ചൊവ്വയുടെ അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഉത്പാദിപ്പിച്ച് ലോകത്തെ ഞെട്ടിച്ച് പെര്‍സിവിയറന്‍സ്

Print Friendly, PDF & Email

ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിതങ്ങള്‍ രചിക്കുകയാണ് നാസയുടെ ചൊവ്വാ ദൗത്യം പെര്‍സിവെറന്‍സ്. ചൊവ്വയില്‍ ചെറു ഹെലികോപ്ടര്‍ പറത്തിയതിന് പിന്നാലെ ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും ഓക്സിജന്‍ ഉത്പാദിപ്പിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഓക്‌സിജന്‍ ഇല്ലാതെ ബഹിരാകാശത്തേക്ക് യാത്ര ചെയ്യാനാവുമെന്ന പ്രതീക്ഷയ്ക്ക് കരുത്തു പകര്‍ന്ന് ശാസ്ത്രത്തിന്റെ വലിയ കുതിച്ചുചാട്ടത്തിനാണ് മോക്സി തുടക്കമിട്ടിരിക്കുന്നത്. ഫെബ്രുവരി 18നാണ് പെര്‍സിവിയറന്‍സ് ചൊവ്വയില്‍ ഇറങ്ങിയത്.

പെര്‍സിവിയറന്‍സ് റോവറിന്റെ മുന്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ഭാഗമാണ് മോക്സി. സ്വര്‍ണാവരണമുള്ള കാര്‍ ബാറ്ററിയുടെ വലിപ്പമുള്ള ഒരു പെട്ടിയാണ് മോക്സി അഥവാ [The Mars Oxygen In-Situ Resource Utilization Experiment-MOXIE]. ഉയര്‍ന്ന താപനിലയിലും അതിജീവിക്കാന്‍ നിക്കല്‍ അയിര് പോലെയുള്ള വസ്തുക്കളാണ് മോക്സിയുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മോക്സിയുടെ സ്വര്‍ണാവരണം താപനിലയിലുണ്ടാകുന്ന വ്യത്യാസം റോവറിന് ഹാനികരമാകാതെ സംരക്ഷിക്കും. ചൊവ്വയുടെ അന്തരീക്ഷത്തിലെ 96 ശതമാനം വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡില്‍ നിന്നാണ് പെര്‍സിവിയറന്‍സിന്റെ ഭാഗമായ മോക്സി ഓക്സിജന്‍ ഉത്പാദിപ്പിച്ചത്.

വൈദ്യുതി ഉപയോഗിച്ച് രാസപ്രവര്‍ത്തനത്തിലൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് തന്മാത്രകളെ കാര്‍ബണ്‍ ആറ്റവും ഓക്സിജന്‍ ആറ്റങ്ങളുമായി വിഘടിപ്പിച്ചാണ് മോക്‌സിയുടെ ഓക്‌സിജന്‍ നിര്‍മാണം. അഞ്ച് ഗ്രാം ഓക്സിജനാണ് മോക്സി ആദ്യത്തെ തവണ ഉത്പാദിപ്പിച്ചത്. ഒരു ബഹിരാകാശയാത്രികന് പത്ത് മിനിറ്റ് സമയത്തേക്ക് ശ്വസിക്കാനുള്ള അളവാണിത്. മോക്സി മണിക്കൂറില്‍ പത്ത് ഗ്രാം ഓക്സിജന്‍ ഉത്പാദിപ്പിക്കും.

ഭൂമിയിലല്ലാതെ മറ്റൊരു ഒരു ഗ്രഹത്തില്‍ നിന്നും ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചത് ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങളെ ഉത്തേജിപ്പിക്കുന്നതാണ്. ഈ നേട്ടം ഭാവിയില്‍ ബഹിരാകാശ യാത്രികര്‍ക്ക് ഓക്സിജന്‍ ഇല്ലാതെ ഭൂമിയില്‍ നിന്നും യാത്ര പുറപ്പെടാന്‍ ധൈര്യം നല്‍കും. ബഹിരാകാശത്തെ ശ്വസനത്തിന് മാത്രമല്ല മാത്രമല്ല റോക്കറ്റ് പ്രൊപ്പല്ലന്റിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഓക്സിജന്‍ കൂടി ഭാവിയില്‍ ഉത്പാദിപ്പിക്കാനാവും എന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.