ആദ്യം പേജര്‍… പിന്നെ വാക്കിടോക്കി. പുതിയ യുദ്ധതന്ത്രങ്ങളുമായി ഇസ്രായേല്‍.
ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തിലും തെക്കന്‍ ലെബനനിലും വീണ്ടും സ്‌ഫോടനപരമ്പര. ഇത്തവണ പൊട്ടിത്തെറിച്ചത് വാക്കിടോക്കികള്‍. സ്‌ഫോടനത്തില്‍ ഒമ്പത് പേർ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ ഭൂരിപക്ഷവും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദികളാണ്. സ്ഫോടനത്തില്‍ വ്യാപകമായ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിസ്ബുള്ള സ്‌ഫോടനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ പേജറുകള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ സംസ്‌കാരച്ചടങ്ങിനിടെയാണ് ഇന്നത്തെ ആക്രമണമുണ്ടായത്. കിഴക്കന്‍ ലെബനനില്‍ ലാന്‍ഡ്‌ലൈന്‍ ഫോണുകളും പൊട്ടിത്തെറിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ പൊട്ടിത്തറികള്‍ക്കു പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദാണെന്ന ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുള്ള പറഞ്ഞിരുന്നു. ഇസ്രയേലിന്റേത് ഒന്നോ രണ്ടോ വ്യക്തികളെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നില്ല മറിച്ച് രാജ്യത്തെ ഉന്നം വെച്ചായിരുന്നുവെന്നും ഹിസ്ബുള്ള പറഞ്ഞു.
ഇറാൻ്റെ പിന്തുണയുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്കെതിരെ ആക്രമണം ശക്തമാക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ചൊവ്വാഴ്ച ലെബനനിലുടനീളം ഒരേസമയം ഹിസ്ബുള്ള അംഗങ്ങൾ വഹിച്ച നൂറുകണക്കിന് പേജറുകൾ പൊട്ടിത്തെറിച്ചത്. നടപ്പാതകളിലും പലചരക്ക് കടകളിലും വീടുകളിലും കാറുകൾക്കുള്ളിലും പേജറുകൾ പൊട്ടിത്തെറിച്ചു, കുറഞ്ഞത് 11 പേർ കൊല്ലപ്പെടുകയും 2,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. വലിയ ശബ്ദത്തിൽ പേജറുകള്‍ പൊട്ടിത്തെറിക്കുന്നതിനു മുമ്പ് പാൻ്റ് പോക്കറ്റിൽ നിന്ന് പുക ഉയർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ഒക്‌ടോബർ 7-ന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതിന് ശേഷം ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേിച്ചു വരുകയായിരുന്നു. ഈ സംഘർഷത്തിൻ്റെ ഏറ്റവും പുതിയ പ്രതിരോധമായി ഈ സ്‌ഫോടനങ്ങൾ വിലയിരുത്തപ്പെടുന്നു.
സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്രായേൽ ഉദ്യോഗസ്ഥർ അവകാശപ്പെടുകയോ നിരസിക്കുകയോ ചെയ്തിട്ടില്ലെങ്കിലും, സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്രായേല്‍ ആണെന്ന് കരുതപ്പെടുന്നു. ഹിസ്ബുള്ള ഇസ്രയേല്‍ പോര് ശക്തമാകുന്നതിനിടെ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി യുഎസ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് യുഎസിന്റെ പരാമര്‍ശം.
ഇസ്രായേല്‍ തങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നു എന്ന് ഭയപ്പെട്ട് തീവ്രവാദികള്‍ ഇപ്പോള്‍ പേജറുകളെ ആണ് ആശയവിനിമയത്തിന് ഉപയോഗിച്ചു വരുന്നത്. അടുത്തിടെ 5000 പേജറുകള്‍ക്ക് തായ് വാനിലെ ഗോൾഡ് അപ്പോളോ കമ്പനിക്ക് ഉത്പ്പാദന കരാര്‍ നല്‍കിയിരുന്നു, ഇതുപ്രകാരം ലെബനനിലേക്ക് ഇറക്കുമതി ചെയ്ത തായ്‌വാൻ നിർമ്മിത പേജറുകളില്‍ഇസ്രായേൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചതായ സംശയിക്കുന്നു. തായ്‌വാനിലെ ഗോൾഡ് അപ്പോളോ കമ്പനിയിൽ നിന്ന് ഹിസ്ബുള്ള ഓർഡർ ചെയ്ത പേജറു കൾ ലെബനനിലെത്തുന്നതിന് മുമ്പ് കൃത്രിമം കാണിച്ചതായിട്ടാണ് സൂചന. ലെബനനിലുടനീളം ഹിസ്ബുള്ള അതിൻ്റെ അംഗങ്ങൾക്ക് ഈ പേജറുകൾ വിതരണം ചെയ്തു. ഈ പേജറുകള്‍ വ്യാപകമായി പൊട്ടിത്തെറിച്ചത് ഹിസ്ബുള്ളയെ മാത്രമല്ല ഇറാനേയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. “ഈ നഗ്നമായ ആക്രമണത്തിന് ശിക്ഷ” ഉണ്ടാകുമെന്ന് ഹിസ്ബുള്ള നേതാക്കള്‍ മുന്നറിയിപ്പ് നൽകി.