്കന്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ നല്‍കിയ പരാതി ഹൈക്കോടതി സുവോമോട്ടോയായി എടുക്കുകയും സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ആറാം തീയതി വയനാട് ദുരിതാശ്വാസ ചിലവിന്‍റെ കണക്കുകള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലമായി സമര്‍പ്പിച്ചു. ദുരുന്തങ്ങളെ പോലും കൊള്ളയടിക്കുവാനുള്ള ഉപാധിയാക്കി മാറ്റുന്ന പിണറായി സര്‍ക്കാരിന്‍റെ പൊയ്മുഖമാണ് ഇതോടെ പുറത്തായത്.

ജൂലൈ 30നായിരുന്നു വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലുണ്ടായത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 336 പേരാണ് ഉരുള്‍പ്പൊട്ടലില്‍ പൊലിഞ്ഞുപോയത്. 78 പേര്‍ ഇന്നും കാണാമറയത്ത് ആണ് തന്നെയാണ്. 62 കുടുംബങ്ങള്‍ ഒരാൾ പോലുമില്ലാതെ പൂര്‍ണമായും ഇല്ലാതായി. ഡസന്‍ കണക്കിന് ശരീര ഭാഗങ്ങളാണ് പലയിടത്തുനിന്നായി കണ്ടെടുത്തത്. ഓരോ ശരീര ഭാഗങ്ങളും ഓരോ മൃതശരീരം എന്ന് കണക്കാക്കിയായിരുന്നു സംസ്കാരം നടത്തിയത്. ചാലിയാര്‍പ്പുഴയിലൂടെ കുത്തിയൊലിച്ച് പോയ നിരവധി മൃതദേഹങ്ങള്‍ മലപ്പുറം നിലമ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. 367 പേര്‍ക്ക് പരിക്കേറ്റു. 183 വീടുകൾ ഇല്ലാതായി 145 വീടുകൾ പൂര്‍ണമായും ഉരുൾപൊട്ടലിൽ തകർന്നു.

359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ 2,76,00000 രൂപ ചെലവായെന്ന് സര്‍ക്കാര്‍ പറയുന്നു. അതായത്, ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ. എന്നാല്‍, 149 മൃതദേഹങ്ങള്‍ സംസ്കരിച്ചത് വിവിധ സന്നദ്ധ സംഘടനകളാണ്. സേവാ ഭാരതി 49 ബോഡികളും മഹലു കമ്മറ്റി എഴുപതോളവും കൃസ്തന്‍ പള്ളികള്‍ 35 മൃതശരീരങ്ങളും സംസ്കരിച്ചു. രണ്ടെണ്ണം കര്‍ണാടകയിലേക്കു കൊണ്ടു പോയി. രണ്ടെണ്ണം വീടുകളില്‍ സംസ്കരിച്ചു. ഒരു മൃതശരീരം സംസ്കരിക്കുവാന്‍ സര്‍ക്കാര്‍ 10000 രൂപയാണ് അനുവദിച്ചത്. 212 മൃതശരീരങ്ങളാണ് സര്‍ക്കാരിന്‍റെ ചിലവില്‍ സംസ്കരിച്ചത്. സമീപത്തെ എസ്റ്റേറ്റ് സൗജന്യമായി നല്‍കിയിടത്താണ് കൂട്ട ശവസംസ്കാരം നടത്തിയത്. പല സംഘടനകളും ഒരു ചില്ലിക്കാശുപോലും മേടിക്കാതെയാണ് ശവസംസ്കാരം നടത്തിയത്. വാസ്തവം ഇതായിരിക്കെയാണ് 2കോടി 76 ലക്ഷം രൂപ മൃതദേഹങ്ങള്‍ സംസ്കരിക്കുവാന്‍ സര്‍ക്കാരിന് ചിലവായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കൂടാതെ “ഡിസിപോസൽ ഓഫ് ഡെഡ് ബോഡീസ്” എന്ന കണക്കില്‍ എസ്ബിആര്‍എം കണക്കനുസരിച്ച് 6,28.25,000 രൂപ വരുമെന്നും സര്‍ക്കാര്‍ പറയുന്നു. അതായത് മൃതശരീരം സംസ്കരിക്കാന്‍ സര്‍ക്കാരിനു ചിലവു വരുക 1.75ലക്ഷം രൂപ!!!.

ചൂരല്‍മലയില്‍ സൈന്യം സ്ഥാപിച്ച ബെയ്‌ലിപ്പാലത്തിന് ഒരു കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരന് ചെലവായത്. ബെയ്‌ലി പാലം ഉറപ്പിക്കുവാനായി ഇരുകരകളിലും കല്ലുകള്‍ പാകിയതിന് ആണത്രെ ഈ തുക ചിലവഴിച്ചത്. വളണ്ടിയര്‍മാരുടെ കിറ്റിന് 2,98,00000, വളണ്ടിയര്‍മാരുടെ ഗതാഗതത്തിന് നാല് കോടി രൂപ, വളണ്ടിയര്‍മാരുടെ ഭക്ഷണത്തിന് 10 കോടി രൂപ, വളണ്ടിയര്‍മാരുടെ താമസ സൗകര്യത്തിന് 15 കോടി രൂപ എന്നിവയാണ് ഉരുള്‍പ്പൊട്ടലില്‍ വയനാടിന് കൈത്താങ്ങായ വളണ്ടിയര്‍മാരുടെ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവായ തുകയായി രേഖപ്പെടുത്തിയത്. ദുരിതബാധിതർക്ക് നേരിട്ടുള്ള സഹായത്തേക്കാൾ കൂടുതൽ തുക സന്നദ്ധപ്രവർത്തകർക്കായി ചെലവഴിച്ചതായി വയനാട് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട കേരള സർക്കാരിൻ്റെ ചെലവ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ദുരിതാശ്വാസ ക്യാമ്പിലെ ജനറേറ്ററിന് ഏഴ് കോടി രൂപയും ദുരിതബാധിതരെ ഒഴിപ്പിക്കാന്‍ വാഹനം ഉപയോഗിച്ചതിന് 17 കോടി രൂപയും സെർച്ച് ആൻഡ് എക്വിപ്മെന്റ് ഹൈറിങ് വകയില്‍ ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍, ഡ്രോൺ എന്നിവയുടെ വാടകയ്ക്ക് 15 കോടി രൂപയും ചെലവായതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. ദുരന്തഭൂമിയില്‍ അടിഞ്ഞു കൂടിയ അവശിഷ്ടം നീക്കം ചെയ്യുന്നതിന് 36 കോടി രൂപയാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഉരുള്‍പ്പൊട്ടലില്‍ കുത്തിയൊലിച്ചെത്തിയ കല്ലും മണ്ണും ഇപ്പോഴും അവിടെത്തന്നെ കിടക്കുന്പോള്‍ ഏത് അവശിഷ്ടം എങ്ങോട്ട് നീക്കിയെന്ന് ആര്‍ക്കും യാതൊരു അറിവുമില്ല.

17 ക്യാമ്പുകളിലായി 4102 പേർ താമസിച്ചിരുന്നതായി സംസ്ഥാന സർക്കാർ രേഖ തന്നെ പറയുന്നു. വസ്ത്രവില 11 കോടിയെന്ന് പറയുമ്പോൾ ഒരാൾക്ക് വേണ്ടി 26,816 രൂപയുടെ വസ്ത്രങ്ങൾ ചിലവഴിച്ചെന്നാണ് കണക്ക്. കേരളത്തിലുടനീളം വസ്ത്രങ്ങൾ സംഭാവന ചെയ്തെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വസ്ത്രങ്ങൾക്കായി 11 കോടി രൂപ ചെലവഴിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ക്യാമ്പിൽ ഭക്ഷണത്തിന് മാത്രം എട്ട് കോടി രൂപ ചെലവഴിച്ചതായി പറയുന്നു. ക്യാമ്പിലെ 4,102 പേരുടെ ചികിത്സാ ആവശ്യങ്ങൾക്കായി എട്ട് കോടി ചെലവഴിച്ചതായും പറയുന്നു. ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റും മറ്റും ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇനി ആരും ഭക്ഷ്യവസ്തുക്കളും മറ്റും അയക്കണ്ട എന്നും ജില്ലാ ദുരന്ത നിവാരണ അതോറട്ടിയും സംസ്ഥാന സര്‍ക്കാര്‍ തന്നേയും തുടര്‍ച്ചയായി ജനങ്ങളോട് ആവശ്യപ്പെട്ടു എന്ന കാര്യം പോലും സര്‍ക്കാര്‍ മറന്നുപോയതാണോ അതോ മറച്ചുവച്ചതാണോ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

വോളണ്ടിയർമാരുടെയും സൈനികരുടെയും യാത്രയ്ക്കായി 4 കോടി രൂപ ചെലവഴിച്ചു. ഇവർക്കുള്ള ഭക്ഷണത്തിനും വെള്ളത്തിനുമായി 10 കോടിയും താമസത്തിനായി 15 കോടിയും ചെലവഴിച്ചു. ഇന്ത്യൻ വ്യോമസേന നൽകുന്ന ഹെലികോപ്റ്റർ എയർലിഫ്റ്റിംഗ് സേവനങ്ങൾക്കായി 17 കോടി രൂപ ചെലവഴിച്ചു. 30 ദിവസങ്ങളിലായി 17 ദുരിതാശ്വാസ ക്യാമ്പുകളിലായി ജനറേറ്റർ ചെലവായി ഏഴു കോടി രൂപ ചെലവഴിച്ചു.

അപകടത്തിൽപ്പെട്ടവരെ ഒഴിപ്പിക്കാൻ ഉപയോഗിച്ച വാഹനങ്ങൾക്കായി 12 കോടി രൂപ ചെലവഴിച്ചു. ഡ്രോൺ റഡാർ വാടകയ്‌ക്ക് നൽകുന്നതിന് മൂന്ന് കോടി രൂപ അധികമായി ചെലവഴിച്ചു, ഡിഎൻഎ പരിശോധനയ്‌ക്ക് മൂന്ന് കോടി രൂപയും ചെലവായി.

രക്ഷാപ്രവർത്തകർക്ക് ടോർച്ച്, റെയിൻ കോട്ട് തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകുന്നതിന് 2.98 കോടി രൂപയും സന്നദ്ധപ്രവർത്തകർക്കും സൈനികർക്കും ചികിത്സാ ചെലവുകൾക്കായി 2 കോടി രൂപയും ചെലവഴിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

226 പശുക്കൾ ഒഴുകി പോയതനുസരിച്ച് , ഒരു പശുവിന് Rs 37,500 രൂപ വച്ച്, ഒരു കർഷകന് 3 വരെ പശു എന്ന നിലക്ക്, മൊത്തം 84,37,500 കാണിച്ചിട്ടുണ്ട്. എന്നാൽ ആക്ച്വൽ ലോസ് ആയി 4,52,00,000 രൂപയാണ് കാണിച്ചിരിക്കുന്നത്. അതായത് ഒരു പശുവിന് രണ്ടു ലക്ഷം രൂപ. അങ്ങനെ അങ്ങനെ.. മൊത്തം 1,202.13 കോടി ചെലവായതായി കാണിച്ചിരിക്കുന്നു.

ദുരിതാശ്വാസ ചെലവുകള്‍ പെരുപ്പിച്ചു കാണിച്ചിട്ടുണ്ടെങ്കിലും, ഇരകൾക്കുള്ള നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പൂർണമായും തകർന്ന വീടിന് 1.30 ലക്ഷം രൂപയും നശിച്ച കൃഷിയിടത്തിന് ഹെക്ടറിന് 50,000 രൂപയിൽ താഴെയുമാണ് സർക്കാർ നൽകുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

സര്‍ക്കാരിന്‍റെ ചിലവുകള്‍ വിവാദമായതോടെ വിചിത്രമായ ന്യായീകരണങ്ങളുമായി സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുകയാണ്. ചെലവായതും ചെലവാകാനിരിക്കുന്നതുമായ കണക്കാണിതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. വളരെ കൃത്യമായി ദുരന്ത നിവാരണ നിയമപ്രകാരം കണക്കാക്കിയതാണെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത്. അതേസമയം, വയനാട് ദുരന്തത്തിൽ സർക്കാർ ചിലവഴിച്ച യഥാർത്ഥ തുകയുടെ കണക്കല്ല പുറത്തുവന്നതെന്നും പ്രതീക്ഷിക്കുന്ന ചെലവുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കേന്ദ്രത്തിന് നൽകിയതാണെന്നും സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയെന്ന പേരിൽ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തവുമായി ബന്ധപ്പെട്ട് അധിക സഹായം തേടി കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിതെന്ന് പറ‌ഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇതെന്നും കുറ്റപ്പെടുത്തി.