രാജിക്ക് തയ്യാറല്ല! സുപ്രിം കോടതിയിലേക്ക്!!
തിരുവനന്തപുരം: കലക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് തിരിച്ചടി. തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് തോമസ് ചാണ്ടിക്കു നേരിടേണ്ടി വന്നത്.
സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മന്ത്രിതന്നെ കോടതിയില്‍ ഹരജി നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നു കോടതി വിമര്‍ശിച്ചു. കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുള്ള മന്ത്രിയുടെ ഹരജി നിലനില്‍ക്കുമോ എന്നു സംശയം പ്രകടിപ്പിച്ച കോടതി മന്ത്രിസഭാ തീരുമാനത്തെ മന്ത്രിക്ക് ചോദ്യം ചെയ്യാനാകുമോയെന്നു ചോദിച്ചു. കലക്ടറുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം നീക്കാനാണ് ആവശ്യമെങ്കില്‍ കലക്ടറെ സമീപിച്ചാല്‍ പോരേ. സര്‍ക്കാറിനേയും ചീഫ് സെക്രട്ടറിയയേയും എതിര്‍കക്ഷിയാക്കി എങ്ങിനെ മന്ത്രിക്കു ഹരജി നല്‍കാനാകുമെന്നും കോടതി ചോദിച്ചു. ലോകത്തൊരിടത്തും ഇങ്ങനെ കേട്ടുകേള്‍വിയില്ലെന്നും കോടതി പറഞ്ഞു. കോടതിയില്‍ മന്ത്രിക്കെതിരേ നിലപാടെടുത്ത സര്‍ക്കാര്‍, കുട്ടനാട്ടിലെ റിസോര്‍ട്ട് ഭൂമി നികത്തിയതില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇതോടെ കോടതി സര്‍ക്കാറിനെതിരേ തിരിഞ്ഞു. തോമസ് ചാണ്ടിയുടെ ഹരജിയില്‍ സര്‍ക്കാറാണ് എതിര്‍ കക്ഷി. മന്ത്രിക്കു മുഖ്യമന്ത്രിയിലും സര്‍ക്കാറിലും വിശ്വാസം നഷ്ടപ്പെട്ടു. സര്‍ക്കാറിനു കൂട്ടുത്തരവാദിത്വമില്ലേയെന്നും ഹരജി തള്ളിക്കൊണ്ടു കോടതി ചോദിച്ചു.
ഹരജി പിന്‍വലിക്കുന്നുണ്ടോ എന്നു മന്ത്രിയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. എന്നാല്‍ ഇല്ലെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. ഇതോടെ കോടതി വീണ്ടും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ദന്തഗോപുരത്തില്‍നിന്നു മന്ത്രി ഇറങ്ങിവരണമെന്നു കോടതി പറഞ്ഞു. സാധാരണക്കാരനെ പോലെ നിയമത്തെ മാനിച്ച് പ്രവര്‍ത്തിക്കണം. കോടതിയെ സമീപിച്ചു തല്‍സ്ഥാനത്തു തുടരാനാണ് മന്ത്രി ശ്രമിക്കുന്നത്. ഇതു മന്ത്രിക്ക് അയോഗ്യത കല്‍പിക്കാന്‍ മതിയായ കാരണമാണ്. മന്ത്രിക്കെതിരെ സര്‍ക്കാരിനു നിലപാടെടുക്കാനാകുമോ എന്നും കോടതി വിമര്‍ശിച്ചു.
മുഖ്യമന്ത്രി പറഞ്ഞാല്‍ മാത്രേേമ രാജിവക്കുകയുള്ളന്നു പറഞ്ഞ തോമസ് ചാണ്ടി ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായ സുപ്രിം കോടതിയെ സമീപിക്കുന്നതിന് തയ്യാറെടുക്കുകയാണ്.