ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ 26 കാരിയുടെ ക്വട്ടേഷന്‍. കാമുകന്‍ ജീവനൊടുക്കി.

Print Friendly, PDF & Email

ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള 26 കാരിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത കാമുകന്‍ കേസ് ഭയന്ന് ജീവനൊടുക്കി. ബെംഗളൂരു ദൊഡ്ഡബിരക്കല്ലിലാണ് സംഭവം നടന്നത്. അനുപല്ലവി എന്ന യുവതിയാണ് കാമുകന്‍ ഹിമവന്ത് കുമാറിനൊപ്പം ചേര്‍ന്ന് ഭര്‍ത്താവ് നവീന്‍ കുമാറിനെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തിന് കരാര്‍ കൊടുത്തത്. 90,000 രൂപയാണ് അഡ്വാന്‍സായി നല്‍കിയത്. കൊല നടത്തിയ ശേഷം 1.1 ലക്ഷം രൂപയും നല്‍കാമെന്നായിരുന്നു വാഗ്ദാനം.

ജൂലൈ 23ന് ക്വട്ടേഷന്‍ സംഘം ഡ്രൈവര്‍ കൂടിയായ നവീന്‍ കുമാറിന്റെ കാര്‍ തമിഴ്‌നാട്ടിലേക്ക് വാടകയ്ക്ക് വിളിച്ച ശേഷം തട്ടി കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ദിവസങ്ങളോളം തടവില്‍ പാര്‍പ്പിച്ചങ്കിലും ക്വട്ടേഷന്‍ സംഘത്തിന് നവീനെ കൊല്ലാനുള്ള ധൈര്യമുണ്ടായില്ല. പകരം നവീനുമായി സൗഹൃദത്തിലാവുകയും ഒന്നിച്ച് മദ്യപിക്കുകയും ചെയ്തു.തുടര്‍ന്ന് കൊന്നെന്ന് അനുപല്ലവിയെയും കാമുകനെയും ബോധ്യപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘം നവീന്റെ ദേഹത്ത് തക്കാളി കെച്ചപ്പ് ഒഴിച്ച് ചിത്രമെടുത്ത് അയച്ച് കൊടുത്തു. ഈ ഫോട്ടോ കണ്ട് ഭയന്ന കാമുകന്‍ ഹിമവന്ത് ആഗസ്റ്റ് ഒന്നിന് ബാലഗുണ്ടയിലെ വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവം കേസായാല്‍ അറസ്റ്റിലാകുമെന്ന് ഭയന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഇതിനിടെ എല്ലാവരെയും ഞെട്ടിച്ച് നവീന്‍ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. തുടര്‍ന്ന് ക്വട്ടേഷന്‍ സംഘത്തിലെ ഹരീഷ്, നാഗരാജു, മുഗിലന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അനു പല്ലവിയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും നവീന്റെ അഭ്യര്‍ത്ഥന പ്രകാരം കേസെടുക്കാതെ വിട്ടയച്ചെന്നാണ് പ്രാദേശികമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

Pravasabhumi Facebook

SuperWebTricks Loading...