ചരിത്രം തിരുത്തിക്കുറിച്ച ജയവുമായി ഗുജറാത്തിൽ ഏഴാം വട്ടവും ബിജെപി അധികാരത്തിൽ.
ചരിത്രം തിരുത്തിക്കുറിച്ച ജയവുമായി ഗുജറാത്തിൽ ഏഴാം വട്ടവും ബിജെപി അധികാരത്തിൽ. ഗുജറാത്ത് ചരിത്രത്തിലെ എക്കാലത്തെയും വലിയ സീറ്റ് നിലയോടെയാണ് ബിജെപിക്ക് ഭരണത്തുടർച്ച. ആകെയുള്ള 182 ൽ 156 സീറ്റുകളും പിടിച്ചാണ് അധികാരത്തുടർച്ച. വെറും 16 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഗുജറാത്തിൽ കോൺഗ്രസ് നേരിട്ടത്. 1985 ൽ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ 149 എന്ന സീറ്റെന്ന റെക്കോർഡ് ഇനി പഴങ്കഥയാണ്. തുടർഭരണത്തിൽ സിപിഎം ബംഗാളിൽ കുറിച്ച ചരിത്രത്തിനൊപ്പമാണ് ഇന്ന് ഗുജറാത്തിൽ ബിജെപി. സംസ്ഥാനത്തെ എല്ലാ മേഖലയും പിടിച്ചടക്കിയാണ് ഈ കുതിപ്പ്.
ചരിത്ര വിജയം നേടിയ ഗുജറാത്തില്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തുടരും. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്തുക. കഴിഞ്ഞ തവണ കോൺഗ്രസിന് മേധാവിത്വം നൽകിയ സൗരാഷ്ട്ര കച്ച് മേഖലയിൽ ഇത്തവണ കോൺഗ്രസ് തരിപ്പണമായി. തെക്കൻ ഗുജറാത്തിലും മധ്യഗുജറാത്തിലും കോൺഗ്രസിന് കരുത്തുള്ള വടക്കൻ ഗുജറാത്തിൽ പോലും ബിജെപിക്ക് എതിരില്ല. വോട്ട് വിഹിതം ഇത്തവണ 50 ശതമാനവും കടന്നു. തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി ഭരണം പിടിച്ചെടുക്കുന്നത്.