ഭൂമിയിലെ മാലാഖമാരുടെ കഥ പറയുന്ന സെപ്റ്റംബർ-13 തിയേറ്ററുകളിലേക്ക്…
കൊറോണ കാലഘട്ടത്തില്‍ ഒരു നഴ്സ് അനുഭവിച്ച ത്യാഗങ്ങളുടെയും സഹനങ്ങളുടെയും കഥപറഞ്ഞു കൊണ്ട് ഭൂമിയിലെ മാലാഖാമാരുടെ പച്ചയായ ജീവിതം വരച്ചുകാട്ടുന്ന ചലചിത്രമായ സെപ്റ്റംബർ-13 പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുന്നു. ബാംഗ്ലൂരിലെ നഴ്സിംഗ് കോളേജുകളുടെയും ഹോസ്പിറ്റലുകളുടെയും പശ്ചാത്തലത്തിൽ നഴ്സിംഗ് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളേയും നഴ്സുമാരുടെ മനുഷ്യജീവൻ സംരക്ഷിക്കുന്നതിനുള്ള സമർപ്പിത ജീവിതത്തേയും അടയാളപ്പെടുത്തുന്ന സെപ്തംബര്‍ -13ന്റെ സംവിധായകൻ ഡോ. രാജാ ബാലകൃഷ്ണയാണ്. കർണ്ണാടക മുൻ MLA യും മലയാളിയുമായ കായംകുളം സ്വദേശി ഐവാൻ നിഗ്ലിയും സുഹൃത്തുക്കളും ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.
ശ്രയാ റിഥിൻ നായികയും ചിന്ദൻ റാവൂ നായകനും ആകുന്ന സിനിമയിൽ അഞ്ഞൂറോളം സിനിമകളിലൂടെ കന്നട സിനിമ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ ജയ് ജഗദീഷും തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാറായ വിക്രമിന്റെ സഹോദരൻ അരവിന്ദ് ജോൺ പീറ്ററും സെപ്റ്റംബർ 13 ൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളായ വിനയ പ്രസാദും സ്പടികം ജോർജ്ജും ഉൾപ്പടെ നൂറ്റി അറുപതോളം അഭിനയിതാക്കൾ സിനിമയിൽ വേഷമിട്ടിരിക്കുന്നു.
നഴ്സിംഗ് മേഖലയിലെ ഓരോരുത്തർക്കും സ്വന്തം ജീവിതം എന്ന പോലെ ഈ സിനിമ കണ്ട് അറിയാനാകും. സൗത്ത് ഇന്ത്യൻ സിനിമകളിൽ ഹിറ്റുകൾ ഒരുക്കിയ സുരേഷ് പീറ്റർ ആണ് ഇതിന്റെ ടൈറ്റിൽ സോങ്ങിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായി നഴ്സ് മാർക്ക് വേണ്ടി ഒരുക്കിയ ഒരു ഗാനം ഈ ചിത്രത്തിലുണ്ട്. നഴ്സിംഗ് വിദ്യാർത്ഥികളുടെ കാമ്പസ് ഗാനമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം കന്നട മലയാളം തമിഴ് എന്നീ ഭാഷകൾ ചേർന്നുള്ളതാണ്.
‘നഴ്സിന്റെ കുപ്പായമിട്ടേ ,
നമ്മളാകാശം മുട്ടെ പറക്കും … ‘ എന്ന് തുടങ്ങുന്ന ഈ ഗാനം മലയാള കവിയും ഗാനരചയിതാവുമായ ജോസ് ടൈറ്റസാണ് രചിച്ചിരിക്കുന്നത്. മലയാള സംഗീത സംവിധായകനായ കൃഷ്ണ ലാൽ സംഗീതം ചെയ്ത ഈ ഗാനം അജയ് വാര്യരും പ്രിയാ ജോസ് ടൈറ്റസും ചേർന്ന് ആലപിച്ചിരിക്കുന്നു. നഴ്സിംഗ് കോളേജ് കാമ്പസുകളിൽ ഒരു കാമ്പസ് സോങ്ങായി ഈ ഗാനം എപ്പോഴും ഉപയോഗിക്കാവുന്നതാണ്.
ഇന്റർനാഷണൽ നഴ്സസ് ഡേയായ മെയ് 12ന് കർണ്ണാടക ചീഫ് മിനിസ്റ്റർ ബസ്വരാജ് ബൊമ്മയും ഹെൽത്ത് മിനിസ്റ്റർ ഡോ.സുധാകറും ചേർന്ന് ചീഫ് മിനിസ്റ്ററുടെ ഓഫീസിൽ വച്ച് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.കന്നടയ്ക്കു പുറമേ മലയാളത്തിലും മറ്റ് ഇതര ഭാഷകളിലും ഈ സിനിമ റിലീസ് ചെയ്യുന്നു. ജനറേഷൻ ഗ്യാപ്പില്ലാതെ എല്ലാ തലമുറകൾക്കും ഒന്നിച്ചിരുന്ന് കാണാൻ കഴിയുന്ന ഈ കുടുംബ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയാണ് പിന്നണി പ്രവര്‍ത്തകര്‍ക്കുള്ളത്.