കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം മുന്‍കൂറായി നടപ്പിലാക്കുവാന്‍ ഒരുങ്ങി കർണാടക ബിജെപി സർക്കാർ.
ഫെബ്രുവരിയിൽ നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ കൂടുതൽ സൗജന്യങ്ങൾ പ്രഖ്യാപിക്കാൻ കർണാടക സർക്കാർ ആലോചിക്കുന്നു. സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 2,000 രൂപ നൽകുന്ന പദ്ധതി പ്രഖ്യാപിക്കുമെന്ന് കർണാടക മന്ത്രി പറഞ്ഞു.
ഈ വര്‍ഷം തന്നെ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ വന്നാൽ എല്ലാ സ്ത്രീ കുടുംബനാഥന്മാർക്കും പ്രതിമാസം 2000 രൂപ നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ഫെബ്രുവരിയിൽ നടക്കുന്ന ബജറ്റ് സമ്മേളനത്തില്‍ തന്നെ നടപ്പിലാക്കി കോണ്‍ഗ്രസ്സിനെ കടത്തിവെട്ടുവാന്‍ ഒരുങ്ങുകയാണ് ബിജെപി സര്‍ക്കാര്‍.
ഉപാധികളില്ലാതെ സാർവത്രിക അടിസ്ഥാന വരുമാനമായ പ്രതിവർഷം 24,000 രൂപ എല്ലാ കുടുംബിനികളുടേയും ബാങ്ക് അക്കൗണ്ടുകളിലേക്ക് “ഗൃഹ ലക്ഷ്മി യോജന” പ്രകാരം നേരിട്ട് ക്രെഡിറ്റ് ചെയ്യുമെന്നായിരുന്നു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ തിരഞ്ഞെടുപ്പ് വാഗ്നാനം. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ പ്രഖ്യാപനം കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു.
ഇത് തിരച്ചറിഞ്ഞ ബിജെപി സര്‍ക്കാറാവട്ടെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ പ്രതിരോധിക്കാൻ, പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായം നൽകുന്ന പുതിയ പദ്ധതി അടുത്ത നിയമസഭാ സമ്മേളനത്തതില്‍ തന്നെ പ്രഖ്യാപിക്കാൻ ആണ് ആലോചിക്കുന്നത്.
“ഈ പദ്ധതി ബജറ്റിൽ പ്രഖ്യാപിക്കുകയും അത് ഉടനടി നടപ്പിലാക്കുകയും ചെയ്യും. ജൂൺ അല്ലെങ്കിൽ ജൂലൈ വരെ കാത്തിരിക്കേണ്ടതില്ല. അടുത്ത സാമ്പത്തിക വർഷം ഇത് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറും,” ഒരു സംസ്ഥാന മന്ത്രി പറഞ്ഞു.