ഉമ്മൻചാണ്ടി; അധികാരത്തിനുവേണ്ടി ഇടതുപക്ഷം ബലിയാടാക്കിയ നേതാവ്
പകരംവെക്കാനില്ലാത്ത നേതാവ് വിട പറയുമ്പോൾ , കേവലം അധികാര രാഷ്ട്രീയത്തിന് വേണ്ടി കള്ളത്തരങ്ങളിലൂടെ ഒരു വ്യക്തിയുടെ കുടുംബ ജീവിതത്തെപ്പോലും കളങ്കപ്പെടുത്താൻ കേരളരാഷ്ട്രീയത്തിലെ ഇടത് പാർട്ടിക്കാർ ശ്രമിച്ചിരുന്നു. അന്നും , വിമർശനങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി.
ഒരു വില്ലേജ് ഓഫീസർ ചെയ്യേണ്ട പണിയെന്തിന് മുഖ്യമന്ത്രി ചെയ്യണമെന്ന് ജനസമ്പർക്ക പരിപാടിയെ പ്രതിപക്ഷം പരിഹസിച്ചെങ്കിലും ഉമ്മൻ ചാണ്ടിക്ക് സന്ദേഹമുണ്ടായിരുന്നില്ല. കേരളത്തിന്റെ ജനകീയ നേതാവെന്ന പൊൻതൂവലണിയാൻ, ജനങ്ങളുടെ പ്രതിസന്ധികളറിയാൻ ഓരോ മനുഷ്യരിലേക്കും ഇറങ്ങിച്ചെന്ന ഉമ്മൻ ചാണ്ടിക്കല്ലാതെ മറ്റാർക്കാണ് അവകാശം. ആ രാഷ്ട്രീയ അതികായൻ വിട പറയുമ്പോൾ രാഷ്ട്രീയ കേരളത്തിന്റെ മാത്രമല്ല, ഓരോ മലയാളിയുടേയും നഷ്ടമാണ്. …..വലിയ നഷ്ടം.
ക്യാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്ന ഉമ്മന്‍ ചാണ്ടി ബെംഗളൂരു ചിന്മയ ആശുപത്രിയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായി തുടരുകയായിരുന്നു. ജനങ്ങളുമായി വളരെ അടുത്തിടപഴകുന്ന നേതാവായിട്ടാണ് ഉമ്മന്‍ ചാണ്ടിയെ കേരള രാഷ്ട്രീയം കണ്ടിട്ടുള്ളത്.
ജനസമ്പർക്ക പരിപാടികളിലൂടെ ഉമ്മൻ ചാണ്ടിയെന്ന നേതാവ് ജനങ്ങളിലേക്ക് കൂടുതലിറങ്ങിച്ചെന്നു. അവരിലൊരാളായി. അവരുടെ പ്രശ്നങ്ങൾ കേട്ടു. അവർക്ക് ആശ്വാസത്തിന്റെ പുഞ്ചിരി നൽകി. പുതുപ്പള്ളിയിൽ നിന്ന് മാത്രമാണ് ഉമ്മൻ ചാണ്ടി മത്സരിച്ചത്. 53 വർഷം ഇടവേളകളേതുമില്ലാതെ ഉമ്മൻ ചാണ്ടി നിയമസഭാംഗമായി. ഒരു തവണ പോലും തോൽവിയുടെ കൈപ്പറിയാൻ ജനങ്ങൾ അനുവദിച്ചില്ല. അത്രയ്ക്കായിരുന്നു ഉമ്മൻ ചാണ്ടിയും പുതുപ്പള്ളിക്കാരും തമ്മിലുള്ള ആത്മബന്ധം. അതേ ആഴം അദ്ദേഹം ഓരോ മലയാളിയോടും കാത്തുസൂക്ഷിച്ചു.
1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളിയിലെ കെഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം കുമരകത്താണ് ഉമ്മന്‍ ചാണ്ടി ജനിച്ചത്. പുതുപ്പള്ളി എംഡി സ്‌കൂള്‍, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, കോട്ടയം സിഎംഎസ് കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ബാലജനസഖ്യം, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ നേതൃപദവികള്‍ വഹിച്ചു. 27ാം വയസിലാണ് പുതുപ്പള്ളിയില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം സിറ്റിങ് എംഎല്‍എ ഇഎം ജോര്‍ജിനെ പരാജയപ്പെടുത്തിയായിരുന്നു തുടക്കം. തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയയായി. യുഡിഎഫ് കണ്‍വീനറായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. 2004ല്‍ ആദ്യമായി മുഖ്യമന്ത്രിയായി.
കേരള രാഷ്ട്രീയത്തില്‍ ഒട്ടേറെ കൊടുങ്കാറ്റുകള്‍ക്കിടയിലും ചിരിച്ചുകൊണ്ട് നിന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹം തുടക്കമിട്ട ജനസമ്പര്‍ക്ക പരിപാടി ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും നേരിട്ട് കേട്ട് പരിഹാരം കാണുന്ന പരിപാടിയായിരുന്നു അത്. ആരോഗ്യം പോലും അവഗണിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന അദ്ദേഹത്തിന്റെ രീതി അനുയായികള്‍ പലപ്പോഴും എടുത്തുപറഞ്ഞിരുന്നു.
കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തയാണിതെന്ന് പിസി വിഷ്ണുനാഥ് പ്രതികരിച്ചു. അദ്ദേഹമില്ലാത്ത രാഷ്ട്രീയത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല. വല്ലാത്തൊരു ശൂന്യതയാണിപ്പോള്‍. ചികില്‍സയ്ക്ക് പോകുന്ന വേളയിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം കൂടെയുണ്ടായിരുന്നു. പെട്ടെന്ന് പോയി എന്ന് പറയുമ്പോള്‍ ചിന്തിക്കാന്‍ കഴിയുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. പതിറ്റാണ്ടുകളായിട്ടുള്ള ആത്മ ബന്ധമാണ് ഉമ്മന്‍ ചാണ്ടിയുമായുള്ളതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. എത്രയോ അനുഭവങ്ങള്‍ പറയാനുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി. അതിനപ്പുറം ജനഹൃദയങ്ങള്‍ കീഴടക്കിയെ നേതാവായി. എല്ലാവര്‍ക്കും സാന്ത്വനം നല്‍കുന്ന നേതാവായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.