416 പേരുടെ 1.76 ലക്ഷം കോടി രൂപ എഴുതി തള്ളിയതായി റിസര്‍വ്വ് ബാങ്ക്
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നൂറു കോടിക്കു മുകളില്‍ കടമുള്ള 416 കുടിശ്ശികക്കാരുടെ 1.76 ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി എഴുതിത്തള്ളിയെന്ന് റിസര്‍വ്വ് ബാങ്ക്. വിവരാവകാശ അപേക്ഷ പ്രകാരം ആര്‍.ബി.ഐ ആണ് വിവരങ്ങള്‍ നല്‍കിയതെന്ന് പ്രമുഖ മാദ്ധ്യമമായ സി.എന്‍.എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുടിശ്ശികക്കാരനില്‍ നിന്ന് ശരാശരി 424 കോടി രൂപയാണ് എഴുതിത്തള്ളിയത്. ഇത്രയും വലിയ കുടിശ്ശികകള്‍ എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആദ്യമായാണ് പുറത്തുവരുന്നത്.
2015നും 2018നും ഇടയില്‍ 2.17 ലക്ഷം കോടി രൂപയും വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയിട്ടുണ്ട്. നോട്ടുനിരോധത്തിന് ശേഷമുള്ള രണ്ടു വര്‍ഷങ്ങളില്‍ എഴുതിത്തള്ളിയ കടങ്ങളില്‍ വന്‍ വര്‍ദ്ധനയുണ്ടായി എന്നും ആര്‍.ടി.ഐ രേഖകള്‍ പറയുന്നു. വാണിജ്യ ബാങ്കുകള്‍ 2015 മാര്‍ച്ച് 31 വരെ 109 കുടിശ്ശികക്കാരില്‍ നിന്ന് 40,798 കോടി രൂപയാണ് എഴുതിത്തള്ളിയത്. 2016ല്‍ അത് 69,976 കോടിയായി. 199 കുടിശ്ശികക്കാരാണ് ഉണ്ടായിരുന്നത്.
നോട്ടുനിരോധനത്തിന് ശേഷമുള്ള 2017ല്‍ 343 കുടിശ്ശികക്കാരില്‍ നിന്ന് 1,27,797 കോടിയാണ് എഴുതിത്തള്ളിയത്. 2018ല്‍ ഇത് 2,17,121 കോടിയായി വര്‍ദ്ധിച്ചു. 525 പേരുടെ വായ്പയാണ് എഴുതിത്തള്ളിയത്.
പൊതുമേഖലാ ബാങ്കുകള്‍ 2018ല്‍ 88 പേരില്‍ നിന്ന് എഴുതിത്തള്ളിയത് 1.07 ലക്ഷം കോടിയാണ്. 2019 മാര്‍ച്ച് 31 വരെ എസ്.ബി.ഐ എഴുതിത്തള്ളിയത് 76,611 കോടി രൂപയാണ്. പി.എന്‍.ബി 27,025 കോടി രൂപയും ഐ.ഡി.ബി.ഐ 26,219 കോടിയും എഴുതിത്തള്ളി. കനറബാങ്ക് എഴുതിത്തള്ളിയത് 19,991 കോടിയും ബാങ്ക് ഓഫ് ഇന്ത്യ 11,654 കോടിയും എഴുതിത്തള്ളി. കോര്‍പറേഷന്‍ ബാങ്ക് എഴുതിത്തള്ളിയത് 11,084 കോടിയും. ബാങ്ക് ഓഫ് ബറോഡ 10,308 കോടിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 10831 കോടിയും വേണ്ടെന്നു വെച്ചു.
ധനകാര്യ മന്ത്രാലയത്തെ നോക്കുകുത്തിയാക്കി രാജ്യത്തെ ബാങ്കിങ് സംവിധാനത്തിനെ തകര്‍ക്കുന്ന വിധത്തിലേക്ക് വളര്‍ന്നിരിക്കുകയാണ് യാതൊരു മാനദണ്ഡവുമില്ലാതെ നടത്തുന്ന നിഷ്‌ക്രിയ ആസ്തികളുടെ ഈ എഴുതിതള്ളലുകള്‍.