KERALANEWS MAIN

അവസാനം മധുവിന് നീതി. 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി.

അവസാനം മധുവിന് നീതി. അട്ടപ്പാടി മധു കൊലക്കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. 13 പേർക്കെതിരെ നരഹത്യക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.

കുറ്റക്കാർക്കുള്ള ശിക്ഷാ വിധി നാളെയാണ്. 16 ആം പ്രതി മുനീറിനെതിരെ തെളിഞ്ഞത് ബലപ്രയോ​ഗം മാത്രം. ഇയാൾക്കെതിരെ ഐപിസി 352 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 3 മാസം വരെ തടവും 500 രൂപ പിഴയും ചുമത്താവുന്ന കുറ്റമാണ് ഇത്. മണ്ണാർക്കാട് എസ് സി എസ് റ്റി കോടതിയാണ് കേരള മനസാക്ഷിയെ നടുക്കിയ കേസിന്‍റെ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയും കോടതി വെറുതെ വിട്ടു

2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളുണ്ട്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ മധുവിന്റെ ബന്ധുവടക്കം 24 പേർ കൂറ് മാറി. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. രഹസ്യമൊഴി നൽകിയവർ വരെ കൂറുമാറി. സാക്ഷികളുടെ കൂറുമാറ്റം തടയുവാനായി ഒടുവിൽ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു.