ഉമ്മന്‍ ചാണ്ടി വിടവാങ്ങി… കണ്ണീരില്‍ കുതുര്‍ന്ന യാത്രയപ്പ് നല്‍കി കേരളം.
കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവ് ജനഹൃദയങ്ങളെ കീഴടക്കിക്കൊണ്ട് തന്‍റെ ഓട്ടം പൂര്‍ത്തിയാക്കി മടങ്ങി. ജനഹൃദയങ്ങളില്‍ ജീവിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി കേരളം. രാപ്പകലില്ലാതെ ജനങ്ങൾക്കിടയിൽ ജീവിച്ചുകൊണ്ട് ഒരു രാഷ്ട്രീയ നേതാവ് എന്താകണമെന്ന് മലയാളികളെ പഠിപ്പിച്ച പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിന് ഇനി പുരാതനമായ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് വലിയ പള്ളിയില്‍ ഒരുക്കിയ പ്രത്യേക കലറയില്‍ അന്ത്യ വിശ്രമം.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്ന് ബുധനാഴ്ച രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് തന്‍റെ തട്ടകമായ കോട്ടയത്ത് എത്തിച്ചത്. അഞ്ച് ജില്ലകളിലെ ജനപ്രവാഹത്തെ മുറിച്ചുകടന്ന് രാവിലെ 11 നാണ് വിലാപയാത്ര കോട്ടയം തിരുനക്കരയിൽ എത്തിയത്. 28 മണിക്കൂറോളം നീണ്ട ആ വികാരഭരിതമായ യാത്ര ഉമ്മന്‍ ചാണ്ടിക്ക് കേരളം നല്‍കിയ സ്‌നേഹത്തിന്റെ നേര്‍സാക്ഷ്യമായി. ഉമ്മൻചാണ്ടിയെന്ന നേതാവിനെ കേരളത്തിന് സമ്മാനിച്ച കോട്ടയം, സമാനതകളില്ലാത്ത യാത്രാമൊഴിയാണ് ആ ജനനായകന് നൽകിയത്. കേരളത്തിൻ്റെ എല്ലാ ഭാഗത്തുനിന്നുമായി പതിനായിരങ്ങൾ ഒഴുകിയെത്തിയപ്പോൾ തിരുനക്കര ആൾക്കടലായി മാറി. ആചാരവെടിയും ഔദ്യോഗിക ബഹുമതിയും വേണ്ടെന്നുവച്ച നേതാവിന് ആദരമായി ആയിരക്കണക്കിന് സാധാരണക്കാര്‍ കണ്ണീർപ്പൂക്കൾ സമ്മാനിച്ചു. അധികാരത്തെ എന്നും അപരനോടുള്ള കരുതലാക്കിയ നേതാവിനെ യാത്രയാക്കാൻ രാഷ്ട്രീയ നേതാക്കളും താരങ്ങളും തിരുനക്കരയില്‍ കാത്തുനിന്നിരുന്നു. കൈനിറയെ പൂക്കളും മനസ്സ് നിറയെ ഓർമകളുമായി ഇന്നലെ മുതൽ കാത്തുനിൽക്കുകായിരുന്ന ജനക്കൂട്ടം ഒഴുകിക്കയറി. മൂന്നര മണിക്കൂർ നീണ്ട പൊതുദർശനം അധികൃതർ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കണിശതയോടെ അവസാനിപ്പിക്കുമ്പോഴും ഇരട്ടിയോളം ജനം പുറത്ത് ബാക്കിയായിരുന്നു.
പിന്നിട് സ്വന്തം ജന്മദേശമായ പുതുപ്പള്ളിയിലേക്ക്… മണ്ണ് നുള്ളിയിട്ടാൽ താഴാത്ത ജനസമുദ്രമായിരുന്നു തിരുനക്കരയിലേതുപോലെ പുതുപ്പളിയിലേക്കുള്ള വഴിയോരത്തും കാണാന്‍ കഴിഞ്ഞത്. ജനങ്ങളാല്‍ തിങ്ങിനിറഞ്ഞ വീഥിയിലൂടെ അവസാനമായി തറവാടായ കരോട്ട് വള്ളക്കാലിലേക്കെത്തിയ ഉമ്മന്‍ ചാണ്ടിയെ കുടുംബവും അണികളും നാട്ടുകാരും കണ്ണീരിലലിഞ്ഞ സ്‌നേഹ വായ്പയോടെയാണ് എതിരേറ്റത്. പുതുപ്പള്ളിയില്‍ താന്‍ ജനിച്ചു വളര്‍ന്ന് ജനസേവനം നടത്തിയ സ്വന്തം തറവാട്ടുവീട്ടിലായിരുന്നു അവസാന ശുശ്രൂഷകള്‍ ആരംഭിച്ചത്. പ്രാര്‍ത്ഥനയ്ക്ക് ശേഷം പുതിയ വീട് പണിയുന്ന സ്ഥലത്തെ പൊതുദര്‍ശനത്തിലും നിരവധി ജനങ്ങളെത്തി. പ്രാര്‍ത്ഥനാ ചടങ്ങികള്‍ക്ക് ശേഷം നേതാവിന്‍റെ മൃതദേഹം പള്ളിയിലേക്ക് കൊണ്ട് പോകുമ്പോഴും പിരിയനാവതെ ജനം ഒപ്പം നിന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഏഴരയോടെ തന്നെ പുതുപ്പള്ളി പള്ളിയിലെത്തി. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുവരുന്നത് വരെ ഒരുമണിക്കൂറോളം കാത്തിരുന്ന് വിലാപയാത്രയെ രാഹുല്‍ ഗാന്ധിയും ഭാഗബാക്കായി. എല്ലാ ഞായറാഴ്ചകളിലും ഉമ്മന്‍ ചാണ്ടി എത്തിയിരുന്ന സെന്റ് ജോർജ് പള്ളിയിൽ അദ്ദേഹത്തിന്‍റെ ഭൗതിക ശരീരമെത്തുമ്പോൾ രാത്രി ഒമ്പതോട് അടുത്തിരുന്നു. പള്ളിയങ്കണത്തില്‍ വീണ്ടും പൊതു ദര്‍ശനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ സജി ചെറിയാന്‍, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, പി. പ്രസാദ്, റോഷി അഗസ്റ്റിന്‍ തുടങ്ങിയവരടക്കം പ്രമുഖരുടെ നീണ്ടനിര പള്ളിയങ്കണത്തിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
പിന്നീട് ആര്‍ത്തലമ്പുന്ന ജനസാഗരത്തെ ശാക്ഷിയാക്കി അന്ത്യശുശ്രൂഷയുടെ അവസാന ചടങ്ങാരംഭിച്ചു. രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച ഉമ്മൻചാണ്ടിയുടെ ഭൗതീക ശരീരം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ രാത്രി 12.10 ഓടെ സംസ്കരിച്ചു. അദ്ദേഹം സ്നേഹിച്ച… അദ്ദേഹത്തെ സ്നേഹിച്ച… കേരളയീര്‍ക്ക് അദ്ദേഹം ഓര്‍മ്മയായി. അന്ത്യയാത്രക്കും അന്ത്യശുശ്രൂഷക്കും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അടക്കമുള്ള വിവിധ ക്രെെസ്തവ സഭാ മേലധ്യക്ഷന്മാരും ചടങ്ങില്‍ പങ്കെടുത്തു. 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതന്‍മാരും അന്ത്യചടങ്ങിന്റെ ഭാഗമായി.
അങ്ങനെ, ജനലക്ഷങ്ങളുടെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി ഏറ്റുവാങ്ങി ജനസേവകനായ ജനനായകന് കേരളത്തോട് വിട പറഞ്ഞു. ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവിനെ കാലമെത്ര കഴിഞ്ഞാലും ജനം മറക്കില്ലെന്നതിന് കാലം സാക്ഷിയാവുന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിടവാങ്ങല്‍.
…….

