കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത ബന്ദ് നാളെ. അത്ഭുത ഭൂമിയായി സമരമുഖം.
ഭാരത ബന്ദിന് പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഡല്‍ഹി അതിര്‍ത്തികളിലേക്ക് ഒഴുകി എത്തുകയാണ്. ദിനം പ്രതി സമരമുഖത്തെ വനിത പ്രാതിനിധ്യവും കൂടി വരികയാണ്. ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷക വനിതകളാണ് സമരത്തിനെത്തിയിരിക്കുന്നത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും സന്നദ്ധ പ്രവര്‍ത്തകരും ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ എത്തിക്കഴിഞ്ഞു. പ്രധാനമായും സിംഗു അതിര്‍ത്തി കേന്ദ്രീകരിച്ചാണ് കര്ഷകര്കര് സമരം ചെയ്യുന്നത്.
പ്രതിപക്ഷ സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. സുരക്ഷയും സമാധാനവും ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളും ഉറപ്പാക്കണം. പ്രതിഷേധ പ്രകടനങ്ങളിലടക്കം സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. അനിഷ്ട സംഭവങ്ങള്‍ രാജ്യത്തെവിടെയും ഉണ്ടാകാന്‍ പാടില്ല. അക്കാര്യം ഉറപ്പുവരുത്താന്‍ തക്കവിധമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശമുണ്ട്.
ലോകത്തെ തന്നെ അമ്പരപ്പിക്കും വിധമാണ് സിംഗു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ സമര രീതിയും സജ്ജീകരണങ്ങളും. പ്രദേശത്ത് കര്‍ഷകര്‍ പാലിക്കുന്ന ശുചിത്വമാണ് ഏറെ പ്രധാനം. പതിനായിരക്കണക്കിന് ആളുകളാണ് സിംഗു അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. വലിയ ടാങ്കറുകളിലും മറ്റുമായി വെള്ളവും എത്തിച്ചിരിക്കുന്നു. ഓരോ ദിവസവും രാവിലെയും വൈകുന്നേരവും യുവാക്കള്‍ ഉള്‍പ്പടെ സമര സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും കടലാസുകളും ചപ്പുചവറുകളും നീക്കി ശുചിയാക്കുന്നു. എപ്പോള്‍ നോക്കിയാലും ഇത്ര വലിയൊരു സമരം നടക്കുന്ന സ്ഥലമാണെന്നു തോന്നുകയേയില്ല. അത്രയ്ക്കു വൃത്തിയോടെയാണ് സമരസ്ഥലവും പരിസരവും കര്‍ഷകര്‍ പരിപാലിക്കുന്നത്. പ്രാഥമീക ആവശ്യങ്ങള്‍ക്കായി സുലഭ് ബയോ ടോയ്ലറ്റുകള് സ്ഥാപിച്ചിട്ടുണ്ട്.
അതുപോലെ തന്നെ മറ്റൊരു അത്ഭുതമാണ് ഡല്‍ഹി അതിര്‍ത്തികളില്‍ രാപകല്‍ വിശ്രമമില്ലാതെ കര്‍ഷകര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അടുക്കളകള്‍. സമരം കാണാനും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും എത്തുന്ന ആരെയും വെറുവയറോടെ മടങ്ങാന്‍ കര്‍ഷകര്‍ അനുവദിക്കില്ല.
ഉച്ചയ്ക്കും രാത്രിയും ചോറ്, കടലക്കറി, ആലുഗോബി, പായസം. രാവിലെയും വൈകിട്ടും എല്ലാവര്ക്കും ചായയും ഉരുളക്കിഴങ്ങ് വറുത്തതും ജിലേബിയും. പ്രക്ഷോഭവേദികള്ക്കു സമീപം 100 ലിറ്റര്‍ പാത്രത്തില്‍ പകല്‍ മുഴുവന്‍ ചായ തിളയ്ക്കുന്നു.
പാചകവും വിളമ്പലുമെല്ലാം കര്‍ഷകര്‍തന്നെ. ”ബഹാദുര്‍ഘട്ടില്‍ നിന്നാണ് പാചകം ചെയ്യാനുള്ള വലിയ പാത്രങ്ങള്‍ എത്തിച്ചത്. കഴിഞ്ഞദിവസം ഒരാള്‍ 100 കന്നാസ് ശുദ്ധജലം എത്തിച്ചു.
പുലര്‍ച്ചെ അഞ്ചിന് ആദ്യ ചായ. ഉച്ചയ്ക്കും വൈകിട്ടും രാത്രിയും ഭക്ഷണമുണ്ടെന്നാണ് തിക്രിയിലെ അടുക്കളയുടെ ചുമതലയുള്ള റോഹ്തക്കിലെ കര്ഷകന് രാംകേഷ് സിംഗ് പറഞ്ഞു.ഗാസിപ്പുരിലെ താത്ക്കാലിക അടുക്കളകള്‍ക്ക് ഡല്‍ഹി ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ സഹായമുണ്ട്.
കഴിഞ്ഞദിവസം 125 കിലോ അരിയും 2.5 ക്വിന്റല്‍ പരിപ്പും രണ്ട് ക്വിന്റല്‍ പച്ചക്കറിയും എത്തിച്ചു. കൂടുതല്‍ കര്‍ഷകര്‍ അണിനിരന്ന സിംഗുവിലെ അടുക്കളകള്‍ക്ക് പഞ്ചാബിലെ ഹോഷിയാര്‍പുര്‍ ഗുരുദ്വാര കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്. ദിവസവും പതിനായിരത്തോളം പേര്‍ക്ക് ആണ് ഇവിടെ നിന്ന് ഭക്ഷണം വിളമ്പുന്നത്.
അരിയും പരിപ്പും ഗോതമ്പും ഉള്‍പ്പടെ ആറുമാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍ കരുതലുണ്ട്. പച്ചക്കറികള്‍ പല സ്ഥലങ്ങളില്‍ നിന്നായി ദിവസേന എത്തുന്നുണ്ട്. സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ പോലും കര്‍ഷക നേതാക്കള്‍ ഇവിടെ നിന്നും പാകം ചെയ്ത് എത്തിക്കുന്ന ഭക്ഷണം മാത്രമാണ് കഴിക്കുന്നത്.