എന്‍.പി.ആര്‍ ഉം എന്‍.ആര്‍.സിഉം തമ്മില്‍ ഒരു ബന്ധവുമില്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദങ്ങള്‍ പച്ചക്കള്ളം
ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍.പി.ആര്‍) ദേശീയ പൗരത്വ പട്ടികയും (എന്‍.ആര്‍.സി) തമ്മില്‍ ഒരു ബന്ധവുമില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിയുന്നു. എന്‍.പി.ആര്‍ എന്നത് എന്‍.ആര്‍.സിയിലേക്കുള്ള ആദ്യ ചുവടല്ല പ്രത്യുത എന്‍.ആര്‍.സി തന്നെയാണ് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഒക്ടോബറില്‍ പുറത്തിറങ്ങിയ ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ 15-ാം അധ്യായത്തിന്റെ 273-ാം പേജില്‍ പറയുന്നത് ഇങ്ങനെയാണ്. ‘എല്ലാ തരത്തിലുള്ള ആളുകളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള എന്‍പിആറിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് ദേശീയ പൗരത്വ രജിസ്‌ട്രേഷനുള്ള ആദ്യ പടിയാണ്.
എന്‍.പി.ആര്‍ 2020നു വേണ്ട നിര്‍ദ്ദേശ മാനുവലില്‍ ഫീല്‍ഡ് നമ്പര്‍ 13ല്‍ മാതാപിതാക്കളുടെ ജനന വിവരങ്ങള്‍ ചോദിക്കുന്നിടത്താണ് മറ്റൊരു ‘അപകടം’ പതിയിരിക്കുന്നത്. ഈ ഭാഗത്ത് മാതാപിതാക്കള്‍ ജനിച്ചത് ഇന്ത്യയിലാണോ വിദേശത്താണോ എന്നാണ് പ്രധാന ചോദ്യം. മന്‍മോഹന്‍സിങിനു കീഴിലെ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് മാതാപിതാക്കള്‍ എവിടെയാണ് ജനിച്ചത് എന്ന ചോദ്യമുണ്ടായിരുന്നില്ല.
ചോദ്യങ്ങള്‍ ഇങ്ങനെ
1- അച്ഛനോ അമ്മയോ പങ്കാളിയോ ഈ വീട്ടിലെ അംഗമല്ല എങ്കില്‍, അല്ലെങ്കില്‍ ജീവിച്ചിരിപ്പില്ല എങ്കില്‍ അവരുടെ പേരും ജനനത്തിയ്യതികളും താഴെ വരുന്ന ഇടത്ത് എഴുതുക. ജീവിതപങ്കാളിയെ കുറിച്ചെങ്കില്‍ പേരു മാത്രം എഴുതുക.
2- അവര്‍ ഈ വീട്ടിലെ അംഗങ്ങളാണ് എങ്കില്‍ നല്‍കിയിട്ടുള്ള ഇടത്ത് സീരിയല്‍ നമ്പര്‍ എഴുതുക
3- ജനനം ഇന്ത്യയ്ക്കകത്താണ് എങ്കില്‍ ഏതു സംസ്ഥാനത്ത്, ഏതു ജില്ലയില്‍ എന്ന് രേഖപ്പെടുത്തുക. ഇന്ത്യയ്ക്ക് പുറത്താണ് എങ്കില്‍ രാജ്യത്തിന്റെ പേരെഴുതുക.
ഇന്‍സ്ട്രക്ഷന്‍ മാന്വലില്‍ ഉദാഹരണ സഹിതമാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. കശ്മീര്‍ വിഷയത്തിലെ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് സിവില്‍ സര്‍വീസില്‍ നിന്ന് രാജി വച്ച കണ്ണന്‍ ഗോപിനാഥ് അടക്കമുള്ളവര്‍ ഈ മാന്വല്‍ ഭാഗം സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
സാധാരണഗതിയില്‍ ജനസംഖ്യാ സെന്‍സസിന്റെ ഭാഗമായാണ് എന്‍.ആര്‍.പി വിവരങ്ങള്‍ സര്‍ക്കാര്‍ ആരായുന്നത്. ഇതിനു മുമ്പു ഒരു വിവര ശേഖരണത്തിലും മാതാപിതാക്കളുടെ ജന്മസ്ഥലം ആവശ്യപ്പെട്ടിരുന്നില്ല എന്നാണ് വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്‍.പി.ആര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൗരന്മാരെ സംശയപ്പട്ടികയില്‍ പെടുത്താന്‍ ജില്ലാ മജിസ്‌ട്രേറ്റിന് അധികാരമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഈ പട്ടികയില്‍ പെടുന്നവര്‍ക്ക് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടി വരും. അങ്ങനെ തെളിയിക്കുവാന്‍ കഴിയാത്തവരുടെ പൗരത്വം തന്നെ നഷ്ടപ്പെടും. അവര്‍ നുഴഞ്ഞു കയറ്റക്കാരോ അനധികൃത കുടിയേറ്റക്കാരോ ആയി മാറും. അവര്‍ക്ക് മറ്റൊരു രാജ്യത്തിന്‍റെ പൗരത്വം ഇല്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി വിടുവാന്‍ കഴിയില്ല. കുറ്റവാളികളല്ലാത്തതിനാല്‍ ജയിലുകളില്‍ പാര്‍പ്പിക്കുവാനും കഴിയില്ല. യാതൊരു പൗരത്വ അവകാശങ്ങളുമില്ലാതെ ആജീവനാന്ത കാലം അവരെ തടങ്കലില്‍ പാര്‍പ്പിക്കുവാനാണ് രാജ്യം മുഴുവനും തടങ്കല്‍ പാളയങ്ങള്‍ ഇപ്പോള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്.
കോണ്‍ഗ്രസാണ് ഇപ്പോഴത്തെ എന്‍.പി.ആര്‍ അവതരിപ്പിച്ചത് എന്നാണ് ഇതിനു ബി.ജെ.പി നല്‍കുന്ന ന്യായീകരണം. 2010ല്‍ എന്‍.പി.ആര്‍ അവതരിപ്പിക്കുന്ന വേളയില്‍ ചിദംബരം നടത്തിയ പ്രസംഗം ട്വീറ്റ് ചെയ്ത ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ കോണ്‍ഗ്രസ്സിനെതിരെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍, രാജ്യത്തെ പതിവു താമസക്കാരുടെ വിവരങ്ങളാണ് തങ്ങള്‍ തിട്ടപ്പെടുത്തിയതെന്നും, താമസത്തിലാണ് അല്ലാതെ പൗരത്വത്തിലല്ല അതിന്റെ ഊന്നല്‍ എന്നാണ് കോണ്‍ഗ്രസ് ഇതിനു നല്‍കുന്ന മറുപടി. മതം, ജനിച്ച സ്ഥലം എന്നിവ ഒന്നും പരിഗണിക്കാതെ എല്ലാ തദ്ദേശീയര്‍ക്കും അതില്‍ ഇടമുണ്ട്. അതില്‍ എന്‍.ആര്‍.സിയെ കുറിച്ച് പരാമര്‍ശമേ ഇല്ല. ബി.ജെ.പി സര്‍ക്കാര്‍ കുടില അജണ്ട നടപ്പാക്കുകയാണ്. അത് വളരെ അപകടരമാണ്. സര്‍ക്കാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ 2010ല്‍ കൊണ്ടു വന്ന എന്‍.പി.ആര്‍ നടപ്പാക്കട്ടെ’ – എന്നും ബിജെപിയുടെ ആരോപണങ്ങള്‍ക്ക് ചിദംബരം നല്‍കിയ മറുപടിയില്‍ പറയുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എന്‍.പി.ആറുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.