ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ. മോട്ടോര്‍ വാഹന നിയമം ഭേദഗതിചെയ്ത് കേന്ദ്ര സര്‍ക്കാര്‍
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി കൊണ്ട് ഭേദഗതിചെയ്ത മോട്ടോര്‍ വാഹന നിയമം പുതിയ ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. ബില്ല് സഭയുടെ അംഗീകാരത്തിനായി നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും. 18 സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടേതാണ് ഭേദഗതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കാനും പുതിയ ബില്ലില്‍ നിര്‍ദേശമുണ്ട്.
ബില്ലിലെ പ്രധാന വ്യവസ്ഥകള്‍
* ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10,000 രൂപ പിഴ
* മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 10,000 രൂപ വീതം പിഴ
* അമിത വേഗത്തിന് 1,000 മുതല്‍ 2,000 രൂപ വരെ പിഴ.
* ഇന്‍ഷുറന്‍സില്ലാത്ത വാഹനമോടിച്ചാല്‍ 2000 രൂപ പിഴ
* ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചാല്‍ 1000 രൂപ പിഴയും 3 മാസം ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഷനും.
* ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ 100 രൂപയില്‍ നിന്ന് 500 രൂപ
* അധികൃതരുടെ ഉത്തരവുകള്‍ അനുസരിക്കാത്തവര്‍ക്ക് കുറഞ്ഞ പിഴ 2000 രൂപ.
* ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 5000 രൂപ പിഴ.
* അപകടകരമായ ഡ്രൈവിങിന് 5000 രൂപപിഴ.
* ഓവര്‍ലോഡ് കയറ്റിയാല്‍ 20,000 രൂപ പിഴ.
* സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍ 1000 രൂപ പിഴ.
* ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപ പിഴ.
* ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശേഷം
വാഹനമോടിച്ചാല്‍ 10,000 രൂപ പിഴ.
* മോട്ടര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്ന ആപ്
അടിസ്ഥാനമാക്കിയുള്ള ടാക്‌സികള്‍ക്കും റെന്റ് എ
കാര്‍ സര്‍വീസുകള്‍ക്കും മറ്റും ഒരു ലക്ഷം രൂപ വരെ പിഴ.
* പ്രായപൂര്‍ത്തിയാകാത്തവര്‍ ട്രാഫിക് നിയമങ്ങള്‍
ലംഘിച്ചാല്‍ അവരുടെ രക്ഷകര്‍ത്താക്കളോ
വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. വാഹന
രജിസ്‌ട്രേഷന്‍ റദ്ദാക്കും
* അപകടങ്ങള്‍ക്ക് കാരണമാകുന്ന റോഡുകളുടെ തെറ്റായ
രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവയ്ക്ക്
കോണ്‍ട്രാക്ടര്‍മാര്‍, നഗരാധികൃതര്‍ എന്നിവര്‍
ഉത്തരവാദികളാകും.
* ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി തീരുന്നതിന്
മുമ്പും ശേഷവും പുതുക്കാനുള്ള സമയ പരിധി ഒരു
മാസം മുതല്‍ ഒരു വര്‍ഷം വരെ
* വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ്
ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധം.
* അപകടത്തില്‍പ്പെടുന്നയാളെ രക്ഷിക്കുന്നവര്‍ക്ക്
സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണം.
* പ്രത്യേക സാഹചര്യങ്ങളിലുള്ള അപകടങ്ങള്‍ക്കായി
മോട്ടോര്‍ വാഹന ഫണ്ടില്‍നിന്ന് ഇന്ത്യയിലെ എല്ലാ
ഉപയോക്താക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷൂറന്‍സ്
പരിരക്ഷ
* നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള കാലാവധി
ആറ് മാസം.
* അംഗവൈകല്യമുള്ളവര്‍ക്കുതകുന്ന രീതിയില്‍
വാഹനത്തെ രൂപമാറ്റം വരുത്താന്‍ അനുവാദം

