ഭരണഘടനയെ വെല്ലുവിളിച്ച് സജി ചെറിയാന്‍. രാജി ആവശ്യപ്പെട്ട് പ്രതിക്ഷേധം.
ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് രാജ്യത്ത് എഴുതിവച്ചിരിക്കുന്നത്. പറയുന്നത് മറ്റാരുമല്ല കേരള സാംസ്കാരിക ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാന്‍. ‘ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാരൻ എഴുതിവച്ചു. അത് രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയാണ് ഇതെന്ന് ഞാന്‍ പറയും. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിൽ ഉള്ളത്. മതേതരത്വം, ജനാധിപത്യം, കുന്തം കുടച്ചക്രം എന്നൊക്കെ ഭരണഘടനയില്‍ അവിടിവിടെ ഉണ്ടെന്നും സജി ചെറിയാന്‍ പറയുന്നു. പത്തനംതിട്ട മല്ലപ്പള്ളിയിൽ നൂറിന്റെ നിറവിൽ എന്ന പരിപാടിയിൽ സംസാരിക്കവേയാണ് സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്.
ഇന്ത്യന്‍ ഭരണഘടന സംബന്ധിച്ച മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ക്രിമിനല്‍ കുറ്റമാണെന്നും ആരോപിച്ച് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്. സജി ചെറിയാന്‍ രാജിവക്കണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ജനാധിപത്യത്തോടും ഭരണഘടനയോടും മുഖ്യമന്ത്രിക്ക് ആദരവുണ്ടെങ്കില്‍ ഒരുനിമിഷം വൈകാതെ സജിചെറിയാന്റെ രാജി എഴുതിവാങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആവശ്യപ്പെട്ടു. ഭരണഘടനയുടെ മഹത്വം അറിയാത്ത സജിചെറിയാന് അധികാരത്തില്‍ തുടരാനുള്ള യോഗ്യതയില്ലെന്നും കെ സുധാകരൻ പറഞ്ഞു. എന്നാല്‍, മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ താൻ ഭരണഘടനയെയല്ല വിമർശിച്ചതെന്ന് ആവർത്തിക്കുകയാണ് മന്ത്രി സജി ചെറിയാൻ. ഭരണകൂടത്തെയാണ് താൻ വിമർശിച്ചത്. മന്ത്രി മാത്രമല്ലെന്നും താൻ രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനക്ക് എതിരെ പറഞ്ഞിട്ടില്ല. കുട്ടനാടൻ ഭാഷയിലെ പ്രയോഗമാണ് നടത്തിയത്. ഈ വിവാദത്തിൽ രാജി വെക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്കും, സ്പീക്കര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വിവാദത്തിൽ മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി ഭരണഘടനാ മൂല്യം ഉയര്‍ത്തി പിടിക്കുമെന്ന് വിശ്വസിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ മന്ത്രി സജി ചെറിയാന്റെ പരാമര്‍ശങ്ങളില്‍ അബദ്ധമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കോണ്‍ഗ്രസിന് വേറെ പണിയില്ലാത്തത് കൊണ്ടാണ് സംഭവത്തെ വിവാദമാകുന്നത്. ഭരണഘടന ലംഘിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും ഇപി ജയരാജന്‍ പറഞ്ഞു. സജി ചെറിയാന്‍ കൂറു പുലര്‍ത്തി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണെന്നും ഇപി വ്യക്തമാക്കി. സജി ചെറിയാന്റെ വിവാദമായ മല്ലപ്പള്ളി പ്രസംഗം അനുചിതമെന്ന് വിലയിരുത്തി ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ. ഈ വിവാദം നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. സജി ചെറിയാന്റെ പരാമർശങ്ങൾ ഗുരുതരമെന്നും ഇത് നിയമ പോരാട്ടമായി കോടതിയിലെക്കിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വിലയിരുത്തി.
രണഘടനയെപ്പറ്റിയുള്ള വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോൺഗ്രസ് തിരുവല്ല ഡിവൈഎസ്പിക്ക് പരാതി നൽകി. Prevention of Insult to National Honor Act – 1971 പ്രകാരം കേസെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.