അഞ്ച് പൊതുമേഖല സ്ഥപനങ്ങള്‍ വില്ക്കാന്‍ മന്ത്രിസഭാ അംഗീകാരം. 50ല്‍പരം സ്ഥാപനങ്ങള്‍ക്കൂടി വില്‍പ്പനക്ക്…
അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാനും അവയുടെ നിയന്ത്രണാധികാരം കൈമാറാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി.പി.സി.എൽ.), ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്‌ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ടെറി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഇന്ത്യാ ലിമിറ്റഡ് എന്നിവയിലുള്ള ഓഹരികളാണ് വിൽക്കുന്നത്. ഇവയുടെ വില്‍പ്പനയിലൂടെ ₹1,05,000 കോടി രൂപ സമാഹരിക്കുവാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
37 ദശലക്ഷം ടൺ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതും 15,000-ത്തിലധികം റീട്ടെയില്‍ പമ്പുകള്‍ ഉള്ളതുമായ ബി.പി.സി.എല്‍. കഴിഞ്ഞവര്‍ഷം 7,132 കോടി രൂപയുടെ ലാഭമുണ്ടാക്കിയിരുന്നു. ഷിപ്പിങ് കോര്‍പ്പറേഷനിൽ സർക്കാരിനുള്ള 63.75 ശതമാനം ഓഹരികളിൽ 53.75-ഉം വിൽക്കും. ഇതോടെ കമ്പനിയുടെ നിയന്ത്രണാധികാരവും സർക്കാരിനു നഷ്ടമാകും. കണ്ടെയ്നര്‍ കോര്‍പ്പറേഷന്റെ 30.9 ശതമാനം ഓഹരികളും നിയന്ത്രണാധികാരവുമാണ് കൈമാറുന്നത്. ടെറി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ 74.23 ഓഹരകള്‍ എന്‍.ടി.പി.സി.ക്കാണ് കൈമാറുക. നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്‌ട്രിക് പവര്‍ കോര്‍പ്പറേഷന്റെ 100 ശതമാനം ഓഹരികളും എന്‍.ടി.പി.സി.ക്ക് നല്‍കും.
50ല്‍ പരം പൊതുമേഖല സ്ഥാപനങ്ങള്‍ കൂടി സ്വകാര്യ മേഖലക്ക് കൈമാറുവാനുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍. വിറ്റ് കൈയ്യൊഴിക്കുവാനുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് നീതി ആയോഗ് തയ്യാറാക്കികഴിഞ്ഞു. ഭാരത് എര്‍ത്ത് മൂവേര്‍സ് ലിമിറ്റഡ്(ബിഇഎംഎല്‍), സെന്‍ട്രല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡ്(സിഇഎല്‍), ഹിന്ദുസ്ഥാന്‍ പ്രീ ഫാബ് ലിമിറ്റഡ്(എച്ച്പിഎല്‍), സിമിന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(സിസിഎല്‍) തുടങ്ങി 23 സ്ഥാപനങ്ങളുടെ ലിസ്റ്റാണ് ആദ്യ പട്ടികയിലുള്ളത്. കൂടാതെ ഇന്ത്യന്‍ റെയില്‍വേ, എയര്‍ ഇന്ത്യ തുടങ്ങിയ മറ്റ് 35 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണ നിയന്ത്രണം നിലനിര്‍ത്തിക്കൊണ്ട് അവയിലെ സര്‍ക്കാര്‍ ഓഹരിപങ്കാളിത്തം കുറയ്ക്കുവാനും കേന്ദ്ര മന്ത്രി സഭ തീരുമാനിച്ചിട്ടുണ്ട്.

