INDIANEWS MAIN

പോപ്പുലർ ഫ്രണ്ട്നെ നിരോധിച്ചു. നിരോധനം അഞ്ചു വര്‍ഷത്തേക്ക്

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ്. അഞ്ച് വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘടന ഓഫീസുകളിലും നേതാക്കന്മാരുടെ വസതികളിലും അടക്കം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടര്‍ച്ചയായി റെയ്ഡ് നടത്തുന്നതിനിടെയാണ് നിരോധനം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.

നിരോധിക്കാനുള്ള കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഭീകര പ്രവർത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം. സംഘടനയെ നിരോധിക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്നുവെന്നും അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ‍്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും ആണ്പരിശോധന നടത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പലയിടത്തുംറെയിഡ് തുടരുകയാണ്. റെയിഡിനു പിന്നാലെ സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്ക് എതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.

റെയിഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ എന്‍ഐഎ റെയ്ഡും നടപടികളും തുടര്‍ന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറങ്ങുന്നത്. എൻ ഐ എയും ഇ ഡിയും ആണ് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീട്ടിലുമടക്കം പരിശോധന നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവർത്തനം നടത്തിയെന്നും, ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയെന്നും ,ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു എന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം. പോപ്പുലര്‍ ഫ്രണ്ട് അടക്കം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.

0