മാസപ്പടി വാങ്ങി കേന്ദ്ര നിയമം വൈകിച്ചത് നാലുവര്‍ഷം! സാമ്പത്തിക കൊള്ള മാത്രമല്ല; ഇത് രാജ്യദ്രോഹവും. പിണറായി വിജയന്‍ പ്രതിക്കൂട്ടില്‍…?

Print Friendly, PDF & Email

ആണവായുധങ്ങളിലും മറ്റും ഉപയോഗിക്കുന്ന ആറ്റമിക്‍ ധാതുക്കളുടെ ഖനനം സ്വകാര്യ മേഖലയില്‍ നടത്തുന്നുണ്ടെങ്കില്‍ അത് ഉടനടി റദ്ദാക്കണമെന്നും അത്തരം ധാതുക്കളുടെ ഖനനം സര്‍ക്കാരിന്‍റെ ഉടമസ്ഥതയില്‍ മാത്രമേ നടത്തുവാന്‍ പാടുള്ളു എന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നിയമം പുറത്തിറങ്ങിയത് 2019 ഏപില്‍ 19ന്. പക്ഷെ, കേരളത്തില്‍ അത് നടപ്പിലാക്കിയത് 2023 ഡിസംബർ 18ന്. അതും മാസപ്പടി വിവാദം സംസ്ഥാനത്ത് കത്തിപ്പടരുവാന്‍ തുടങ്ങിയതിനു ശേഷം മാത്രം. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന സുപ്രധാന കേന്ദ്ര നിയമം നടപ്പിലാക്കാതെ പിണറായി വിജയന്‍ സര്‍ക്കാര്‍ അതിന്‍റെ മുകളില്‍ അടയിരുന്നത് നാലു വര്‍ഷവും എട്ടുമാസവും. കരിമണല്‍ കര്‍ത്തയുടെ പറ്റുപുസ്തകത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും മറ്റുമായി വീതം വച്ചത് ഏതാണ്ട് 175 കോടി രൂപയാണ്. അതില്‍ മുഖ്യ പങ്കും കൊടുത്തിരിക്കുന്നത് പി.വിക്ക് ആണെന്നാണ് അതില്‍ കുറച്ചിരിക്കുന്നത്. മാസപ്പടിയായി വീണ വിജയനും അവരുടെ എക്സാലോജിക്‍ കമ്പനിക്കുമായി കൊടുത്തത് വെറും ഒന്നേമുക്കാല്‍ കോടി മാത്രം.

സംസ്ഥാന സര്‍ക്കാരിന് നോട്ടിഫിക്കേഷന്‍ വഴി കരിമണല്‍ ഖനനത്തിന് ലീസിനു കൊടുത്ത സ്ഥലം ഏറ്റെടുക്കാമെന്ന 2016 ലെ സുപ്രീം കോടതി വിധി പ്രകാരം തന്നെ സംസ്ഥാന സർക്കാരിന് കരിമണൽ ശേഖരിക്കുന്ന സ്ഥലം ഏറ്റെടുക്കാമായിരുന്നു. പക്ഷെ പിണറായി സര്‍ക്കാര്‍ അതിനു തയ്യാറായില്ല. ആറ്റമിക് ധാതു ഖനനം പൊതു മേഖലയിൽ മാത്രമാക്കി മാറ്റികൊണ്ട് 2019 ൽ എല്ലാ സ്വകാര്യ ഖനന കരാറുകളും റദ്ദാക്കാനുള്ള കേന്ദ്ര നിർദ്ദേശം വന്നു. എന്നാൽ മുഖ്യമന്ത്രി വീണ്ടും കരിമണല്‍ കര്‍ത്തായുടെ സിഎംആര്‍എല്‍ കമ്പനിക്കു കൊടുത്ത 1000 കോടി രൂപയുടെ കരാർ നിലനിര്‍ത്തുകുകയായിരുന്നു. അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ട ആ നിയമം കേരളത്തില്‍ നടപ്പിലാക്കുവാന്‍ നാലു വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്നിടത്ത് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തമാവുകയാണ്. എന്തുകൊണ്ട് റദ്ദാക്കിയില്ലെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്കോ സിപിഎംനോ ഇതുവരെ മറുപടി ഇല്ല. സിഎംആര്‍എല്ലിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടലെന്ന് വ്യക്തം. സിഎംആര്‍എലിനുള്ള ഖനന അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം മാത്രം. ഉത്തരവ് ഇറക്കിയത് 2023 ഡിസംബർ 18ന്.

കേരളത്തിലെ തീരദേശ മണൽത്തിട്ടകൾ ആറ് നിർദ്ദിഷ്ട ധാതുക്കളാൽ സമ്പുഷ്ടമാണ്. ഇൽമനൈറ്റ്, റൂട്ടൈൽ, സിർക്കോൺ, മോണസൈറ്റ്, ല്യൂക്കോക്‌സെൻ (ബ്രൗൺ ഇൽമനൈറ്റ്), സില്ലിമാനൈറ്റ്, ഗാർനെറ്റ്. ഇതില്‍ പലതും ആണവോര്‍ജ്ജ നിര്‍മ്മതിക്കാവശ്യമായ ആറ്റമിക് ധാതുക്കളാണ്. ലോകത്തിലെ ഏറ്റവും മികച്ചരീതിയില്‍ ആറ്റമിക്‍ ധാതുക്കളടങ്ങിയ കരിമണലാണ് ആലപ്പുഴ, തോട്ടപ്പള്ളി, കൊല്ലം മേഖലയിലുള്ളത്. ഇത്രയും അമൂല്യ ധാതുക്കളടങ്ങിയ കരിമണലാണ് ഒരു തത്വധീക്ഷയുമില്ലാതെ കര്‍ത്താമാര്‍ ഖനനം ചെയ്ത് എടുത്തുകൊണ്ടുപോകുന്നത്. മാസപ്പടിയും വാര്‍ഷികപ്പടിയും മേടിച്ച് നമ്മുടെ രാഷ്ട്രീയ നേതൃത്വം അതിന് സൗകര്യമൊരു ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത് കേവലം സാമ്പത്തിക കുറ്റകൃത്യം മാത്രമല്ല രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യം എന്നതലത്തിലേക്ക് മാസപ്പടിക്കേസ് വളരുകയാണ്.

ആലപ്പുഴ ജില്ലയിലെ വലിയഴീക്കൽ മുതൽ തോട്ടപ്പിള്ളി വരെയുള്ള 17 കിലോമീറ്റർ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ധാതുമണൽ ഖനനം നടത്തുന്നതിന് സംയുക്തമേഖലാ കമ്പനിയായ കേരള റെയർ എർത്ത്‌സ് ആൻഡ് മിനറൽസ് ലിമിറ്റഡിന് (കെആർഇഎംഎൽ) പാട്ടത്തിന് നൽകാൻ 2004ല്‍ ആന്‍റണി സർക്കാർ ആണ് തീരുമാനിച്ചത്. ലാഭാധിഷ്ഠിത കമ്പനിയുടെ വിവേചനരഹിതമായ ഖനന പ്രവർത്തനത്തിൻ്റെ ഫലമായുണ്ടാകുന്ന സാമൂഹിക, പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങളുടെ ഗൗരവം വിലയിരുത്താനോ, അവയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ, സാമൂഹിക പ്രത്യാഘാതങ്ങൾ, കരാറിന്‍റെ പ്രതികൂല പ്രത്യാഘാതങ്ങൾ തുടങ്ങിയ പഠിക്കാനോ തയ്യാറാവാതെ 1000 കോടി രൂപയുടെ കരിമണല്‍ ഖനനം ചെയ്യുവാനുള്ള ഭൂമി അഭൂതപൂർവമായ ധൃതിയിൽ പാട്ടത്തിന് നൽകിയ സർക്കാർ തീരുമാനം വലിയ വിവാദമായി. തുടര്‍ന്ന് സര്‍ക്കാര്‍ കരാറില്‍ നിന്ന് പിന്മാറി. ധാതുഖനനം സ്വകാര്യ മേഖലയില്‍ വേണ്ട പൊതുമേഖലയില്‍ മാത്രം മതി പ്രഖ്യാപിത വ്യവസായിക നയത്തിന്‍റെ അടിസ്ഥാനത്തിലാണ് പിന്നീടു വന്ന സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്. പിന്നീട് ഈ നയത്തില്‍ മാറ്റം വരുത്തിയത് 2016ല്‍ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരാണ്. നൂറുകണക്കിന് കയർ തൊഴിലാളികൾ ജീവിക്കുന്ന 30,000-ത്തിലധികം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമായ ഭൂമി പാട്ടത്തിന് നൽകുന്നതിന് മുമ്പ് ആധികാരികമായ ഒരു പഠനവും അപ്പോഴും നടത്തിയില്ല. മത്സ്യത്തൊഴിലാളി സമൂഹം തിങ്ങിപ്പാർക്കുന്ന ആലപ്പുഴയുടെയും കൊല്ലത്തിൻ്റെയും തീരപ്രദേശം രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണെന്ന് 2001ലെ സെൻസസ് വ്യക്തമാക്കുന്നു.

പ്രദേശത്തെ മണൽ ഖനനം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും ജീവിത പ്രശ്‌നങ്ങളും ആണ് സൃഷ്ടിച്ചിരിക്കുന്നത്. വലിയഴീക്കൽ-തോട്ടപ്പിള്ളി സ്ട്രെച്ച് വളരെയേറെ മണ്ണൊലിപ്പ് സാധ്യതയുള്ള തീരപ്രദേശമാണ്. അവയെ സംരക്ഷിച്ച് ധാതുമണൽ തീരം ഒരു കടൽഭിത്തിയായി പ്രവർത്തിക്കുകയും ഈ പ്രദേശത്തെ കടൽക്ഷോഭത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രദേശത്തെ പല ഗ്രാമങ്ങളും ജനവാസയോഗ്യമല്ലാതായി മാറിയിരിക്കുന്നു. പലയിടത്തുനിന്നും ജനങ്ങള്‍ കൂട്ടത്തോടെ പാലായനം ചെയ്യുവാന്‍ തുടങ്ങിയിരിക്കുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ആറ്റമിക്‍ ധാതുക്കളുടെ അശ്രദ്ധമായ ഖനനം സൃഷ്ടിക്കുക. ചവറയിൽ നിന്ന് റേഡിയേഷനുമായി ബന്ധപ്പെട്ട രോഗങ്ങൾ ഇപ്പോള്‍ തന്നെ റിപ്പോർട്ട് ചെയ്യപ്പെടുവാന്‍ തുടങ്ങികഴിഞ്ഞു. ഇത് ആലപ്പുഴയിലും ആവർത്തിക്കുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പോലെ മറ്റൊരു ട്രാജഡിയാണ് തങ്ങളെ കാത്തിരിക്കുന്ന ഭയപ്പാടിലാണ് കൊല്ലം-ആലപ്പുഴ തീരദേശവാസികള്‍. സമുദ്രനിരപ്പിന് താഴെയുമുള്ള കുട്ടനാട്ടിലെ നെൽപ്പാടങ്ങളിലേക്ക് കടൽ വെള്ളം ഒഴുകുന്നത് ഒരു പരിധിവരെ തടഞ്ഞിരുന്നത് ഒരു പരിധിവരെ ഈ കരിമണല്‍ ഭിത്തികളായിരുന്നു. വിവേചനമില്ലാത്ത ഈ മണലൂറ്റല്‍ ഈ പ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന കുട്ടനാട്ടിന്‍റെ നിലനില്‍പ്പിനുതന്നെ ഭീക്ഷണി ഉയര്‍ത്തുവാന്‍ തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും സമ്പന്നമായ ഭൂഗർഭജല സംഭരണം ഈ പ്രദേശത്തുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് (റിസോഴ്സ് അറ്റ്ലസ് ഓഫ് കേരള -1984). അതിന്‍റെ നാശത്തിലേക്കാണ് അനിയന്ത്രിതമായ മണലൂറ്റല്‍ കേരളത്തെ കൊണ്ടുചെന്നെത്തിക്കുക. ശുദ്ധജലക്ഷാമം ആയിരിക്കും അതിന്‍റെ ഫലം. അങ്ങനെ ഒരു ജനതയെ മൊത്തം കൊള്ളയടിക്കുന്നതിന് കൂട്ടുനില്‍ക്കുകയായിരുന്നു നമ്മുടെ ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും എന്ന ഞെട്ടിക്കുന്ന തിരിച്ചറിവിലേക്ക് ആണ് മാസപ്പടിക്കേസ് കേരള ജനതയെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.

[ഗള്‍ഫ് മരുഭൂമിയെ സമ്പന്നമാക്കിയ പെട്രോളിയം ഉല്‍പ്പന്നങ്ങളേക്കാള്‍ വിലയേറിയ സമ്പത്ത് അമൂല്യ ആറ്റമിക്‍ ധാതുക്കളായി കൊല്ലം മുതല്‍ ആലപ്പുഴ വരെയുള്ള തീരങ്ങളിലെ കരിമണലില്‍ ഉണ്ടെന്നിരിക്കെ അവയെ ശാസ്ത്രീയമായി ഖനനം ചെയ്ത് സംസ്കരിച്ചെടുത്ത് ഗള്‍ഫ് രാഷ്ട്രങ്ങളേക്കാള്‍ സമ്പന്നമാകേണ്ട കേരളം ആണ്; സാമൂഹിക പെന്‍ഷന്‍ പോലും കൊടുക്കുവാന്‍ ഗതിയില്ലാതെ കേന്ദ്രസര്‍ക്കാരിന്‍റെ കനിവിനായി കൈനീട്ടി നില്‍ക്കുന്നത്. കേരളത്തിലെ സാധാരണ ജനങ്ങള്‍ ജീവിക്കാന്‍ ഒരുഗതിയും മറുവഴിയും ഇല്ലാതെ പിച്ചച്ചട്ടി എടുത്തെങ്കിലെന്ത്; നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരെല്ലാം ശതകോടീശ്വരന്മാരായി മാറുന്നുണ്ടല്ലോ എന്നോര്‍ത്ത് നമുക്ക് അഭിമാനിക്കാം. അവര്‍ക്ക് വാഴ്ത്ത്പാട്ടുമായി നമുക്ക് ആത്മസായൂജ്യമടയാം.]