ലോകകപ്പില്‍ മുത്തമിട്ട് അര്‍ജന്‍റീന. ഷൂട്ടൗട്ടിലേക്ക് നീണ്ട പൊരിഞ്ഞ പോരാട്ടത്തിലൂടെ ഖത്തര്‍ ലോകകപ്പ് സമാപിച്ചു
ലോകകപ്പ് അര്‍ജന്റീനയിലേക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. 2014 ഫൈനലില്‍ നഷ്ടപ്പെട്ട കിരീടം മെസ്സിയിലൂടെ അര്‍ജന്‍റീന തിരിച്ചുപിടിച്ചു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു കളിച്ചു.21-ാം മിനുറ്റില്‍ ഡിമരിയയെ ഡെംബലെ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. 23-ാം മിനുറ്റില്‍ ലോറിസ് വലത്തോട്ട് ചാടിയപ്പോള്‍ ഇടത്തോട്ട് അനായാസം പന്ത് വലയിലാക്കി മെസി ഇ ടൂര്‍ണമെന്റിലെ തന്‍റെ ആറാം ഗോളടിച്ച് അര്‍ജന്‍റീനയെ മുന്നിലെത്തിച്ചു. 36-ാം മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ മക്കലിസ്റ്ററിന്‍റെ അസിസ്റ്റില്‍ മരിയ രണ്ടാം ഗോളും കണ്ടെത്തി. 79-ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. ബോക്‌സിനുള്ളില്‍ വെച്ച് കോലോ മുവാനിയെ ഒട്ടമെന്‍ഡി വീഴ്ത്തിയതിനെത്തുടര്‍ന്നാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. കിക്കെടുത്ത സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയ്ക്ക് തെറ്റിയില്ല. എമിലിയാനോ മാര്‍ട്ടിനസ്സിന്റെ വിരല്‍ത്തുമ്പുകളെ തലോടിക്കൊണ്ട് 80ാ മിനുറ്റില്‍ പന്ത് വലയിലെത്തി. ഈ ഗോളിന്റെ ഞെട്ടല്‍ മാറുംമുന്‍പേ ഫ്രാന്‍സ് അടുത്തവെടി പൊട്ടിച്ചു. ഇത്തവണയും എംബാപ്പെ തന്നെയാണ് ഗോളടിച്ചത്. രണ്ടു മിനിറ്റിന്‍റെ ഇടവേളയില്‍ രണ്ടു ഗോള്‍. സമയം പൂര്‍ത്തിയായപ്പോള്‍ സമനിലയില്‍ ആയതിനാല്‍ അര മണിക്കൂര്‍ എക്സ്ട്രാ ടൈം. എന്നാല്‍ 109-ാം മിനുറ്റില്‍ ലോറിസിന്‍റെ തകര്‍പ്പന്‍ സേവിനൊടുവില്‍ മെസി തന്‍റെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ 3-2ന് അര്‍ജന്‍റീന മുന്നിലെത്തി. പക്ഷേ 116-ാം മിനുറ്റില്‍ വീണ്ടും പെനാല്‍റ്റി എത്തിയപ്പോള്‍ എംബാപ്പെ ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇതോടെ എംബാപ്പെ ഹാട്രിക് തികയ്ക്കുകയും ചെയ്തു. മത്സരം 3-3ന് ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് എടുക്കാനെത്തിയത് ഇരു ടീമിലേയും ഏറ്റവും മികച്ച താരങ്ങള്‍. ആദ്യ കിക്കുകള്‍ കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും വലയിലെത്തിച്ചതോടെ 1-1. ഫ്രാന്‍സിനായുള്ള കിംഗ്‌സ്‌ലി കോമാന്‍റെ രണ്ടാം കിക്ക് എമി മാര്‍ട്ടിനസ് തടുത്തിട്ടു. പിന്നാലെ പൗലോ ഡിബാല വലകുലുക്കിയതോടെ അര്‍ജന്‍റീനയ്ക്ക് 2-1ന്‍റെ ലീഡായി. പിന്നാലെ ചൗമെനിയുടെ ഷോട്ട് പുറത്തേക്കുപോയി. അതേസമയം പരേഡെസ് ലക്ഷ്യംകണ്ടു. ഫ്രാന്‍സിന്‍റെ നാലാം കിക്ക് കോലോ മൗനി വലയിലെത്തിച്ചെങ്കിലും ഗോണ്‍സാലോ മൊണ്ടൈലിന്‍റെ ഷോട്ട് അര്‍ജന്‍റീനയ്ക്ക് 4-2ന് ലോകകപ്പ് കിരീടം സമ്മാനിച്ചു.