‘ഓപ്പറേഷൻ താമര ഓപ്പറേഷൻ ചേറാ’ണെന്ന് തെളിയിക്കാന്‍ ഡല്‍ഹിയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളുടെ മാതൃകയിൽ തങ്ങളുടെ സർക്കാരിനേയും താഴെയിറക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും എഎപി ആരോപിച്ചുകൊണ്ട് ഡൽഹി സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസവോട്ട് തേടും. ആം ആദ്‌മി പാർട്ടിയെ പിളർത്തി സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പിന്തുണ ബോധ്യപ്പെടുത്താൻ വിശ്വാസവോട്ട് തേടുമെന്ന് പ്രഖ്യാപിച്ചത്. 70 അംഗ നിയമസഭയിൽ 62 എംഎൽഎമാരാണ് എഎപിക്കുള്ളത്. ആപ്പ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി ശ്രമം നടത്തുന്നുണ്ടെന്നും എംഎൽഎമാർ തനിക്കൊപ്പം തന്നെയാണെന്ന് തെളിയിക്കുന്നതിനാണ് വിശ്വാസവോട്ട് തേടുന്നതെന്നും’ കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. എംഎൽഎമാരെ ബിജെപി 20 കോടി വാഗ്ദാനം ചെയ്ത് പാർട്ടിയിലേക്ക് ക്ഷണിച്ചുവെന്ന് കെജ്‌രിവാൾ ആരോപിച്ചിരുന്നു. ഇതിനെതുടർന്ന് പാർട്ടിയിൽ കൂറുമാറ്റമില്ലെന്ന് തെളിയിക്കാനാണ് പാർട്ടി അധ്യക്ഷൻ കൂടിയായ കെജ്‌രിവാൾ വിശ്വാസവോട്ടിന് നിർദേശിച്ചത്. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്‌രിവാൾ പാർട്ടി എംഎൽഎമാർക്കൊപ്പം മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടിൽ പ്രാർത്ഥനക്ക് എത്തിയിരുന്നു. പിന്നാലെ കെജ്‌രിവാളിന്റെ വസതിയിൽ നടന്ന യോഗത്തിൽ എഎപിയുടെ 62 എംഎൽഎമാരിൽ 53 പേർ ഡൽഹിയിൽ പങ്കെടുത്തിരുന്നു. മറ്റ് എംഎൽഎമാരെ കാണാനില്ലെന്നും ആരോപണമുണ്ടായി. ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ പരാജയത്തിനായി പ്രാർത്ഥിക്കാനാണ് എംഎൽഎമാർക്കൊപ്പം താൻ രാജ്ഘട്ടിലേക്ക് പോയതെന്ന് കെജ്രിവാൾ പറഞ്ഞു. ‘ഓപ്പറേഷൻ താമര ഡൽഹിയിൽ വെറും ഓപ്പറേഷൻ ചേറായി മാറി എന്ന് ഇന്ന് തെളയുമെന്ന് കെജ്രിവാൾ അവകാശപ്പെട്ടു.

