മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയില്‍ മോചിതനായി.

Print Friendly, PDF & Email

മദ്യനയ അഴിമതിക്കേസില്‍ സുപ്രീംകോടതി സിബിഐ അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലിലടച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയില്‍ മുക്തനായി. സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണ് കെജ്‌രിവാളിന്റെ ജയില്‍മോചനം സാധ്യമായത്. ഇതേ വിഷയത്തില്‍ ഇ ഡി കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുന്നതിന് തൊട്ടുമുമ്പ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് കെജ്‌രിവാളിന് ജയിലില്‍ തുടരേണ്ടി വന്നത്. കേസ് രജിസ്റ്റർ ചെയ്ത് 22 മാസത്തിനു ശേഷമുള്ള അറസ്റ്റ് കെജ്രിവാൾ പുറത്തിറങ്ങുന്നത് തടയാനായിരുന്നു. രാജ്യത്തെ ഏറ്റവും പ്രധാന അന്വേഷണ ഏജൻസി സീസറുടെ ഭാര്യയെ പോലെ സംശയത്തിന് അതീതമാകണം. കൂട്ടിലടച്ച തത്തയെന്ന് സിബിഐയെ നേരത്തെ കോടതി വിശേഷിപ്പിച്ചതാണെന്നും ജസ്റ്റിസ് ഭുയ്യാൻ ഓർമ്മിപ്പിച്ചു. വിചാരണ ഉടനെ ഒന്നും പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കുകയാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

സാക്ഷികളെ സ്വാധീനിക്കരുത്, സെക്രട്ടറിയേറ്റില്‍ പ്രവേശിക്കരുത്, ചില ഫയലുകള്‍ മാത്രമേ കാണാവൂ തുടങ്ങിയ മുന്‍കേസിലെ ജാമ്യ വ്യവസ്ഥകള്‍ തുടരും. അറസ്റ്റിന്റെ കാര്യത്തില്‍ ബെഞ്ചിലെ രണ്ടു ജഡ്ജിമാര്‍ ഭിന്ന വിധിയാണ് നല്‍കിയത്. ജസ്റ്റിസ് സൂര്യകാന്ത് സിബിഐ അറസ്റ്റിനോട് യോജിച്ചപ്പോള്‍ ജസ്റ്റിസ് ഉജ്ജല്‍ ഭുയ്യാന്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി.

ഈ വര്‍ഷം മാര്‍ച്ച് 21 മുതല്‍ തടവില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് തീഹാര്‍ ജയിലിന് പുറത്ത് വൻ സ്വീകരണമൊരുക്കിയാണ് ആം ആദ്മി പ്രവർത്തകർ സ്വീകരിക്കാനെത്തിയത്. കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ കെജ്രിവാളിനെ വരവേറ്റത്. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്നായിരുന്നു ജയിലിന് പുറത്തെത്തിയ കെജ്രിവാളിന്‍റെ ആദ്യപ്രതികരണം. പാർട്ടിയെ ഒറ്റക്കെട്ടായി നിറുത്തിയവർക്ക് നന്ദി പറയുന്നു എന്ന് സുനിത കെജ്രിവാൾ പ്രതികരിച്ചു. സത്യം വിജയിച്ചു എന്നാണ് നേരത്തെ കേസിൽ ജാമ്യം കിട്ടിയ മനീഷ് സിസോദിയ പറഞ്ഞത്. കെജ്രിവാള്‍ ജയില്‍ മോചിതനായതോടെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വീണ്ടും ഏറ്റെടുക്കാം.