സിപിഎം നയം മാറ്റുന്നു. കേരളത്തില്‍ വിദേശ സർവ്വകലാശാലകള്‍ വേണ്ടേ… വേണ്ട!!!

Print Friendly, PDF & Email

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റത്തിനു മുന്നോടിയായി വിദേശ സർവ്വകലാശാലയെ സ്വീകരിക്കാനുള്ള ബജറ്റ് പ്രഖ്യാപനം വിവാദമായതോടെ തീരുമാനത്തിൽ പുനഃപരിശോധനയ്ക്ക് സിപിഎം ഒരുങ്ങുന്നു. ഇക്കാര്യത്തിൽ സിപിഎമ്മിൽ ധാരണയായതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. വിദേശ സര്‍വ്വകലാശാകൾക്ക് അനുമതി നൽകുന്നത് ഇടതുനയത്തിന് വിരുദ്ധമെന്ന നിലപാടിലാണ് സിപിഐ. ഇക്കാര്യത്തില്‍ തങ്ങളുടെ എതിര്‍പ്പ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അറിയിച്ചിരുന്നു.സിപിഐയുടെ അതൃപ്തി കൂടി കണക്കിലെടുത്താണ് വിദേശ സർവ്വകലാശാലക്ക് അനുമതി നൽകാനുളള നിർദ്ദേശം പുനപരിശോധിക്കാം എന്ന നിലപാടിലേക്ക് സിപിഎം മാറിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പിബി വിഷയം വിശദമായി ചർച്ച ചെയ്തതിനുശേഷം നിലാടിലെത്താം എന്നാണ് സിപിെഎംന്‍റെ പുതിയ തീരുമാനം.

വിദേശ സര്‍വ്വകലാശാലകളേയും സ്വകാര്യ സര്‍വ്വകലാശാലകളേയും പ്രോത്സാഹിപ്പിക്കുമെന്നാണ് ബാലഗോപാല്‍ തന്‍റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത് അതിനു വേണ്ടി ബജറ്റില്‍ തുകയും നീക്കി വച്ചിരുന്നു. വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയായിരുന്നു ബാലഗോപാല്‍ ബജറ്റില്‍ തുക വകയിരുത്തിയത്. ഇക്കാര്യം ഉന്നത വിദ്യാഭ്യാസ മന്ത്രിയോ ഉന്നത വിദ്യാഭ്യാസ കമ്മീഷനോ അറിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു വിദേശ സര്‍വ്വകാല ശാലകള്‍ കരളത്തില്‍ സ്വീകരിക്കും എന്ന നിര്‍ദ്ദേശം ബജറ്റില്‍ കടന്നു കൂടിയത്.

പാര്‍ട്ടിയുടെ പെട്ടന്നുള്ള ഈ നയം മാറ്റത്തിനെതിരെ സിപിഎംമ്മില്‍ മാത്രമല്ല ഇടതുമുന്നണിയിലും വിമര്‍ശനം ഉയര്‍ന്നു. സ്വാശ്രയ കോളേജുകള്‍ക്കെതിരെ പ്രതിക്ഷേധിച്ച് പാര്‍ട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ പുഷ്പനെ അറിയാമോ സഖാവ് പുഷ്പനെ അറിയാമോ എന്ന ചോദ്യം ട്രോളുകളായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. കൂത്തുപറമ്പില്‍ പാര്‍ട്ടി സൃഷിടിച്ച അഞ്ച് രക്തസാക്ഷികള്‍ ചര്‍ച്ചകളില്‍ വീണ്ടും നിറഞ്ഞു. പൊതു സമൂഹത്തില്‍ നിന്നുയരുന്ന ചോദ്യങ്ങളെ നേരിടാനാവാതെ പാര്‍ട്ടി സഖാക്കളും നേതാക്കളും വലഞ്ഞു. അടുത്ത കാലത്ത് പാര്‍ട്ടി നേരിട്ട ഏറ്റവും വലിയ പ്രത്യയശാസ്ത്ര പതിസന്ധിയായി ിതു മാറി.

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്തമായ സര്‍വ്വകലാശാലകളുമായുള്ള ബന്ധം കേരളത്തിനു വേണ്ടേ എന്ന ചോദ്യത്തിന് വേണം എന്നു തന്നെയാണ് ഉത്തരം. ഉന്നത വിദ്യാഭ്യാസ മേഖല പൂര്‍ണമായും തകരുകയും നിലവാരമുള്ള കേളേജുകള്‍ തേടി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പുറംനാടുകളിലേക്ക് പാലായനം ചെയ്യുകയും അതിന്‍റെ ഫലമായി കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്കു കീഴിലുള്ള പല കോളേജുകളും പഠിക്കാനായി ആവശ്യത്തിനു കുട്ടികളെ കിട്ടാതെ പൂട്ടിക്കെട്ടേണ്ട ഗതികേടിലേക്ക് എത്തപ്പെട്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

പക്ഷെ, പൂര്‍വ്വകാല ചെയ്തികളുടെ പ്രേതം സിപിഎംനെ പിടികൂടാന്‍ തുടങ്ങിയിരിക്കുന്നു. കംപ്യൂട്ടറവത്കരണത്തിനെതിരെ കലാപം സൃഷിടിക്കുകയും എന്നാല്‍ കംപ്യൂട്ടറുകള്‍ വന്നതിലുള്ള ഗുണം ഏറ്റവും കൂടുതല്‍ ആസ്വദിക്കുകയും ചെയ്യുന്ന സിപിഎം പാര്‍ട്ടിയുടെ ഇരട്ടത്താപ് ജനങ്ങള്‍ ചോദ്യം ചെയ്യുവാന്‍ തുടങ്ങിയിരിക്കുന്നു. അന്ന് തൊഴിലു പോകുമായിരുന്നു അതിനാല്‍ സമരം ചെയ്തു. എന്നാല്‍ ഇന്ന് മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം കംപ്യൂട്ടര്‍ ഇല്ലാതെ പറ്റുമോ എന്നു ചോദിക്കുന്ന ഉന്നതവിദ്യാഭ്യസ മന്ത്രി ബിന്ദുവിന്‍റെ വിവരക്കേട് ഏതായാലും മലയാളികള്‍ക്ക് ഇല്ല. പാര്‍ട്ടി അന്നു കാട്ടിയ ആ വിവരക്കേട് ഒരു പക്ഷെ രാജ്യത്തെ എടിഹബ് ആയി മാറുവാന്‍ പോലും കഴിയുമായിരുന്ന കേരളത്തെ എത്രമാത്രം പിന്നോട്ടടിച്ചുവെന്ന് ഇന്ന് കേരളം തിരിച്ചറിയുന്നു.

അതേ തകര്‍ച്ചയാണ് ഉന്നത വിദ്യാഭ്യാസ രംഗത്തും കേരളം ഇന്നു നേരിടുന്നത്. ഒരിക്കല്‍ വിദേശ സര്‍വ്വകലാശാലകള്‍ എന്ന നാമധേയത്തെ പോലും കരണത്തടിച്ചു വീഴ്ത്തിയ സിപിഎംന്‍റെ പൂര്‍വ്വകാല ചെയ്തികള്‍ ഇന്ന് അവരെ തിരിഞ്ഞുകുത്തുമ്പോള്‍ നിലവാരമുള്ള ഉന്നതവിദ്യാഭ്യാസം വേണമെങ്കില്‍ നാടുവിടുക മാത്രമേ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു മുമ്പില്‍ ഏക മാര്‍ഗ്ഗമായി അവശേഷിക്കുന്നുള്ളു.