മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ്

Print Friendly, PDF & Email

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ 2019 ഏപ്രില്‍ 13ന്കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിന്‍റെ പേരില്‍ ഗുജറാത്തില്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ കുറ്റക്കാരനാണെന്നാണ് സൂറത്ത് സിജെഎം കോടതി ശിക്ഷ വിധിച്ചത്.

‘നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി… ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ്? എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു? ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും’. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ഗാന്ധി നടത്തിയ ഈ പരാമര്‍ശമാണ് അദ്ദേഹത്തിന് വിനയായത്. നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദി, എന്നിവരുടെയെല്ലാം പേരിനൊപ്പം പ്രധാനമന്ത്രിയുടെ പേരിനൊപ്പം മോദി എന്ന പേര് വന്നത് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിയും കള്ളനാണെന്ന് വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരിഹാസം. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്.

മാനനഷ്ടക്കേസിൽ രണ്ട് വര്‍ഷം തടവ് എന്ന പരമാവധി ശിക്ഷ കിട്ടിയതോടെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വവും അനിശ്ചിതത്വത്തിലായി. ക്രിമിനൽ കേസുകളില്‍ രണ്ട് വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്ന വ്യവസ്ഥ. എന്നാല്‍ ബലാത്സംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരും. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. അപ്പീൽ നൽകുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേയ്ക്ക് കോടതി തന്നെ മരവിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ അപ്പീല്‍ കോടതിയുടെ വിധി വരുന്നതുവരെ പാര്‍ലിമെന്‍റഗത്വം നഷ്ടമാകില്ല. അപ്പീൽ പരിഗണിക്കുമ്പോൾ സിജെഎം കോടതി വിധി ഹൈക്കോടതി പൂർണ്ണമായും സ്റ്റേ ചെയ്യണം. ശിക്ഷ മാത്രം സ്റ്റേ ചെയ്താലും അയോഗ്യത നിലവിൽ വരും. അതിനാൽ മേൽക്കോടതികൾ എടുക്കുന്ന നിലപാട് രാഹുലിന് നിർണ്ണായകമാവുകയാണ്.