വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി പറയാത്ത ലോകായുക്ത നടപടിക്കെതിരെ ഹൈക്കോടതിയിലേക്ക്…

Print Friendly, PDF & Email

രാഷ്ട്രീയകേരളം ആകാംക്ഷയോടെ വിധി കാത്തിരിക്കുന്ന ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി പറയാത്ത ലോകായുക്ത നടപടിക്കെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുന്നു. കേസിൽ വാദം പൂർത്തിയായിട്ട് മാര്‍ച്ച് 18ന് ഒരു വർഷം പിന്നിട്ട സാഹചര്യത്തിലാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂൺ അൽ റഷീദുമാണ് വിധി പറയേണ്ടത്. വാദം പൂർത്തിയായ കേസുകളിൽ ആറുമാസത്തിനുള്ളിൽ വിധി പറയണമെന്ന സുപ്രീം കോടതിയുടെ പരാമർശത്തിൻറെ ചുവട് പിടിച്ചാണ് ലോകായുക്തക്കെതിരായ പരാതിക്കാരൻ ആർഎസ് ശശികുമാറിൻറെ നീക്കം. ലോകായുക്ത രജിസ്ട്രാർക്കെതിരായാണ് ഹൈക്കോടതിയെ സമീപിക്കുന്നത്

വൻ രാഷ്ട്രീയ കോളിളക്കമുണ്ടായ സംഭവങ്ങൾക്കിടെയാണ് കേസിൽ വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടത്. വാദത്തിനിടെ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ പലതും ലോകായുക്തയിൽ നിന്നുണ്ടായി. സർക്കാർ പണം ഇഷ്ടം പോലെ ചെലവഴിക്കാമോ എന്ന ചോദ്യം വരെ ഉയർന്നു. ഇതോടെ കേസിന്‍റെ വിധിയില്‍ അപകടം മണത്ത പിണറായി വിജയന്‍റെ സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയാൻ നിയമം വരെ കൊണ്ടുവന്നു. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ നിയമസഭ പാസ്സാക്കിയെങ്കിലും ഗവർണർ ഇതുവരെ ഒപ്പിടുവാന്‍ തയ്യാറാകാത്തതിനാല്‍ മാത്രമാണ് നിയമം പ്രാബല്യത്തില്‍ വരാതിരിക്കുന്നത്.

ലോകായുക്ത പതിനാലാം വകുപ്പ് പ്രകാരം വിധി എതിരായാൽ മുഖ്യമന്ത്രിക്ക് സ്ഥാനമൊഴിയേണ്ട സ്ഥിതിയാണ്. നേരത്തെ കെടി ജലീലിന് മന്ത്രിസ്ഥാനം പോയത് ഈ വകുപ്പ് പ്രകാരമായിരുന്നു. ഈ 14-ാം വകുപ്പ് ഭേദഗേതി ചെയ്താണ് സർക്കാർ ബിൽ കൊണ്ടുവന്നത്. മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭക്കും മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും പുനപരിശോധിക്കാൻ വ്യവസ്ഥയുള്ള ബിൽ കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് പാസ്സാക്കിയത്.

അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻറെ മക്കളുടെ വിദ്യാഭ്യാസചെലവിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ കെ.കെ.രാമചന്ദ്രൻറെ മകന് ജോലിക്ക് പുറമെ സ്വർണ്ണപണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പക്കുമായി എട്ടര ലക്ഷവും കോടിയേരി ബാലകൃഷ്ണൻറെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ ഭാര്യക്ക് 20 ലക്ഷവും ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചതിലായിരുന്നു പരാതി.

ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍കക്ഷിയായുള്ള പരാതിയില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറയാത്തത് മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഡീല്‍ ഉള്ളതുകൊണ്ടാണോയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ചോദിച്ചു. ലോകായുക്ത നീതിബോധത്തോടെ വിധി പ്രസ്താവിച്ചാല്‍ പിണറായി വിജയന്റെ മുഖ്യമന്ത്രിക്കസേര തെറിക്കുമെന്ന് ഉറപ്പാണ്. ജലീലിന്‍റെ കേസില്‍ അത് കണ്ടതാണ്. ഇത് തിരിച്ചറി‌ഞ്ഞ് ഭയന്നാണ് ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം ഭേദഗതി ചെയ്ത് ലോകായുക്ത വിധിപ്രകാരം പൊതുസേവകന്റെ പദവി ആ നിമിഷം തെറിക്കുമെന്ന വ്യവസ്ഥ ഇല്ലാതാക്കിയതെന്ന് സുധാകരന് പറഞ്ഞു. ലോകായുക്തയെ വന്ധീകരിച്ച ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍ ഒക്ടോബര്‍ മുതല്‍ ഗവര്‍ണറുടെ മുന്നിലുണ്ടെങ്കിലും അദ്ദേഹവും അതിന്മേല്‍ അടയിരിക്കുന്നു. മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഒത്തുകളിച്ചപ്പോള്‍ തിരുത്തല്‍ശക്തിയായി മാറേണ്ട ഗവര്‍ണര്‍ അവരോടൊപ്പം ചേര്‍ന്നത് ബിജെപി- സിപിഎം ഇടയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ധാരണയുടെ ഫലമാണ്. ലോകായുക്തയുടെ പല്ലും നഖവും അടിച്ചുകൊഴിക്കുന്നത് കണ്‍മുമ്പില്‍ കണ്ടിട്ടും ചെറുവിരല്‍ പോലും അനക്കാന്‍ ശക്തിയില്ലാത്ത കേരള ലോകായുക്ത, ഭരണകക്ഷി എംഎല്‍എയുടെ വീട്ടില്‍ കയറിവരെ റെയ്ഡ് നടത്തി കോടികളുടെ കൈക്കൂലിപ്പണം പിടിച്ചെടുക്കുന്ന കര്‍ണാടക ലോകായുക്തയെ കണ്ടുപഠിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.