ആ കൈ ശുദ്ധമല്ല… മാസപ്പടി ലഭിച്ചത് സാക്ഷാല്‍ മുഖ്യമന്ത്രിക്കു തന്നെ. മാത്യു കുഴല്‍നാടന്‍.

Print Friendly, PDF & Email

മാസപ്പടി ലഭിച്ചത് മകൾ വീണ വിജയനല്ല സാക്ഷാല്‍ മുഖ്യമന്ത്രിക്കു തന്നെയാണെന്ന് മാത്യു കുഴല്‍നാടന്‍. ഇന്നലെ നിയമസഭയുടെ മുമ്പില്‍ വെക്കുവാന്‍ സ്പീക്കര്‍ സമ്മതിക്കാത്തതിനാല്‍ കഴിയാതെ പോയ തെളിവുകള്‍ ജനങ്ങളുടെ മുമ്പില്‍ വച്ചു കൊണ്ടാണ് കോൺഗ്രസ് എംഎൽഎ അഡ്വ.മാത്യു കുഴല്‍ നാടന്‍ ഗുരുതമായ ആരോപണം ഉന്നയിച്ചത്. നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ് സ്പീക്കർ നിയമസഭയിൽ തനിക്ക് സംസാരിക്കാനുള്ള അനുമതി തടഞ്ഞതെന്നും മാത്യു പറഞ്ഞു. ഇതോടെ സിപിഎംഉം മുഖ്യമന്ത്രിയും മാത്രമല്ല സ്പീക്കര്‍കൂടിയാണ് വെട്ടിലായിരിക്കുന്നത്.

മാസപ്പടി ഇടപാടിൽ നടന്നത് അഴിമതിയാണെന്നും മാസപ്പടി കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മാത്യു കുഴൽ നാടൻ എംഎൽഎ ആരോപിക്കുന്നത്. 2004ലാണ് ആദ്യമായി 1000 കോടിക്കു മുകളിൽ മൂല്യം ഉള്ള കരിമണൽ പാട്ടത്തിനു സിഎംആർഎല്ലിനു സർക്കാർ അനുമതി നല്‍കിയത്. പിന്നീട് വിവാദം ഉണ്ടാവുകയും അനുമതി സ്റ്റേ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് 2004 മുതൽ എൽഡിഎഫ്-യുഡിഎഫ് സർക്കാരുകൾ എടുത്ത സമീപനം കരി മണൽ ഖനനം പൊതു മേഖലയിൽ മാത്രം മതി എന്നതാണ്. വിഎസിന്റെ കാലത്തു കരിമണൽ പാട്ടം പൊതു മേഖലയിൽ മാത്രമാക്കി. ഇതിനെതിരെ സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിക്കുകയും സിഎംആർഎല്ലിനു അനുകൂലമായി ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിധി ഉണ്ടാവുകയും ചെയ്തു. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ സുപ്രീം കോടതിയിൽ പോയി. തുടർന്ന് സിഎംആർഎല്ലിന് പാട്ടം അനുവദിച്ച മേഖലകൾ വിഞാപനം ചെയ്താൽ സർക്കാരിന് ഏറ്റെടുക്കാം എന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

2016 ഏപ്രിൽ 8 ന് പിണറായി സർക്കാർ അധികാരത്തിൽ വന്നു. 2016 ഡിസംബർ മുതൽ തുടർന്നുള്ള എല്ലാ മാസത്തിലും വീണയുടെ വിജയന്‍റെ അക്കൗണ്ടിലേക്ക് സിഎംആർഎല്ലിൽ നിന്ന് അഞ്ച് ലക്ഷം രൂപവീതം എത്തി തുടങ്ങി. 2017 മുതൽ ഈ അഞ്ച് ലക്ഷത്തിന് പുറമെ മൂന്ന് ലക്ഷം രൂപ വീതം എക്സാ ലോജിക് എന്ന എന്ന കമ്പനിയിലേക്ക് സിഎംആർഎൽ. കൊടുത്തുകൊണ്ടിരുന്നു. സിഎംആർഎൽഎന്ന കമ്പനിയുടെ വരുമാനവും നിക്ഷേപവും കരിമണൽ ആണ്. സിഎംആർഎല്ലിന്റെ ഏറ്റവും വലിയ ആവശ്യം എന്നത് കരിണണല്‍ ഖനനത്തിന് ലീസ് അനുവദിച്ച് കിട്ടണം എന്നാണ്. ലോകത്തിലെ ഏറ്റവും മികച്ച ആലപ്പുഴ, തോട്ടപ്പള്ളി, കൊല്ലം മേഖലയിലുള്ള കരിമണലിന് വേണ്ടിയിട്ടാണ് അവര്‍ എക്കാലത്തും പരിശ്രമം നടത്തിയിട്ടുള്ളത്.

കരിമണൽ ഖനനത്തിനുള്ള ലീസ് നഷ്ടപ്പെടുമെന്നായപ്പോൾ സിഎംആർഎൽ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു. അതിന്‍റെ ഫലമായി സി.എം.ആർ.എല്ലിനെ സഹായിക്കാനായി ഒരു ദശാബ്ദത്തോളം അനുവര്‍ത്തിച്ചുവന്ന കരിമണൽ ഖനന നയത്തിൽ തിരുത്തല്‍ വരുത്തുവാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നും മാത്യു കുഴല്‍നാടന്‍ ആരോപിക്കുന്നു. 2018 ലായിരുന്നു വ്യവസായ നയത്തിൽ ഉള്ള ഈ നയംമാറ്റം. സിഎംആർഎല്ലിന് കരിമണൽ ഖനന അനുമതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. സർക്കാർ നയം മാറ്റുന്ന വേളയിൽ വീണയുടെ അക്കൗണ്ടിലേക്ക് പണം എത്തിയെന്നും മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സിഎംആർഎൽ നു പാട്ടത്തിനു അനുവദിച്ച പ്രദേശം ഏറ്റെടുക്കാൻ സർക്കാരിന് സുപ്രീം കോടതി അധികാരം നൽകിട്ടിയിട്ടും അത് ചെയ്തില്ല. സിഎംആർഎൽ നു പാട്ടത്തിന് അനുമതി നൽകാൻ പിണറായി സർക്കാർ വ്യവസായ നയത്തിൽ മാറ്റം വരുത്തുകയായിരുന്നു. നയം മാറുമ്പോൾ എല്ലാം വീണയുടെ അക്കൗണ്ടിലേക്ക് മൂന്നു മുതൽ അഞ്ച് ലക്ഷം രൂപ വരെ വന്നുകൊണ്ടിരുന്നു.

ഇതിനിടെ 2019ല്‍ ആറ്റമിക് ധാതു ഖനനം സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമാക്കികൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനം വന്നു. സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയിരിക്കുന്ന എല്ലാ അനുമതികളും റദ്ദാക്കാനും കേന്ദ്ര നയം ആവശ്യപ്പെട്ടു. അതു പ്രകാരം 12.4.2019ൽ സിഎംആർഎൽ നു ഉള്ള പാട്ട അനുമതി റദ്ദാക്കപ്പെട്ടു. അന്ന് സിഎംആർഎൽ മുഖ്യമന്ത്രിക്ക് കത്തു നൽകി. ധാതുമണല്‍ ഖനനവും മറ്റും മുഖ്യമന്ത്രിയുടെ വകുപ്പല്ലാഞ്ഞിട്ടും ഉടന്‍തന്നെ മുഖ്യമന്ത്രി വ്യവസായ സെക്രട്ടറിയോട് നോട്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ടു. സിഎംആർഎൽ നൽകിയ നിവേദനത്തിന്റ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി ഈ ഇടപെടൽ നടത്തിയത്. മുഖ്യമന്ത്രി ഫയൽ പരിശോധിക്കുകയാണെന്ന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി 2019ൽ എഴുതിയെന്നും മുഖ്യമന്ത്രി അധ്യക്ഷനായി യോഗം ചേർന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട സാഹചര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് മുന്നിലേക്ക് പോയെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. കരിമണല്‍ കര്‍ത്തയില്‍ നിന്ന് മാസപ്പടി ലഭിച്ചതിന്‍റെ നന്ദിസൂചകമായിരുന്നു ഈ ഇടപെടല്‍. ഇതിനുള്ള തെളിവുകളെല്ലാം നോട്ടുകളായും രേഖകളായും സെക്രട്ടറിയേറ്റിലുണ്ട്. സെക്രട്ടറിയേറ്റിലുള്ള ഈ രേഖകള്‍ എടുത്തുകൊണ്ടു വരണമെന്ന സ്പീക്കറുടെ ആവശ്യം സാധ്യമാക്കുന്നതെങ്ങനെ. ഇത്രയും സജീവ തെളിവുകളെല്ലാം ഉണ്ടായിട്ടാണ് മുഖ്യമന്ത്രി പറയുന്നത് ഈ കൈകള്‍ ശുദ്ധമാണെന്ന് മാത്യു കുഴല്‍നാടന്‍ പരിഹസിച്ചു.