നോട്ട് നിരോധനം സുപ്രീംകോടതി പരിശോധിക്കുന്നു: കേന്ദ്രത്തിനും ആര്‍ബിഐക്കും നോട്ടീസ് അയച്ചു.
2016 നവംബർ എട്ടാം തീയതി യാതൊരു മുന്നറിയിപ്പും കൂടാതെ മോദി സർക്കാർ 500, 1000 രൂപ നോട്ടുകൾ നിരോധിച്ച നടപടിയില്‍ അന്വേഷണത്തിനൊരുങ്ങി സുപ്രീം കോടതി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിലെ ന്യൂനത മുൻ ധനകാര്യ മന്ത്രി കൂടിയായ പി.ചിദംബരം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ ഇടപെടൽ. റിസർവ് ബാങ്ക് ബോർഡ് യോഗത്തിന്റെ രേഖകൾ കേന്ദ്രസർക്കാരിന്റെ ശുപാർശ അടക്കം വിശദമായി സമർപ്പിക്കണമെന്നാണ് നിര്‍ദേശം. ഹര്‍ജികൾ അടുത്തമാസം 9 ന് വീണ്ടും പരിഗണിക്കും . നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു 58 ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നു ഹരജികളിൽ ആരോപിക്കുന്നു. ഭീകര പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കുക, ഡിജിറ്റൽ ഇക്കണോമിയിലേക്ക് മാറുക എന്നിവ ലക്ഷ്യമിട്ടായിരുന്നു കേന്ദ്ര സർക്കാർ നടപടിയെന്നായിരുന്നു സര്ക്കാരന്‍റെ അവകാശ വാദം.
സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ കോടതിയുടെ ‘ലക്ഷ്മണരേഖ’ സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ട്. എങ്കിലും അതിനുള്ളിൽ നിന്ന് കാര്യങ്ങൾ പരിശോധിക്കാക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2016-ലെ നോട്ട് നിരോധനത്തെ ഒരു അക്കാദമിക് വിഷയം മാത്രമായി കണ്ടു തള്ളാനാവില്ലെന്നും ജസ്റ്റിസ് എൻ.എ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഒരു പ്രശ്‌നം ഉയർന്നുവരുമ്പോൾ അതിൽ വ്യക്തത വരുത്തേണ്ട കടമ തങ്ങൾക്കുണ്ടെന്നും . ജസ്റ്റിസ് എസ് എ നസീർ അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് നടപടി. എങ്കിലും 2016-ലെ നോട്ട് നിരോധനത്തെ ഒരു അക്കാദമിക് വിഷയം മാത്രമായി കണ്ടു തള്ളാനാവില്ലെന്നും കോടതി പറഞ്ഞു.
ഡിമോണിട്ടൈസേഷൻ കൊണ്ട്, കള്ളപ്പണവും കള്ളനോട്ടും ഭീകരവാദവും ഇല്ലാതാക്കുകയെന്ന ലക്ഷ്യം സാധിച്ചോ എന്നു സർക്കാരിനോടു സുപ്രീം കോടതി ചോദിച്ചു. നോട്ടുകൾ പിൻവലിക്കുന്നതിനു മുൻപ് അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു സർക്കാർ ആലോചിച്ചുരുന്നോ എന്ന പ്രസക്തമായ ചോദ്യവും കോടതി ഉന്നയിച്ചു. എന്നാല്‍, “കഴിഞ്ഞതു കഴിഞ്ഞു… അനാവശ്യ കാര്യങ്ങൾ പരിഗണിക്കാൻ കോടതിയുടെ സമയം എന്തിനു പാഴാക്കണം?” എന്ന മറുചോദ്യമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചത്. “സംഭവിച്ചത് ഇല്ലെന്നാക്കാൻ കഴിയില്ലെങ്കിലും, ഭാവിയിൽ ഇത്തരം അധികാരവിനിയോഗം ആകാമോ എന്നു പരിഗണിച്ചുകൂടേ” എന്നായിരുന്നു അതിനുള്ള കോടതിയുടെ മറുപടി.
‘ഭീകരമായ-പ്രത്യാഘാതങ്ങൾ’ (horrendous consequences) ഉണ്ടാക്കുന്ന ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ഇക്കാര്യത്തിലുള്ള നിയമം കോടതി നിശ്ചിയിക്കണമെന്നു പരാതിക്കാർക്കു വേണ്ടി ഹാജരായ പി. ചിദംബരം ആവശ്യപ്പെട്ടു. നോട്ടു നിരോധനം സംബന്ധിച്ചുള്ള ബന്ധപ്പെട്ട പ്രസക്ത രേഖകൾ പൊതുസമൂഹത്തിന് ലഭ്യമല്ലെന്നും അവ പരസ്യമാക്കാൻ കോടതി ഉത്തരവിടണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയെക്കൊണ്ട് പെട്ടെന്നെടുപ്പിച്ച തീരുമാനം 2016 നവംബർ 8-നു പ്രധാനമന്ത്രി പ്രഖ്യാപിക്കുകയാണ് ഉണ്ടായതെന്നും ചിദംബരം പറഞ്ഞു. “രാജ്യത്തെ കറൻസിയുടെ 86.4 ശതമാനം 24 മണിക്കൂർ കൊണ്ടു പിൻവലിച്ചിട്ട് അതു സംബന്ധിച്ച രേഖകൾ മറച്ചുവയ്ക്കുന്നതു ശരിയാണോ” എന്നും അദ്ദേഹം ചോദിച്ചു.
2016-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള നിരവധി ഹര്‍ജികൾ സുപ്രീംകോടതിയിൽ എത്തിയിരുന്നു. എന്നാൽ ഏറെക്കാലം ഈ ഹര്‍ജികൾ സുപ്രീംകോടതിയുടെ പരിഗണന കാത്ത് കിടന്നു. 2016 ഡിസംബറിലാണ് ആദ്യമായി ഈ ഹര്‍ജികൾ ഭരണഘടനാ ബെഞ്ചിന് മുൻപിലെത്തിയത്. എന്നാൽ ബെഞ്ചിൽ ഉൾപ്പെട്ട ജഡ്ജിമാര്‍ വിരമിച്ചതിന് പിന്നാലെ ഈ ഹര്‍ജികൾ വീണ്ടും പെരുവഴിയിലായി. ഒടുവിൽ മുൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ രണ്ട് മാസം മുൻപ് രൂപീകരിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് ഈ ഹര്‍ജികൾ എത്തുകയായിരുന്നു.
അടുത്ത മാസം നവംബർ ഒമ്പതിനാവും ഹർജികൾ പരിഗണിക്കുക. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. റിസർവ് ബാങ്ക് ബോർഡ് യോഗത്തിന്റെ രേഖകൾ കേന്ദ്രസർക്കാരിന്റെ ശുപാർശ അടക്കം വിശദമായി സമർപ്പിക്കണമെന്നാണ് നിർദേശം. നോട്ട് നിരോധനത്തെ ചോദ്യം ചെയ്ത് 58 ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്.

