“ഝൂട്.. ഝൂട്.. ഝൂട്.. സബ് ഝൂട് ഹൈ” ആരാണ് പച്ചക്കള്ളങ്ങള്‍ വിളിച്ചു പറയുന്നത് പ്രധാനമന്തീ…???
“ഝൂട്.. ഝൂട്.. ഝൂട്.. സബ് ഝൂട് ഹൈ”.. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ വിശാലമായ നെഞ്ചത്ത് കൈവച്ച് ആത്മാർത്ഥത തുളുമ്പുന്നു എന്നു തോന്നിപ്പിക്കും വണ്ണം നാട്യം കലർന്ന സ്വതസിദ്ധമായ ശൈലിയില്‍ രാംലീലാമൈദാനിൽ അലറിവിളിച്ചത് ഇങ്ങനെയായിരുന്നു!. “രാജ്യത്ത് ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ അഥവ തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കുന്നു എന്ന് ചിലര്‍ പറയുന്നു അത് കള്ളമാണ്… കള്ളമാണ്… പച്ചക്കള്ളമാണ്”. ആരാണ് പച്ചക്കള്ളങ്ങള്‍ വിളിച്ചു പറയുന്നത് പ്രധാനമന്തീ…???. താങ്കള്‍ക്ക് ജനങ്ങളോട് യാതൊരു ഉളുപ്പുമില്ലാതെ – ഇങ്ങനെ പച്ചക്കള്ളങ്ങള്‍ വിളിച്ചു പറയുവാന്‍ – എങ്ങനെ കഴിയുന്നു…!!!.
കഴിഞ്ഞ ജൂലൈ മാസം 2-ാം തീയതി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോകസഭയില്‍ പറഞ്ഞത് എന്താണെന്ന് പ്രധാന മന്ത്രി അറിയാഞ്ഞിട്ടാണോ അതോ പ്രധാനമന്ത്രി അറിവില്ലാത്തവനായതിനാലാണോ ഇങ്ങനെ പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് സംശയം.
രാജ്യത്ത് തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കാലാകാലങ്ങളിൽ നിർദേശം നൽകിയിട്ടുണ്ടെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചത്. നിലവിൽ ആറ് തടങ്കൽ കേന്ദ്രങ്ങൾ അസമിലുണ്ട്. നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻആർസി) അന്തിമപ്രസിദ്ധീകരണത്തിന് മുമ്പായി ചുരുങ്ങിയത് 10 അഭയാര്‍ത്ഥി ക്യാന്പുകള്‍ കൂടി ആസാമില്‍ സ്ഥാപിക്കും എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അതു മാത്രമല്ല അദ്ദേഹം ലോകസഭയെ അറിയിച്ചത്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കുന്നതിനായി ഒരു മാനുവൽ തയ്യാറാക്കിയിട്ടുണ്ടെന്നും അവ എല്ലാ സംസ്ഥാനങ്ങള്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം ലോകസഭയെ അറിയിച്ചു.
1946 ലെ വിദേശികളുടെ നിയമത്തിലെ സെക്ഷൻ 3 (2) (സി) പ്രകാരം അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികളെ നാടുകടത്താൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 258 (1) പ്രകാരവും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണാധികാരികൾക്കായി ആർട്ടിക്കിൾ 239 (1) പ്രകാരവും ഈ അധികാരങ്ങൾ സംസ്ഥാന സർക്കാരുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ നിയമത്തിന്‍റെ മറപിടിച്ചാണ് ആഭ്യന്ത മന്ത്രാലയം പൗരന്മാരല്ലാത്തവരെ പാർപ്പിക്കാനായി തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആസാമിലെ ആറ് തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന കുടുംബങ്ങളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടാൻ 2018 സെപ്റ്റംബർ 20 ന് ആക്ടിവിസ്റ്റ് ഹർഷ് മന്ദർ സുപ്രീം കോടതിയിൽ ഒരു ഹരജി നൽകി. വിദേശികളായി പ്രഖ്യാപിക്കപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളെ പരസ്പരം വേർതിരിച്ച ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 2018 നവംബർ 5 ന് വിദേശ പൗരന്മാരെ രാജ്യത്തുടനീളമുള്ള തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിക്കുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.
പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതോടെ പൗരത്വം നഷ്ടപ്പെടുന്ന അഭയാര്‍ത്ഥികള്‍ ആകുന്നവരെ പാര്‍പ്പിക്കാനായി തടങ്കല്‍ പാളയങ്ങളില്ല എന്ന പ്രധാനമന്തി നരേന്ദ്രമോദയുടെ അവകാശവാദം പച്ചക്കള്ളമാണെന്നതിന്‍റെ തെളിവാണ് ആസാമിന്‍റെ തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്ന് 150 കിലോമീറ്റർ പടിഞ്ഞാറ്, ഗോൽപാറ ജില്ലയിലെ മാറ്റിയയില്‍ അതിവേഗം പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന രാജ്യത്തെ ആദ്യത്തെ ബൃഹ്ത് തടങ്കല്‍ പാളയം. 3,000 പേർക്ക് താമസിക്കാനാകും വിധം 46 കോടി രൂപ ചിലവിട്ട് ഏഴ് ഫൂട്ട്ബോള്‍ ഗ്രൗണ്ടിന്‍റെ വലുപ്പത്തില്‍ 2.5 ഹെക്ടർ സ്ഥലത്ത് ആണ് രാജ്യത്തെ ആദ്യത്തെ പൂര്‍ണ്ണ രീതിയിലുള്ള തടങ്കല്‍ പാളയം നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. തടവുകാരെ പാർപ്പിക്കാൻ 15 നാല് നില കെട്ടിടങ്ങളുണ്ടാകും. ആശുപത്രി, ഓഡിറ്റോറിയം, ഒരു പൊതു അടുക്കള, 180 ടോയ്‌ലറ്റുകൾ, വാഷ്‌റൂമുകൾ എന്നിവയും ഇവിടെ ഉണ്ടാകും. തടങ്കൽ കേന്ദ്രത്തിന് തൊട്ടപ്പുറത്ത് ഒരു പ്രൈമറി സ്കൂളും ഉണ്ടാകും. ചുവന്ന ചായം പൂശിയ അതിർത്തി മതിൽ ക്യാമ്പിനെ വലയം ചെയ്യുന്നു, പുറം മതിൽ 20 അടി ഉയരമായിരിക്കും പുറം മതിലിന് ഉണ്ടാവുക, ആറടി ഉയത്തില്‍ അകത്ത് മറ്റൊരു മതില്‍ കൂടി വിഭാവനം ചെയ്തിരിക്കുന്നു. തടങ്കൽ കേന്ദ്രത്തിൽ വാച്ച് ടവറുകളും ഉണ്ടാകും. നുഴഞ്ഞുകയറ്റക്കാരനായി ആരോപിച്ച് അകത്താക്കിയ ഒരാള്‍ക്ക് ഒരു കാരണവശാലും പുറത്തുരാന്‍ കഴില്ല എന്ന് സാരം.

എന്നാൽ ഗോൾപാറ തടങ്കൽ കേന്ദ്രം ഒരു സാധാരണ ജയിലിനെപ്പോലെ കർശനമായിരിക്കില്ലെന്ന് ചൂണ്ടിക്കാണിക്കാനാണ് ഉദ്യോഗസ്ഥർ വ്യഗ്രതപ്പെടുന്നത്. കുടുംബത്തെ അടര്‍ത്തി മാറ്റി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വെവ്വേറയായി നാലോ അഞ്ചോ തടവുകാരെ പാർപ്പിക്കാൻ ഹോസ്റ്റൽ തരത്തിലുള്ള മുറികളുണ്ടാകുമെന്ന് അസമിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നെ പറയുന്നു. മുറികളിൽ പതിവായി വാതിലുകൾ, ശരിയായ വിളക്കുകൾ, വായുസഞ്ചാരം എന്നിവ ഉണ്ടായിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മെഗാ ഡിറ്റൻഷൻ സെന്ററിന്റെ നിർമ്മാണ പദ്ധതിക്ക്, 46 കോടി രൂപയാണ് കഴിഞ്ഞ വർഷം ആരംഭിച്ചത്. അസം പോലീസ് ഹൗസിങ് കോർപ്പറേഷൻ ലിമിറ്റഡാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതിനാല്‍ തന്നെ നിര്‍മ്മാണ മേഖലയിലേക്ക് സാധാരണക്കാര്‍ക്ക് പ്രവേശനം നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്.
കുട്ടികളും മുലയൂട്ടുന്ന അമ്മമാരുമുള്ള സ്ത്രീകൾക്ക് തടങ്കൽ കേന്ദ്രത്തിനുള്ളിൽ പ്രത്യേക പരിചരണ സൗകര്യം ലഭിക്കും. എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. സ്ത്രീകൾ / മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും പ്രത്യേക ശ്രദ്ധ നൽകണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി ജൂലൈയിൽ പാർലമെന്റിൽ പറഞ്ഞിരുന്ന കാര്യം ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് അടുത്തുള്ള പ്രാദേശിക സ്കൂളുകളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
തടങ്കൽ കേന്ദ്രത്തിൽ വാച്ച് ടവറുകളും ഉണ്ടെങ്കിലും സാധാരണ ജയിൽ പോലെ കർക്കശമാകില്ലെന്ന് അധികൃതർ പറഞ്ഞതായി പ്രശസ്ത വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആസാമില്‍ തന്നെ പത്തോളം തടങ്കല്‍ പാളയങ്ങള്‍ക്കാണ് സര്‍ക്കാര്‍ രൂപം കൊടുത്തിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ചുരുങ്ങിയത് ഒരു തടങ്കല്‍ പാളയം എങ്കിലും സ്ഥാപിക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. നിര്‍ദ്ദേശം മാനിച്ച് ബെംഗളൂരുവിനടുത്ത് നിലമംഗലയില്‍ തടങ്കല്‍ പാളയും സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായതായി അറിയുന്നു
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണന്നിരിക്കെയാണ് രാജ്യത്ത് തടങ്കല്‍ പാളയം എന്നത് പച്ചക്കള്ളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചങ്കിലടിച്ച് ആവര്‍ത്തിച്ച് താന്‍ കിങ് ലയര്‍ ആണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.