വിവാദ കത്തിൽ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുത്തു
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവാദ കത്തിൽ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുത്തു. മേയര്‍ ആര്യ രാജേന്ദ്രന്‍ തന്‍റെ പേരില്‍ പുറത്തിറങ്ങിയ കത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നുവെങ്കിലും അവര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആര്‍ ഇടുകയോ പരാതിക്കാരിയെ ചോദ്യം ചെയ്യുവാന്‍ തയ്യാറാവുകയോ ചെയ്യാതിരുന്നത് വിവാദമായ സാഹചര്യത്തിലാണ് ഇന്ന് രാത്രി എട്ടുമണിയോടെ പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം മേയറുടെ വസതിയിലെത്തി മൊഴിയെടുക്കുന്നത്.
കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്താണ് വിവാദത്തിലായത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്.
ഇതോടെ മേയറുടെ രാജിയാവശ്യപ്പെട്ടുള്ള സമരങ്ങളിൽ തലസ്ഥാനം പ്രക്ഷുബ്ധമായി. ഇന്നു മേയറെ വീട്ടിൽ കരിങ്കോടി കാണിച്ച കെഎസ്‍യു പ്രവർത്തകരെ സിപിഎമ്മുകാർ മർദ്ദിച്ചു. കോർപ്പറേഷനിൽ കോൺഗ്രസും ബിജെപിയും ഇന്നും ശക്തമായി പ്രതിഷേധിച്ചു. മേയർക്ക് സംരക്ഷണം തീർക്കാനാണ് സിപിഎം തീരുമാനം. മേയർക്കെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിൻ്റെ ഭാഗമായായിരുന്നു വീട്ടിന് മുന്നിലെ കെഎസ്‍യുവിൻ്റെ കരിങ്കൊടി കാണിക്കൽ. സംരക്ഷണം തീർക്കാനെത്തിയ സിപിഎമ്മുകാർ പൊലീസ് ഇടപെടും മുമ്പ് പ്രതിഷേധക്കാരെ മർദ്ദിച്ചു. പിന്നീട് പൊലീസ് കെഎസ്‍യുക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

