മുഖം മിനുക്കി ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി
കര്‍ണാടകയില്‍ ദിവസങ്ങൾ നീണ്ട സസ്പെൻസിനും ചര്‍ച്ചകളുടെ പരമ്പരയ്ക്കുമൊടുവിൽ ആർഎസ്എസുമായി കൂടിയാലോചിച്ച് ബിജെപി ചൊവ്വാഴ്ച രാത്രി 189 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. പട്ടികയിൽ നിരവധി പുതിയ പേരുകൾ ഉണ്ടെങ്കിലും, ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല, കൂടാതെ ബിജെപി ശക്തികേന്ദ്രങ്ങളയ നോർത്ത്, സെൻട്രൽ, ബെംഗളൂരു സിറ്റി, തീരദേശ കർണാടകയുടെ ചില ഭാഗങ്ങളിൽ തുടങ്ങിയ ഇടങ്ങളിലെല്ലാം മാറ്റങ്ങളില്ലാതെ മിക്ക സിറ്റിംഗ് എംഎൽഎമാരും തുടരുകയാണ്.
ആദ്യ പട്ടികയിൽ ഒമ്പത് സിറ്റിങ് എംഎൽഎമാർക്ക് മാത്രമാണ് ടിക്കറ്റ് നിഷേധിച്ചത്. പാർട്ടിയിലെ മുതിർന്ന നേതാക്കളായ കെഎസ് ഈശ്വരപ്പയോടും ജഗദീഷ് ഷെട്ടറിനോടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറിനില്‍ക്കാന്‍ നിർദേശം നൽകിയിട്ടുണ്ട്. പാർട്ടി നേതാവായ ബിഎസ് യെദ്യൂരപ്പ വിരമിക്കൽ പ്രഖ്യാപിച്ച് മത്സരത്തിൽ നിന്ന് വിട്ടുനിന്നു. മകൻ ബി വൈ വിജയേന്ദ്രയ്ക്ക് ആണ് അദ്ദേഹത്തിന്റെ സീറ്റായ ശിക്കാരിപുരയിൽ ടിക്കറ്റ് നൽകിയിരിക്കുന്നത്. സോമണ്ണയെ ചാമരാജനഗറിലും അശോകനെ സ്വന്തം മണ്ഡലമായ ബംഗളൂരുവിലെ പത്മനാഭനഗറിലും മത്സരിക്കാൻ അനുവദിച്ചതിലൂടെ ബിജെപി അവരുടെ സീറ്റുകള്‍ സുരക്ഷിതമാക്കി. ഇതുവഴി കർണാടകയിലെ രണ്ട് മുൻനിര കോൺഗ്രസ് നേതാക്കളായ സിദ്ധാമാമയ്യയേയും കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാറിനെയും നേരിടാന്‍ തങ്ങൾക്ക് വലിയ പേരുകളില്ലെന്ന് ബിജെപി പരോക്ഷമായി സമ്മതിച്ചിരിക്കുകയാണ്.
അമ്പരപ്പുകളും പുതിയ പേരുകളും നിറഞ്ഞ പട്ടികയാണ് പാർട്ടി അണികളും നേതാക്കളും പ്രതീക്ഷിച്ചത്. എന്നാൽ അവിടെയും ഇവിടെയും ചില സൗന്ദര്യവർദ്ധക മാറ്റങ്ങള്‍ വരുത്തിയതല്ലാതെ വലിയ മാറ്റങ്ങളൊന്നും വരുത്തുവാന്‍ വിജെപിക്ക് കഴിഞ്ഞില്ല. 52 പുതുമുഖങ്ങളെ മത്സരിപ്പിക്കുമെന്ന് പാർട്ടി വീമ്പിളക്കുന്നുണ്ടെങ്കിലും, മിക്കവരും കോൺഗ്രസിന്റെയും ജെഡിഎസിന്റെയും ശക്തികേന്ദ്രമായ ഓൾഡ് മൈസൂർ മേഖലയിൽ ആണ് മത്സരിപ്പിക്കുന്നത്. അവിടെ ബിജെപി മൂന്നാം സ്ഥാനത്താണ്.
ബിബിഎംപി പരിധിയിൽ 28 സീറ്റുകളും പ്രാന്തപ്രദേശത്ത് നാല് സീറ്റുകളുമുള്ള ബെംഗളൂരു നഗരത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ ബിജെപി സുരക്ഷിതമായി കളിച്ചു. മിക്കവാറും എല്ലാ സിറ്റിങ് എംഎൽഎമാരുടേയും സറ്റുകള്‍ നിലനിര്‍ത്തി. മഹാദേവപുര സംവരണ സീറ്റിൽ നിന്നുള്ള അരവിന്ദ് ലിംബാവലിയുടെ പേര് ആദ്യ പട്ടികയിൽ ഇല്ല. ആം ആദ്മി പാർട്ടിയിൽ നിന്ന് (എഎപി) അടുത്തിടെ പാർട്ടിയിൽ ചേർന്ന ബെംഗളൂരു മുൻ പോലീസ് കമ്മീഷണർ ഭാസ്‌കർ റാവുവിനാണ് ചാമരാജ്പേട്ടിൽ നിന്ന് ടിക്കറ്റ് ലഭിച്ചത്. പാർട്ടിയുടെ മുതിർന്ന നേതാവ് എസ് സുരേഷ് കുമാറിന് രാജാജിനഗർ മണ്ഡലത്തിൽ നിന്ന് സ്ഥാനാർത്ഥിത്വം ഉറപ്പാക്കാൻ കഴിഞ്ഞു.

