മണിപ്പൂരിൽ പിച്ചിച്ചീന്തപ്പെടുന്നത് സ്ത്രീകളുടെ നഗ്നമേനിയല്ല ഇന്ത്യൻ ഭരണഘടനയെ തന്നെയാണ്…?

Print Friendly, PDF & Email

മണിപ്പുർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. മണിപ്പുരിനെ സംബന്ധിച്ച വാർത്തകൾ ഇന്ന് ലോകത്തെമ്പാടുമുള്ള രാജ്യങ്ങളെപ്പോലും ഞെട്ടിച്ചിരിക്കുന്നു. മണിപ്പുരിലെ വംശഹത്യയെ അപലപിച്ചുകൊണ്ട് യൂറോപ്യൻ പാർലമെന്റ് പ്രമേയം തന്നെ പാസ്സാക്കി. ഇന്ത്യൻ ജനാധിപത്യത്തിന്റെ അത്യന്തം ദയനീയമായ പതനത്തെ കുറിച്ച് നിരവധി രാജ്യങ്ങളിലെ വാർത്താമാധ്യമങ്ങൾ കോളങ്ങൾ എഴുതിക്കൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിലാണ് മെയ് മൂന്നിന് നടന്ന കൊടുംകൊലപാതകത്തെ കുറിച്ചുള്ള വാർത്തകൾ നമ്മുടെ മുന്പിൽ എത്തിക്കൊണ്ടിരിക്കുന്നത്.

ജനക്കൂട്ടം സ്ത്രീകളെ പൂർണ്ണ നഗ്നരാക്കി ഘോഷയാത്രയായി തെരുവുകളിലൂടെ ആനയിക്കുക. എന്നിട്ടവരെ കൂട്ട ബലാൽസംഗം ചെയ്യുക, സ്ത്രീകളെ നഗ്നരാക്കി പരസ്യമായി ബലാത്സംഗം ചെയ്യുകയും അതിനെ എതിർത്ത അവരുടെ സഹോദരന്മാരെയും രക്ഷിതാക്കളെയും അവരുടെ മുന്നിൽവെച്ചുതന്നെ തല്ലിക്കൊല്ലുകയും ചെയ്യുക തുടങ്ങിയ ആധുനിക കാലത്ത് ലോകത്തെവിടെയും നടക്കാൻ സാധ്യതയില്ലാത്ത പൈശാചിക ക്രൂരതയാണ് മണിപ്പുരിൽ അരങ്ങേറിയത്. എല്ലാതരത്തിലുമുള്ള ക്രൂരതയുടെ വരമ്പുകൾ മണിപ്പുർ ലംഘിച്ചിരിക്കുകയാണ്. തലയ്ക്ക് വെടിയേറ്റ എട്ടുവയസ്സുകാരനുമായി പോയ ആംബുലൻസ് തടഞ്ഞുനിർത്തി അത് തീയിട്ട് അതിലുളളവരെ കൊല്ലുന്ന നിലയിലേക്ക് ഇന്ത്യയിലെ വംശീയ ക്രൗര്യം വളർന്നിട്ടുണ്ടെങ്കിൽ അത് ചെയ്യുന്നവരോളംതന്നെ ഉത്തരവാദികളാണ് തടയാത്തവരും.

രാജ്യമേ, ലജ്ജിച്ച് തലതാഴ്ത്തുക. കുക്കി വനിതകളെ നഗ്നരാക്കി പരേഡ് നടത്തുന്ന ആള്‍ക്കൂട്ടം

വെറും മുപ്പതുലക്ഷംപേർ മാത്രം താമസിക്കുന്ന ഒരു സാധാരണ മുനിസിപ്പൽ കോർപറേഷന്റെ മാത്രം ജനസംഖ്യയുള്ള മണിപ്പൂരിലെ മൊത്തം ജനസംഖ്യയിൽ 41.39 ശതമാനം ഹിന്ദുക്കളും 41.29 ശതമാനം ക്രിസ്ത്യാനികളും മണിപ്പൂരിൽ ആണ്. ഹിന്ദുക്കളിൽ ഭൂരിഭാ​ഗവും മെയ്തേയി ​ഗോത്രവർ​ഗ്​ഗ വിഭാഗത്തിലും ക്രൈസ്തവരിൽ സിംഹഭാഗവും കുക്കി​ഗോത്ര വർ​ഗ്​ഗ വിഭാ​ഗത്തിലും പെട്ടവരാണ്. വെറും 9 ജില്ലകൾ മാത്രമുള്ള സംസ്ഥാനത്ത് 5 ജില്ലകളിൽ കുക്കിവിഭാ​ഗം ആധിപത്യം പുലർത്തുമ്പോൾ 4 ജില്ലകൾ മെയ്തേയി വിഭാത്തിൽ പെട്ടവരും ആധിപത്യം പുലർത്തുന്നു. നാളിതുവരെ ക്രൈസ്ത ആധിപത്യത്തിലുള്ള കുക്കികളുടെ ഭരണകൂടങ്ങളായിരുന്നു മണിപ്പൂരിനെ നിയന്ത്രിച്ചിരുന്നത് എന്നത് സ്വാഭാവികം. അതുകൊണ്ടു തന്നെ മെയ്ത്തി – കുക്കി ​ഗോത്ര സംഘർഷങ്ങൾ പലപ്പോഴും ഹിന്ദു – കൃസ്തൻ മതസംഘർഷങ്ങളായി വേ​ഗത്തിൽ രൂപമാറ്റം വരുന്നു.

സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ കേസിലെ മുഖ്യ പ്രതി ഖൈറും ഹെറാദാസ്. പിന്നീട് അദ്ദേഹത്തിന്‍റെ വീട് ജനങ്ങള്‍ തകര്‍ത്ത് തീവച്ചു

ഇവിടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലേറുന്നത്. അതോടെ ഇരു ​ഗോത്ര വിഭാ​ഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന ​ഗോത്ര സംഘർഷങ്ങളെ മുതലെടുത്തുകൊണ്ട് മെയ്തേയി കുക്കി ജനവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് കുക്കി വിഭാഗത്തെ വംശഹത്യ ചെയ്യുക എന്ന നടപടിയിലേക്ക് കേന്ദ്രഭരണത്തിന്റെ പിന്തുണയുള്ള സർക്കാർ മുന്നോട്ടുപോയി എന്നുപറയുന്നത് ബിജെപിക്കല്ല ഇന്ത്യക്കാകെ അപമാനകരമാണ്. അതിനായി മണ്ണിന്റെ മക്കൾ വാദത്തിന് സമാനമായി കുക്കികൾ എല്ലാം കടന്നു കയറ്റക്കാരാണ് എന്ന നിർമ്മിതി ഉണ്ടാക്കി അവരെ ഉന്മൂലനം ചെയ്യാൻ ഭരണകൂടത്തിന്റെ പിന്തുണയോടെ താഴ്വാരത്തിലെ മെയ്തെയ്കൾ സംഘടിതമായി തയ്യാറാക്കിയ വംശീയ ഉന്മൂലന പരിപാടി ആണ് മണിപ്പൂരിൽ ഇപ്പോൾ അരങ്ങേറുന്നത്. ഇത്കേവലം ഗോത്ര വർഗ്ഗ കലഹമായി വർണ്ണിക്കുന്നത് അവിടെ നടക്കുന്ന വംശഹത്യയെ അത്യന്തം നിസ്സാരവത്കരിക്കുന്നതിന് തുല്യമാണ്.

ഇത് ആസൂത്രിതമായി സൃഷ്ടിച്ച പരിപാടി ആണ് എന്ന് പറയുന്നതിന്റെ പ്രധാന കാരണം മണിപ്പൂർ മുഖ്യമന്ത്രി ഈ കലാപത്തെ സമാധാനപൂര്‍വ്വം പരിഹരിക്കുന്നതിന് ഒന്നുംതന്നെ ചെയ്തില്ല എന്നു മാത്രമല്ല, ഈ കലാപത്തിന് നിശബ്ദ പിന്തുണ നൽകുകയും കലാപം ആളിക്കത്തിക്കാൻ വേണ്ട ഒത്താശകൾ ചെയ്തു എന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. എല്ലാവരുടെയും മുഖ്യമന്ത്രി എന്ന നിലയിൽ നിന്നും, മെയ്തേയികളുടെ ധീരനായ ശക്തിമാൻ എന്ന നിലയിലേക്ക് അദ്ദേഹം ചുരുങ്ങി. മെയ്തേയി വിഭാഗങ്ങളിലെ കലാപകാരികൾക്ക് ആയുധം അടക്കമുള്ള സംവിധാനങ്ങൾ ഒപ്പിച്ചു കൊടുക്കാൻ സർക്കാർ പിന്തുണ നൽകി എന്നത് അവിടം സന്ദർശിച്ച ആനി രാജ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും, സന്നദ്ധ പ്രവർത്തകരും, പ്രദേശവാസികളും പറഞ്ഞിട്ടുണ്ട്. മണിപ്പൂരിനെ കലാപഭൂമിയാക്കിയതിലും സമാധാനവും സൗഹാർദ്ദവും നഷ്ടമാക്കിയതിലും മെയ്തേയ്കൾ പോലും മുഖ്യമന്ത്രി ബീരേൻ സിങിനോടുള്ള അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മെയ്തികളിലെ ഭൂരിഭാഗവും, അവരിലെ തന്നെ ചില ജനപ്രതിനിധികളും മാസങ്ങൾക്ക് മുന്നേ തന്നെ ബിരേനെ സ്ഥാനഭ്രഷ്ടാനാക്കാൻ കേന്ദ്രനേതൃത്വത്തോട് അഭ്യർത്ഥിച്ചിരുന്നു. പക്ഷെ കേന്ദ്ര നേതൃത്വം കേട്ടതായി ഭാവിച്ചില്ല. പകരം ഞങ്ങൾ കുക്കികളെ പൂർണമായും തുടച്ചുനീക്കും” എന്ന് പ്രഖ്യാപിച്ച പ്രമോദ് സിങ് എന്ന ബിജെപി നേതാവിനെ സംരക്ഷിക്കുന്ന നടപടിയാണ് ബീരേൻസിങ്ങ് എടുത്തത്. ഒരു കുക്കിയുവാവിന്റെ വെട്ടിമാറ്റപ്പെട്ട തലയുമായി നടന്നുപോകുന്നത് ഒരു ബിജെപി എംഎൽഎയുടെ സെക്യൂരിറ്റി ജീവനക്കാരൻ. അദ്ദേഹത്തിന്റെ പേരിലും, പേരിനു പോലും ഒരു കേസെടുക്കാതെ സംരക്ഷിക്കുകയാണ് ബിരേൻ സിങ് സർക്കാർ.

കംപോക്പി ജില്ലയിലെ നോങ്പോക് സെക്മായി ഗ്രാമത്തിൽ പോലീസ് സംരക്ഷണയിൽ കഴിഞ്ഞ കുടുംബത്തെ ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു. തങ്ങളെ പോലീസ് അക്രമികൾക്കു വിട്ടുകൊടുക്കുകയായിരുന്നു എന്നാണ് ഇരകൾ പറഞ്ഞത്. യുവതികളിൽ ഒരാളുടെ പത്തൊമ്പതുകാരനായ സഹോദരനെ ജനക്കൂട്ടം കൊലപ്പെടുത്തിയ ശേഷമാണ് കൊടും ക്രൂരത അരങ്ങേറിയത്. ഒപ്പമുള്ള പുരുഷനെയും സംഘം കൊന്നെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് യുവതികളെ കൂട്ടമാനഭംഗം ചെയ്യുകയും ഒരു കിലോമീറ്റേളം പൂർണനഗ്നരാക്കി പരസ്യമായി പീഡിപ്പിച്ചു കൊണ്ടു ആൾക്കൂട്ട റാലി നടത്തുകയും ചെയ്തു. മനുഷ്യത്വം മരവിച്ചു പോകുന്ന കാഴ്ച. മെയ് രണ്ടിന് നടന്ന ഈ സംഭവത്തിന്റ മുകളിൽ അടയിരുന്ന ബിരേൻ സർക്കാർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വഴി പുറത്തു വന്നപ്പോൾ മാത്രമാണ് പേരിനെങ്കിലും നടപടികൾക്ക് തയ്യാറായത്. ദേശീയ വനിതാ കമ്മീഷനിലും പീഢന കഥകൾ അന്നുതന്നെ എത്തിയെങ്കിലും അവരും പരാതികൾ പരി​ഗണിച്ചില്ല. കലാപം തടങ്ങി മൂന്നു മാസം പിന്നിട്ടിട്ടും മണിപ്പൂർ വിഷയത്തിൽ നിശബ്ദത പാലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സുപ്രീം കോടതി ഇപെട്ടതോടെ മൗനത്തിന്റെ വാത്മീകത്തിൽ നിന്ന് 80ാം ദിവസം പുറത്തു കടന്നുകൊണ്ട് ചോദിച്ചത് ഇത് ചത്തീസ്ഗഢിലും രാജസ്ഥാനിലും പണ്ടേ ഉണ്ടായിട്ടില്ലേ എന്നാണ്. എത്ര ലാഘവത്തോടെയാണ് ഒരു വംശഹത്യയെ നമ്മുടെ പ്രധാനമന്ത്രി നോക്കിക്കാണുന്നത് എന്നതിന് ഇതിൽ കൂടുതൽ തെളിവുകൾ ആവശ്യമില്ല. രാജ്യം എവിടേക്കാണ് നീങ്ങുന്നത്. മോദി സർക്കാർ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത്.

2024 ലെ പൊതു തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു കൊണ്ടുള്ള കളിയാണ് മണിപ്പൂരിലെ ബിജെപി സർക്കാർ നടത്തുന്നത്. 99 ശതമാനവും ക്രൈസ്തവർ ആയ കുക്കി ​ഗോത്രവർ​ഗ്​ഗത്തെ ഉന്മൂലനം ചെയ്താൽ മണിപ്പൂരിൽ തങ്ങളുടെ ആധിപത്യം കാലാകാലത്തോളം തുടരാം എന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രി ബിരേൻ സിങ്ങും അദ്ദേഹം മെയ്ത്തി വിഭാ​ഗവും. മണിപ്പൂരിന്റെ ഭരണം പിടിച്ചെടുക്കുവാൻ ബിജെപി ഉപയോ​ഗിച്ച ഇരട്ട എഞ്ചിനുള്ള സർക്കാർ എന്ന ബിജെപിയുടെ സിദ്ധാന്തം നോർത്ത് ഈസ്റ്റ് അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെങ്കിൽ മണിപ്പൂരിന്റെ നിയന്ത്രണം തുടരേണ്ടത് ബിജെപിക്ക് അനിവാര്യവുമാണ്. എന്നാൽ കുക്കികളുടെ സ്വാധീനം മണിപ്പൂരിന്റെ സ്ഥിതി കൂടുതൽ പരിതാപകരമാക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുള്ള ബിജെപി കേന്ദ്ര നേതൃത്വം മണിപ്പൂരിനും ഒരു കോസ്മെറ്റിക് സർജറി മാത്രമാണ് നിർദേശിക്കുന്നത്. അതാണ് മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങ് വിജയകരമായി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. 2024 നു മുന്നേ പല ഇടങ്ങളിലും വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം ആണ് വ്യാപകമായി നടത്തി വരുന്നത്. അതിനായി പല ഇടങ്ങളിലും വ്യാജ സ്വത്വബോധം സൃഷ്ടിക്കുവാനുള്ള തീവ്രശ്രമമാണ് നടത്തിവരുന്നത്. വ്യാജ സ്വത്വബോധം ഉള്ള സമുദായ വാദികളും പല രാഷ്ട്രീയ പാർട്ടികളും, ആ കെണിയിൽ വീഴുന്നുമുണ്ട്. അതിന്റെ അവസാന തെളിവാണ് മണിപ്പൂർ.

മണിപ്പുർ അണയാത്ത കനലായി ഇന്ത്യയുടെ രാഷ്ട്രീയ ഗാത്രത്തിന്റെ നെറുകയിൽ പറ്റിയിരിക്കുകയാണ്. അതിന്റെ പുകച്ചിലും തീക്ഷണതയും മണിപ്പുരിനെ മാത്രമല്ല ബാധിക്കുന്നത്. രാജ്യത്തെ മൊത്തത്തിലാണ്. മണിപ്പൂരിന്റെ വിഷയം കേവലം മണിപ്പൂരിന്റേത് മാത്രമല്ല എന്ന തിരിച്ചറിവ് ആദ്യം ഉണ്ടാകണം. അത് ഇന്ത്യയുടെ വിഷയമാണ്. ജനാധിപത്യത്തിന്റെയും പൗരവകാശത്തിന്റെയും വിഷയമാണ്. അത്കേവലം കുക്കി ഗോത്രത്തിന്റെ വിഷയമല്ല. ക്രൈസ്തവസ്തരുടെ വിഷയവും അല്ല. അത്മനുഷ്യാവകാശ ധ്വംസനങ്ങളുടെ വിഷയം ആണ്. മാനവികത അല്പമെങ്കിലും ശേഷിച്ചിട്ടുള്ള എല്ലാവരും ജാതിമത ഭേദമെന്യേ, കക്ഷി രാഷ്ട്രീയ ഭേദമെന്യേ, ഭാഷാ സംസ്കാര ഭേദമെന്യേ അണിചേർന്നു പോരാടി നേടേണ്ട മനുഷ്യാവകാശമാണ്.

ചുരിക്കിപ്പറഞ്ഞാൽ മണിപ്പുരിൽ തകർന്നിരിക്കുന്നത് ക്രമസമാധാനവും നിയമവാഴ്ചയും മാത്രമല്ല ഭരണഘടന തന്നെയാണ്. കൃസ്ത്യൻ യുവതികളുടെ ന​ഗ്നമേനിയേയല്ല ഇന്ത്യൻ ഭരണഘടനയെ തന്നെയാണ് മണിപ്പുരിലെ ഭരണാധികാരികൾ പിച്ചിച്ചീന്തിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന മണിപ്പുരിൽ മരിച്ചിരിക്കുന്നു. മണിപ്പൂരിൽ, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്നും, കുക്കികൾക്ക് സ്വയം ഭരണം വേണം എന്നും ഒക്കെ പല പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അതൊക്കെ ആലോചിച്ചു തീരുമാനിക്കപ്പെടെണ്ടതാണ്. എങ്കിലും, ഇപ്പോഴത്തെ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങ് തൽസ്ഥാനത്തു നിന്ന് അടിയന്തരമായി മാറണം. കലാപകാരികൾക്ക് ആയുധപ്പുരകൾ തുറന്നുകൊടുത്ത് സർക്കാർ സ്‌പോൺസർ ചെയ്യുന്ന വംശഹത്യയെ ലോകത്തെ കുപ്രസിദ്ധമായ വംശഹത്യയുടെ പട്ടികയിലേക്ക് ചേർക്കപ്പെടുന്ന ഈ അവസരത്തിൽ ബിജെപി നേതൃത്വവും കേന്ദ്ര സർക്കാരും ഇന്ത്യയിലെ ജനങ്ങളോട് അവർക്ക് പറ്റിയ തെറ്റെന്താണെന്ന് തുറന്നു പറയണം…

Written by Francis M. J

Pravasabhumi Facebook

SuperWebTricks Loading...