7000 കിലോമീറ്റര്‍ അക്രമണപരിധി നേടി അഗ്നി-V
ഉരുക്ക് ചട്ടക്കൂട് മാറ്റി ഭാരം കുറഞ്ഞ സംയോജിത വസ്തുക്കൾ ഉപയോഗിച്ച് നിര്‍മ്മിച്ച ആണവശേഷിയുള്ള അഗ്നി V ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതോടെ, 7,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാനുള്ള ശേഷി ഇന്ത്യ കൈവരിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്‍ (DRDO) ആണ് ഉരുക്കിന് പകരം സംയോജിത വസ്തുക്കൾ ഉപയോഗിച്ച് അഗ്നി V മിസൈലിന്റെ ഭാരം കുറയ്ക്കാനും അതോടെ 5000 കിലോമീറ്റര്‍ എന്ന ആക്രമണ പരിധി 7000 കിലോമീറ്ററിനു മുകളിലേക്കുയര്‍ത്താനും ഉള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത് എന്ന് പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
അരുണാചൽ പ്രദേശിലെ തവാങ് മേഖലയിൽ (എൽഎസി) യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യൻ, ചൈന സൈനികർ തമ്മിലുള്ള പുതിയ ഏറ്റുമുട്ടലിനു ദിവസങ്ങൾക്ക് ശേഷമാണ് ഏറ്റവും പുതിയ പരീക്ഷണങ്ങൾ നടക്കുന്നത്. തലസ്ഥാനമായ ബെയ്ജിംഗ് ഉൾപ്പെടെ ചൈനയുടെ ഏറ്റവും വിദൂര വടക്കൻ പ്രദേശം പോലും ഇന്ത്യയുടെ ഏറ്റവും ശക്തമായ മിസൈലായി കണക്കാക്കപ്പെടുന്ന അഗ്നി V യുടെ പരിധിയിലായതോടെ ഇന്ത്യയെ ആക്രമിക്കുവാന്‍ തക്കംപാര്‍ത്തിരിക്കുന്ന ചൈനയുടെ മുഴുവൻ ഡ്രാഗണുകളും ഇന്ത്യയുടെ കൈയ്യെത്തും ദൂരത്ത് എത്തി എന്ന വാര്‍ത്ത ചൈനയെ ഞെട്ടിച്ചിരിക്കുകയാണ്
ചൈനയുടെ കൈവശം വലിയ ആണവായുധങ്ങളും ഡോങ് ഫെങ്-41 (12,000–15,000 കി.മീ.) പോലെയുള്ള മിസൈലുകളും ഉള്ളതിനാൽ, ഏത് ഇന്ത്യൻ നഗരത്തെയും ആക്രമിക്കാൻ കഴിയും, എന്നാല്‍ അഗ്നി- V ന്‍റെ പുതിയ പതിപ്പോടെ ചൈനയുടെ ആക്രമണത്തിനെതിരെ ഇന്ത്യയ്ക്ക് ചുട്ട തിരിച്ചടി കൊടുക്കുവാനുള്ള ശേഷിയാണ് ഇതോടെ കൈവന്നിരിക്കുന്നത്.
അഗ്നി V ഒരു കാനിസ്റ്റർ-ലോഞ്ച് മിസൈൽ ആയതിനാല്‍ സുഖകരമായി കൈകാര്യം ചെയ്യുവാനും വിക്ഷേപിക്കുവാനും കഴിയും. യുദ്ധക്കപ്പലുകളില്‍ നിന്നും അന്തർവാഹിനിയിൽ നിന്നും വിക്ഷേപിക്കുന്ന ആണവ പോര്‍മുനയുള്ള ഈ ബാലിസ്റ്റിക് മിസൈൽ ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഇരട്ട ഭീഷണിക്ക് ഉചിതമായ മറുപടിയാണ്. കഴിഞ്ഞ വർഷം ഇന്ത്യ അഗ്നി-V ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചപ്പോള്‍ തന്നെ ചൈന ആശങ്ക പ്രകടിപ്പിച്ചതില്‍ നിന്ന് അവരുടെ ആശങ്ക എത്രയെന്ന് വ്യക്തമാണ്.