മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് വിരാമം. പ്രതിക്ഷേധവുമായി ബിജെപി.

Print Friendly, PDF & Email

കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും പിന്തുണയോടെ സംസ്ഥാനത്ത് ശിവസേന സര്‍ക്കാര്‍ രൂപവത്കരിക്കുവാന്‍ തീരുമാനിച്ചതോടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് വിരാമം. ശിവസേനാ അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ്-എന്‍.സി.പി സേനാ നേതാക്കള്‍ തമ്മില്‍ ഒരുമിച്ചു നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പവാറാണ് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. അഞ്ചു വര്‍ഷത്തേക്കും ശിവസേന മുഖ്യമന്ത്രി പദം കയ്യാളുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ല. ‘സര്‍ക്കാറിന് ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുമെന്ന് സമവായമുണ്ടായതായി’ പവാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. യോഗത്തിന് ശേഷം ആദ്യം പുറത്തിറങ്ങിയത് പവാറാണ്. പിന്നീട് ഉദ്ധവ് താക്കറെയും അതിനു ശേഷം മകന്‍ ആദിത്യ താക്കറെയും പുറത്തേക്കിറങ്ങി. ചര്‍ച്ച നാളെയും തുടരും. മുഖ്യമന്ത്രി പദം പങ്കിടണമെന്ന ആവശ്യത്തെ തുടര്‍ന്ന് ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ ശിവസേന പിന്നീട് കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ കേന്ദ്രമന്ത്രി നിധിൻ ​ഗഡ്കരി രംഗത്തെത്തി. സഖ്യം അവസരവാദ രാഷ്ട്രീയം മാത്രമാണ് ഗഡ്‌കരി പറഞ്ഞു. ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ആശയങ്ങളില്‍ വലിയ വ്യത്യാസമുണ്ട്. മൂന്നു പേരുടെയും ആശയങ്ങള്‍ യോജിച്ചുപോകുന്നതല്ല. ഹിന്ദുത്വ ആശയങ്ങളില്‍ അധിഷ്ഠിതമായിരുന്നു ബിജെപി-ശിവസേന സഖ്യമെന്നും അങ്ങനെയൊരു സഖ്യം തകര്‍ന്നത് രാജ്യത്തിന് മാത്രമല്ല ഹിന്ദുത്വ താല്‍പ്പര്യങ്ങള്‍ക്കും വലിയ നഷ്ടമാണെന്ന് ഗഡ്‌കരി പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം രൂപപ്പെട്ട എൻസിപി-ശിവസേന-കോൺഗ്രസ് സഖ്യത്തിനെതിരെ ബിജെപി പ്രവർത്തകൻ സുപ്രീം കോടതിയിൽ ഹർജി നൽകി. സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്നും ത്രികക്ഷി സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ അനുമതി നൽകരുതെന്നും സുരേന്ദ്ര ബഹാദൂർ സിങ് എന്നയാൾ നൽകിയ ഹർജിയിൽ പറയുന്നു.

  •  
  •  
  •  
  •  
  •  
  •  
  •