ദക്ഷിണേന്ത്യയിലെ ആദ്യ തടങ്കല്‍ പാളയം ബെംഗളൂരുവില്‍ പ്രവര്‍ത്തന സജ്ജം.
രാജ്യത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍ ഒന്നും ഇല്ല എന്ന് പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നതിനിടെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ തടങ്കല്‍ കേന്ദ്രം ബെംഗളൂരുവില്‍ തയ്യാര്‍. ബെംഗളൂരുവിൽനിന്ന് 40 കിലോമീറ്റർ അകലെ നെലമംഗലക്കടുത്ത് സൊന്തകുപ്പയിലാണ് ജനുവരിയില്‍ തന്നെ ഉദ്ഘാടനം ചെയ്യത്തക്ക വിധം തടങ്കല്‍ പാളയത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പിന്നാക്ക വിഭാഗ വിദ്യാർഥികൾക്കായുള്ള ഹോസ്റ്റലാണ് സാമൂഹികക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ തടങ്കല്‍ പാളയമാക്കി മാറ്റിയത്. 25 പേരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ടെന്ന് അധികൃതര്‍ പറയുന്ന തടങ്കല്‍ പാളയത്തിന്‍റെ ചുമതല ഏറ്റെടുക്കാന്‍ ബെഗളൂരു പോലീസിന് നിര്‍ദ്ദേശം പോയികഴിഞ്ഞു.
ജയിലുകളിലെ സെല്ലുകള്‍ക്ക് സമാനമായ ഏഴു മുറികൾ, അടുക്കള, ബാത്ത് റൂം, സി.സി.ടി.വി. ക്യാമറകൾ, സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുവാനായി ക്വാട്ടേഴ്‌സുകള്‍, രണ്ട് സുരക്ഷാടവറുകളോടുകൂടിയ പത്ത് മീറ്റർ ഉയരത്തിലുള്ള ചുറ്റുമതില്‍ അതിനു മുകളില്‍ മുള്ളുവേലി തുടങ്ങി ജയിലിനു സമാനമായി കേന്ദ്ര ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളാണ് തടവുകേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്.
നെലമംഗലയിൽ നിർമിച്ചത് തടവുകേന്ദ്രമല്ലെന്നും അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്ന കേന്ദ്രമാണെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറയുന്നു. പൗരത്വ പ്രശ്നവുമായി ബന്ധപ്പെട്ടവർക്കായല്ലതടങ്കല്‍ പാളയം എന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറയുന്പോള്‍ ഫോറിൻ റീജ്യണൽ രജിസ്‌ട്രേഷൻ ഓഫീസ് അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ പാർപ്പിക്കുവാനാണ് തടങ്കല്‍ പാളയം ഉപയോഗിക്കുക എന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. ഇത് തടവുകേന്ദ്രമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കുറ്റവാളികളായ അനധികൃത കുടിയേറ്റക്കാർക്കുള്ളതാണിതെന്നും മന്ത്രി പറയുന്പോള്‍ കുറ്റവാളികളായ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കേണ്ടത് രാജ്യത്തെ ജയിലുകളിലാണെന്നും കുറ്റവാളികളല്ലാത്തവരെ അവരുടെ രാജ്യങ്ങളിലേക്ക് കയറ്റിവിടുകയാണ് വേണ്ടതെന്നുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.