ഗവര്‍ണര്‍ക്കെതിരെ സംസ്ഥാനമൊട്ടാകെ വന്‍ പ്രതിക്ഷേധമൊരുക്കി എല്‍ഡിഎഫ്.
കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ എതിരെ സംസ്ഥാനമൊട്ടാകെ വന്‍ പ്രതിക്ഷേധമൊരുക്കി എല്‍ഡിഎഫ്. നവംബര്‍ 15 ന് രാജ് ഭവന്റെ മുന്നില്‍ പ്രതിക്ഷേധ ധര്‍ണ നടത്തും. ഇതില്‍ മുഖ്യമന്ത്രി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുമെന്നു പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ രണ്ടിന് സമാന ചിന്താഗതിയുള്ള സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരെ അണിനിരത്തി ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. 10ന് മുമ്പ് ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടപ്പിക്കാനാണ് തീരുമാനം.
ഗവര്‍ണര്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ടയാണ്. ഉന്നത വിദ്യാഭ്യാസ മേഖല കൈപ്പിടിയില്‍ ഒതുക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍വകലാശാലകളുടെ സ്വയം ഭരണം തകര്‍ക്കുകയാണ്. വിസിമാരെ ഗവര്‍ണര്‍ നിരന്തരം ഭീക്ഷണിപ്പെടുത്തുന്നു. ഇതിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുകയാണ് ലക്ഷ്യമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ ഭരണകക്ഷി നടത്തുന്ന സമരാഭാസത്തിന്‍റെ പൊരുളറിയാതെ വിഷമിക്കുകയാണ് പൊതുജനങ്ങള്‍ ഗവര്‍ണര്‍ പറഞ്ഞ എന്തുകാര്യമാണ് പ്രതിക്ഷേധാര്‍ഹമെന്ന് സാധാരണ ജനങ്ങള്‍ക്ക് തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടില്ല. ഇതിനു മുന്പ് മറ്റൊരു ഗവര്‍ണര്‍ക്കും ലഭിക്കാത്ത പൊതുജന പിന്തുണ ആരിഫ് ഖാന് ലഭിക്കുന്ന എന്നതാണ് ഭരണ കക്ഷിയെ വിറളി പിടിപ്പിക്കുന്നത്. ഇതിനെ തടയിടുകയും കാര്യങ്ങളെ അണികള്‍ക്കെങ്കിലും മനസ്സിലാക്കുന്ന രീതിയില്‍ വിശദീകിരിക്കുകയും ചെയ്യുക അനിവാര്യമായി മാറിയിരിക്കുന്നു എന്ന ചിന്തയാണ് ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷസമരവുമായി ഇറങ്ങുവാന്‍ ഇടതു പക്ഷ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.
യുജിസി ചട്ടങ്ങള്‍ ലംഘിച്ചു നടത്തിയ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിയമനം കഴിഞ്ഞദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ 2017ലെ വിസിയായുള്ള ആദ്യനിയമനം ക്രമപ്രകാരമല്ലെന്നു രേഖകള്‍ വ്യക്തമാക്കുന്നു. ഗോപിനാഥ് രവീന്ദ്രനെ നിയമനത്തിന് ശിപാര്‍ശ ചെയ്ത സേര്ച്ച്കമ്മിറ്റി, ഒരു പാനല്‍ സമര്‍പ്പിക്കുന്നതിനു പകരം ഒരു പേര് മാത്രമാണ് ശിപാര്‍ശ ചെയ്തത്. ഇത് യുജിസി ചട്ടത്തിന് വിരുദ്ധമാണ്. 2016ലെ ഹൈക്കോടതി വിധി പ്രകാരം യുജിസി ചട്ടം നിലവില്‍ വന്ന് ആറുമാസത്തിനുള്ളില്‍ അത് സംസ്ഥാന സര്‍വകലാശാലകള്‍ നടപ്പാക്കണമെന്നും അതനുസരിച്ച് സര്‍വകലാശാലാ ചട്ടങ്ങള്‍ ഭേദഗതി ചെയ്തില്ലെങ്കില്‍ യുജിസി ചട്ടങ്ങള്‍ നടപ്പിലായതായി കണക്കാക്കണമെന്നും വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലയുമായി ബന്ധപ്പെട്ടവര്‍ സേര്‍ച്ച് കമ്മിറ്റി അംഗങ്ങളാകാന്‍ പാടില്ലെന്നും അംഗങ്ങള്‍ അക്കാദമിക് വിദഗ്ധരായിരിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടു.അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ഡോ.കെ.എം.ഏബ്രഹാമും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് രാജന് ഗുരുക്കളും കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു. രണ്ടുപേരും സര്‍വകലാശാലയുമായി ബന്ധപ്പെട്ടവരാണ്. ചീഫ് സെക്രട്ടറി അക്കാദമിക് വിദഗ്ധനല്ല.സര്‍വകലാശാലയുമായി ബന്ധപ്പെട്ടവര്‍ ആരും സേര്‍ച്ച് കമ്മിറ്റിയില്‍ അംഗങ്ങളാകാന്‍ പാടില്ലെന്നും മൂന്ന് അംഗങ്ങളും അക്കാദമിക് വിദഗ്ധരായിരിക്കണമെന്ന വ്യവസ്ഥയാണ് ഇവിടെ ലംഘിക്കപ്പെട്ടത്.
ഈ സാഹചര്യത്തില്‍ പിണറായി സര്‍ക്കാര്‍ നിയമിച്ച കേരളത്തിലെ അഞ്ച് വൈസ് ചാന്‍സലര്‍മാരുടെ കാര്യം തുലാസില്‍ തൂങ്ങുകയാണ്. ക്രമരഹിതമായി നിയമിക്കപ്പെട്ട ഈ വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ പുറത്താക്കുമോ എന്ന ഭയവും ഭരണകൂടത്തിനുണ്ട്. ഇതിനെ തടയിടുവാന്‍ കഴിയുമോ എന്നാണ് ഗവര്‍ണര്‍ക്കെതിരെയുള്ള സമര പ്രഖ്യാപനത്തിലൂടെ എല്‍ഡിഎഫ് ലക്ഷ്യമിടുന്നത് എന്ന കാര്യം സ്പഷ്ടം.