INDIANEWS MAIN

പാഠ്യപദ്ധതികള്‍ പരിഷ്‌കരിച്ച് എന്‍സിഇആര്‍ടി; സിലബസില്‍ നിന്നും മുഗള്‍ ചരിത്രം ഒഴിവാക്കി.

പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കി എന്‍സിഇആര്‍ടി(National Council of Educational Research and Training) 12ാം ക്ലാസിന്റെ ചരിത്ര പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ നീക്കം ചെയ്തത്. സിബിഎസ്ഇ, യുപി ഉള്‍പ്പെടെയുള്ള എല്ലാ ബോര്‍ഡുകളുടെയും എന്‍സിഇആര്‍ടി പിന്തുടരുന്ന മറ്റ് സംസ്ഥാന ബോര്‍ഡുകളുടെയും സിലബസില്‍ ഇനി മുതല്‍ മാറ്റമുണ്ടാകും.2023-24 അധ്യായന വര്‍ഷത്തേക്കുള്ള സിലബസാണ് പരിഷ്‌കരിച്ചത്. പുതുക്കിയ പാഠ്യപദ്ധതിയില്‍, രാജാക്കന്മാരും ദിനവൃത്താന്തങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ട അധ്യായങ്ങളും വിഷയങ്ങളുമാണ് എന്‍സിആര്‍ടി നീക്കം ചെയ്തത്

10, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ. എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ സ്കൂളുകൾക്കും അടുത്ത അധ്യയനവർഷംമുതൽ മാറ്റം ബാധകമായിരിക്കും. കേന്ദ്ര സർക്കാർ ചരിത്ര വിഷയത്തിനൊപ്പം 12-ാം ക്ലാസിലെ സിവിക്‌സ് പുസ്തകവും പരിഷ്‌കരിച്ചിട്ടുണ്ട്.

പന്ത്രണ്ടാംക്ലാസിലെ ചരിത്രപാഠപുസ്തകം ‘തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി’- പാർട്ട് രണ്ടിലെ മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങൾ നീക്കി. ‘കിങ്‌സ് ആൻഡ് ക്രോണിക്കിൾസ്’; ‘ദി മുഗൾ കോർട്ട്‌സ്’ എന്നീ അധ്യായങ്ങളാണ് ഒഴിവാക്കിയത്. പന്ത്രണ്ടാംക്ലാസിലെ പൗരധർമം പുസ്തകവും പരിഷ്‌കരിച്ചു.

‘അമേരിക്കൻ ഹെജിമണി ഇൻ വേൾഡ് പൊളിറ്റിക്സ്’, ‘കോൾഡ് വാർ ഇറ’ എന്നീ രണ്ട് അധ്യായങ്ങൾ നീക്കി. പന്ത്രണ്ടാം ക്ലാസിലെ ‘ഇന്ത്യൻ പൊളിറ്റിക്സ് ആഫ്റ്റർ ഇൻഡിപെൻഡൻസ് എന്ന പുസ്തകത്തിൽനിന്ന് ‘റൈസ് ഓഫ് പോപ്പുലർ മൂവ്‌മെന്റ്‌സ്, ‘ഇറ ഓഫ് വൺ പാർട്ടി ഡോമിനൻസ്’ എന്നീ രണ്ട് അധ്യായങ്ങളും ഒഴിവാക്കി. ഹിന്ദി പുസ്തകങ്ങളിൽ നിന്ന്‌ ചില കവിതകളും ഖണ്ഡികകളും നീക്കി. പത്താംക്ളാസിലെ ‘ഡെമോക്രാറ്റിക് പൊളിറ്റിക്‌സ്’ പുസ്തകത്തിൽനിന്ന് ‘ഡെമോക്രസി ആൻഡ് ഡൈവേഴ്‌സിറ്റി’, ‘പോപ്പുലർ സ്ട്രഗിൾസ് ആൻഡ് മൂവ്‌മെന്റ്‌സ്’, ‘ചാലഞ്ചസ് ഓഫ് ഡെമോക്രസി’ എന്നീ അധ്യായങ്ങൾ നീക്കി. ‘തീംസ് ഇൻ വേൾഡ് ഹിസ്റ്ററി’ എന്ന പതിനൊന്നാം ക്ലാസിലെ പുസ്തകത്തിൽനിന്ന് ‘സെൻട്രൽ ഇസ്‌ലാമിക് ലാൻഡ്‌സ്’, ‘ക്ലാഷ് ഓഫ് കൾച്ചേഴ്‌സ്’, ‘ഇൻഡസ്ട്രിയൽ റെവലൂഷൻ’ തുടങ്ങിയ അധ്യായങ്ങളും ഒഴിവാക്കി.

ഇന്ത്യാ ഗവൺമെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT). ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും വിദ്യാഭ്യാസ ഗവേഷണത്തിലും പ്രയോഗത്തിലും ശാസ്ത്രീയവും അനുഭവപരവുമായ രീതികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയുമാണ്എന്‍സിഇആര്‍ടി യുടെ പ്രധാന ലക്ഷ്യം. ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പാഠപുസ്തകങ്ങൾ, വിദ്യാഭ്യാസ സാമഗ്രികൾ, ഗവേഷണ പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ വികസനത്തിനും പ്രസിദ്ധീകരണത്തിനും ഉത്തരവാദിത്തം എന്‍സിഇആര്‍ടിക്കാണുള്ളത്. അവര്‍ അദ്ധ്യായന സിലബസ്സുകളിലും പാഠപുസ്തകങ്ങളിലും ഗവേഷണം നടത്തുകയും അധ്യാപകർക്കും വിദ്യാഭ്യാസ നയരൂപകർത്താക്കൾക്കും അവരുടെ പ്രൊഫഷണൽ വികസനത്തിനു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നൽകുകയും ചെയ്യുന്നു.