സജി ചെറിയാന്‍ രാജി വച്ചു; പിന്നാലെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം

Print Friendly, PDF & Email

ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് സജി ചെറിയാന്‍ കെെമാറി. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും പ്രസംഗം പൂര്‍ണരൂപം മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ധാര്‍മികതയെ കരുതി സ്വന്തം ഇഷ്ടപ്രകാരമാണ് രാജി വച്ചതെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും മന്ത്രി പറഞ്ഞു.ഭരണഘടനയോടുള്ള കൂറും വിധേയത്വവും 43 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തില്‍ പുലര്‍ത്തിയിട്ടുണ്ട്. പറഞ്ഞ വാക്കുകള്‍ തെറ്റിധാരണ പടര്‍ത്തി പ്രചരിപ്പിക്കുകയാണ്. പ്രസംഗം അടര്‍ത്തി മാറ്റിയാണ് പ്രചരിപ്പിക്കുന്നത്. ഇത് സര്‍ക്കാരിന് അവമതിപ്പുണ്ടാക്കാന്‍ ഉപയോഗിക്കുകയാണെന്നും രാജി പ്രഖ്യാപനത്തില്‍ സജി ചെറിയാന്‍ പറഞ്ഞു. ഇതിനിടെ ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് നല്‍കിയത്.

സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ സിപിഐഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു. എകെജി സെന്ററില്‍ ഇന്ന് രാവിലെ ചേര്‍ന്ന സിപിഐഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് മന്ത്രിയുടെ രാജി ഉടന്‍ വേണ്ട എന്ന നിലപാടിലായിരുന്നു. മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതു സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ധരുടെ അഭിപ്രായത്തിന്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്. കൂടാതെ രാജി വൈകും തോറും പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതല്‍ കോട്ടമുണ്ടാവും എന്ന വികാരമുയര്‍ന്നതോടെയാണ് രാജിപ്രഖ്യാപനം അനിവാര്യതയായി മാറി.