പിണറായി വിജയൻ ഗ്ളോറിഫൈഡ് കൊടി സുനി’; – കെ.സുധാകരൻ
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ പിസി സി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഗ്ളോറിഫൈഡ് കൊടി സുനി. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോൾ സന്തോഷം തോന്നുന്ന ക്രൂര ജന്മം. മുഖ്യമന്ത്രിയെപ്പോലൊരു പൊളിറ്റിക്കൽ ക്രിമിനൽ ഇരിക്കുന്ന നിയമസഭയിൽ കൂടെ ഇരിക്കേണ്ടി വരുന്നവരെ ഓർത്തു സങ്കടം. പിണറായി ഭരിക്കുന്ന നാട്ടിലെ ജനങ്ങളുടെ അവസ്ഥയിൽ വിഷമം. തുടർഭരണം പിആർ ഏജൻസികളും കൊവിഡും അനുഗ്രഹിച്ചു നൽകിയത്. രാജ്യദ്രോഹകുറ്റാരോപണ നിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന് മറുപടി തരണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം :
എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി വിജയൻ താങ്കൾ….
മഞ്ഞമുണ്ടും നീലഷർട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കൽ രാമകൃഷ്ണൻ്റെ തലച്ചോറ് പിളർന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയൻ. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിൻ്റെ പേരിൽ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരല്ലേ പിണറായി വിജയൻ. താങ്കളെ എനിക്കറിയാവുന്ന പോലെ മറ്റാർക്കാണ് അറിയാൻ കഴിയുക!
വെട്ടേറ്റു പിടഞ്ഞ ബാബുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിക്കാത്ത മൃഗീയത മറ്റൊരു രാഷ്ട്രീയ നേതാവിലും കേരളം ഇന്നോളം കണ്ടിട്ടുണ്ടാകില്ല. സാമൂഹിക ഭ്രഷ്ട് കല്പിച്ച് ഒറ്റപ്പെടുത്തിയ ആ കുടുംബത്തിന് വേണ്ടി, അന്ന് ആ മൃതദേഹം അടക്കം ചെയ്യാൻ പോയത് കണ്ണൂരിലെ കോൺഗ്രസുകാരാണ്. ദൃക്സാക്ഷികൾ ഭയന്ന് പിൻമാറിയില്ലായിരുന്നെങ്കിൽ ഏതെങ്കിലും സെൻട്രൽ ജയിലിൽ ഉണ്ട തിന്നു കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് നിങ്ങൾ. ആ പൂർവകാല ചരിത്രം എന്നെകൊണ്ട് അധികം പറയിപ്പിക്കാതിരിക്കുന്നതാണ് താങ്കൾക്ക് നല്ലത്.
താങ്കളെപ്പോലൊരു പൊളിറ്റിക്കൽ ക്രിമിനൽ ഇരിക്കുന്ന നിയമസഭയിൽ കൂടെ ഇരിക്കേണ്ടി വരുന്നവരെ ഓർത്തു എനിക്ക് സങ്കടമുണ്ട്. താങ്കൾ ഭരിക്കുന്ന നാട്ടിലെ ജനങ്ങളുടെ അവസ്ഥയിൽ വിഷമവുമുണ്ട്. പിആർ ഏജൻസികളും കോവിഡും അനുഗ്രഹിച്ചു നൽകിയ തുടർഭരണം ഇനിയും അധിക കാലം മുന്നോട്ട് പോകാൻ നിങ്ങളെ സഹായിക്കില്ല.
പിണറായി വിജയൻ, നിങ്ങളൊരു “ഗ്ലോറിഫൈഡ് കൊടി സുനി ” മാത്രമാണ്. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോൾ സന്തോഷം തോന്നുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്ന്.
അനാഥമാക്കപ്പെട്ട ഒരുപാട് കുടുംബങ്ങളുടെ ശാപമുണ്ട് നിങ്ങൾക്ക് മേൽ. വിധവയാക്കപ്പെട്ട ഭാര്യമാർ….മക്കളെ നഷ്ടപെട്ട അമ്മമാർ…. അവരുടെയൊക്കെയും കണ്ണുനീരാണ് ഇന്ന് നിങ്ങളെ മറ്റൊരു രൂപത്തിൽ വേട്ടയാടുന്നത്. താങ്കളുടെ ചീഞ്ഞുനാറിയ രാഷ്ട്രീയ പാരമ്പര്യത്തിന്റെ കഥ പിന്നീടൊരിക്കൽ ചർച്ച ചെയ്യാം. ഇപ്പോൾ, രാജ്യദ്രോഹകുറ്റാരോപണ നിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന് മറുപടി തന്നേ തീരൂ