ശബരിമല കേസിലെ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിന് ഒമ്പതംഗ ബഞ്ച് രൂപീകരിച്ചു

Print Friendly, PDF & Email

ശബരിമല കേസിലെ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എല്‍ നാഗേശ്വര്‍ റാവു, മോഹന്‍ ശന്തനഗൗഡര്‍, അബ്ദുല്‍ നസീര്‍, ആര്‍ സുഭാഷ് റെഡ്ഢി, ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബഞ്ചിലുള്ളത്.

ജനുവരി 13നാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. തുറന്ന കോടതിയില്‍ ആയിരിക്കും വാദം കേള്‍ക്കുന്നത്. ശബരിമലയിലെ സ്ത്രീ വിലക്ക് ആരാധനയ്ക്ക് ഭരണഘടനാപരമായി യുവതികള്‍ക്ക് നല്‍കുന്ന അവകാശത്തെ ലംഘിക്കുന്നുണ്ടോ എന്നതാകും പ്രധാനമായും പരിശോധിക്കുക. ശബരിമല പുനഃപരിശോധനാ വിധി മാത്രമല്ല, മറ്റ് മതങ്ങളിലും നിലനില്‍ക്കുന്ന ആചാരകാര്യങ്ങളില്‍ നിലനില്‍ക്കുന്നവിവേചനങ്ങളെ പറ്റിയുള്ള വിഷയങ്ങളും ബെഞ്ചിന്റെ പരിഗണനയില്‍ വരും.

കേസുമായി ബന്ധപ്പെട്ട് മുഴുനീള വാദമായിരിക്കും കോടതികേള്‍ക്കുക. നിലവില്‍ അന്‍പതോളം കക്ഷികളാണ് കേസിന്റെ ഭാഗമായി ചേര്‍ന്നിട്ടുള്ളത്. പുതിയ വാദങ്ങളുണ്ടെങ്കില്‍ അവയും കേള്‍ക്കും. ഏഴു പ്രധാന ചോദ്യങ്ങളാണ് പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച അഞ്ചംഗ ബഞ്ച് വിപുലമായ ബഞ്ചിന് വിട്ടത്. മതസ്വാതന്ത്ര്യം, തുല്യത എന്നിവ വ്യക്തമാക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങള്‍ തമ്മിലുള്ള പാരസ്പര്യം, ഭരണഘടനാ ധാര്‍മ്മികതയുടെ വ്യഖ്യാനം, ‘ഒരു വിഭാഗം ഹിന്ദുക്കള്‍’ എന്ന ഇരുപത്തിയഞ്ചാം അനുച്ഛേദത്തിലെ പരാമര്‍ശത്തിന്റെ വ്യഖ്യാനമെന്ത് തുടങ്ങിയ ചോദ്യങ്ങളാണ് ബഞ്ച് ഉന്നയിച്ചത്. വിപുലമായ ബഞ്ചിന്റെ തീരുമാനം വന്ന ശേഷം യുവതീ പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാം എന്നാണ് സുപ്രീം കോടതി നിലപാട് എടുത്തിരിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •