INDIANEWS MAIN

ഷാജൻ സ്കറിയക്കെതിരെ കേരള പോലീസ് ചുമത്തിയ കേസ് നിലനില്‍ക്കില്ല. അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

മറുനാടൻ മലയാളി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കേരള പോലീസ് ചുമത്തിയ കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. മുതിർന്ന മാധ്യമ പ്രവർത്തകൻ്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഷാജൻ സ്കറിയ നടത്തിയ പരാമർശങ്ങൾ അപകീർത്തികരമായിരിക്കാം എന്നാൽ വിവാദ പരാമർത്തിന്റെ തർജ്ജിമ താൻ വായിച്ചെന്നും , SC / ST നിയമ പ്രകാരം കേസ് എടുക്കാനുള്ള പരാമർശങ്ങൾ ഒന്നും അതിലില്ലന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം അദ്ദേഹം ശരിവച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വാക്കുകൾ നിയന്ത്രിക്കാൻ ഷാജൻ സ്കറിയയെ ഉപദേശിക്കണമെന്ന് അഭിഭാഷകരോട് ആവശ്യപ്പെട്ടു.

ഷെഡൂള്‍ഡ് വിഭാഗത്തില്‍ പെട്ട തന്നെ വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന പിവി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് ഷാജനെതിരായ കേസുകളിൽ ഒന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്സിഎസ്ടി അടോസിറ്റിപരിധിയില്‍ വരുന്ന കേസാണെന്ന് കണ്ട് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം തളളിയതോടെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വ്യാപകമായ തെരച്ചിൽ ആണ് നടത്തിയിരുന്നത്. മാധ്യമസ്ഥാപനം റെയ്ഡ് ചെയ്ത് കംപ്യൂട്ടറുകളും ക്യാമറകളും അടക്കം പിടിച്ചെടുത്തിരുന്നു. ജീവനക്കാരുടെ വീടുകളും പരിശോധന നടത്തിയ പോലീസ് അവരുടെ പേര്‍സണല്‍ കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകള്‍ വരെ പിടിച്ചെടുത്തിരുന്നു. ഷാജനെതിരായ കേസിന്‍റെ പേരിൽ മാധ്യമപ്രവർത്തകരെ വേട്ടയാടുന്ന പൊലീസ് നടപടിക്കെതിരെ കെയുഡബ്യൂജെ അടക്കം രംഗത്തെത്തിയിരുന്നു. ഇതിനിടയാണ് ഷാജന്‍ സ്കറിയ സുപ്രീം കോടതിയില്‍ നിന്ന് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടിയിരിക്കുന്നത്.

ഒളിവിൽ കഴിയുന്ന ഷാജൻ സ്കറിയയെ കണ്ടെത്താനെന്ന പേരിൽപത്തനംതിട്ടയിലെ മാധ്യമപ്രവർത്തകനായ വിശാഖന്‍റെ വീട് റെയ്ഡ് ചെയ്ത് മൊബൈൽ ഫോൺ അടക്കം പൊലീസ് പിടിച്ചെടുത്ത നടപടിയെ കേരള ഹൈക്കോടതി ഇന്ന് വിമർശിച്ചു. നിയമവിരുദ്ധമായ നടപടി ചോദ്യം ചെയ്ത് വിശാഖൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണൻ ഇടപെട്ടത്. പ്രതിയല്ലാത്ത ആളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. പിടിച്ചെടുത്തത് മാധ്യമപ്രവർത്തകന്‍റെ ഫോണാണെന്നും ക്രിമനൽ കേസ് പ്രതിയുടേതല്ലെന്നും പറഞ്ഞ കോടതി, മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാനപരമായ അവകാശമാണ് ലംഘിക്കപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. പ്രതിയല്ലാത്ത ആളെ എങ്ങനെ കസ്റ്റഡിയിൽ എടുക്കുമെന്നും ചോദിച്ച കോടതി നടപടികൾ പാലിക്കാതെ യാതൊരു കാരണവശാലും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുത് എന്ന് ഉത്തരവിട്ടു. ഇത്തരത്തിൽ എല്ലാ മാധ്യമപ്രവർത്തകരുടെയും ഫോണുകൾ പിടിച്ചെടുക്കുമോയെന്ന് സർക്കാരിനോട് ചോദിച്ച കോടതി ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു.

0