വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണo – വി ഡി സതീശന്‍
ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചും യുജിസി മാനദണ്ഡങ്ങള്‍ മറികടന്നുമുള്ള വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കണം. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടികാട്ടിയതാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശം അംഗീകരിച്ച ഗവര്‍ണറുടെ നടപടിയും നിയമ വിരുദ്ധമാണ്. ഗവര്‍ണര്‍ ഇപ്പോഴെങ്കിലും തെറ്റ് മനസിലാക്കിയതില്‍ സന്തോഷമുണ്ട്. കാലടി വിസി നിയമനത്തിന് പാനലിന് പകരം ഒറ്റപേര് നല്‍കിയ സെര്‍ച്ച് കമ്മിറ്റി നടപടി പൂര്‍ണമായും തെറ്റാണ്. ഒറ്റ പേര് മതിയെന്ന് ഗവര്‍ണര്‍ സമ്മതിച്ചുവെങ്കില്‍ അതിനും ന്യായീകരണമില്ല.
ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം പ്രതിപക്ഷത്തിന്റെ വിഷയമല്ല. ഈ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ദില്ലിയിൽ പ്രത്യേകം ആളുകളുണ്ട്. നേരത്തെയും ഇത്തരം ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, സര്‍വകലാശാലകളുടെ സ്വയംഭരണാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതും പ്രതിപക്ഷം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാന തസ്തികകള്‍ പാര്‍ട്ടിക്കാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷം നിയമ നടപടികള്‍ സ്വീകരിക്കും.
ഇവിടെ ഒന്നും നടക്കരുതെന്ന് വിചാരിക്കുന്നവരെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ആരെ കുറിച്ചാണെന്ന് വ്യക്തമല്ല. ഒരു വിമര്‍ശനം പോലും മുഖ്യമന്ത്രി സഹിക്കില്ല. വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന നരേന്ദ്ര മോദിയുടെ മാതൃകയാണ് പിണറായി വിജയനും പിന്തുടരുന്നത്. ഇത് ഏകാധിപധികളുടെ പൊതുസ്വഭാവമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, ചാൻസലർ സ്ഥാനത്ത് നിന്നൊഴിയാമെന്ന് കത്ത് നൽകി ഗവർണർ തുടങ്ങിവച്ച പരസ്യ പോരാട്ടത്തിന് മുഖ്യമന്ത്രി പരസ്യമായി തന്നെ മറുപടിയുമായി രംഗത്തെത്തിയതോടെ ഭരണത്തലവൻമാർ നേർക്കുനേർ എത്തിയ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഗവർണർ എടുത്ത തീരുമാനങ്ങൾ തള്ളിപ്പറയുന്നതിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന ഗുരുതര ആക്ഷേപം ഉന്നയിച്ച് മുഖ്യമന്ത്രി ഇന്നലെ ഉച്ചയ്ക്ക് ശേഷം രംഗത്തെത്തിയതോടെയാണ് പോര് അസാധാരണ നിലയിലേക്ക് കടന്നത്. ബാഹ്യ ഇടപെടൽ സംശയത്തിലൂടെ മുഖ്യമന്ത്രി പിണറായി ചോദ്യം ചെയ്യുന്നത് ഗവർണ്ണറുടെ വിശ്വാസ്യത തന്നെയാണ്. ബാഹ്യ ഇടപെടൽ ആരോപണം മറുപടി പറയാതെ തള്ളിയ ഗവർണ്ണർ ആരിഫ് ഖാൻ സർക്കാരിനെതിരായ വിമർശനങ്ങളുടെ മൂർച്ച കൂട്ടി പിന്നാലെ രംഗത്തെത്തി. സർക്കാരിന്‍റെ തലവനും ഭരണത്തലവനും തമ്മിൽ പരസ്യമായി ഏറ്റുമുട്ടുന്ന അസാധാരണ സാഹചര്യത്തിന് എങ്ങനെ അവസാനമാകും എന്ന ചോദ്യമാണ് ഇപ്പോൾ പൊതുസമൂഹത്തിലുയരുന്നത്.