ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ഛയം മായാപൂരില്‍ ഉടന്‍ തുറക്കും.
വത്തിക്കാനിലെ സെന്റ് പോൾസ് കത്തീഡ്രലിനേക്കാളും ആഗ്രയിലെ താജ്മഹലിനേക്കാളും വലുയ ക്ഷേത്ര സമുച്ഛയം പശ്ചിമ ബംഗാളിലെ മായാപൂരില്‍ ആരാധകര്‍ക്കായി തുറക്കുന്നു. രാജ്യത്തെ ഐക്കണിക് കെട്ടിടങ്ങളുടെ പട്ടികയിൽ ചേരുവാന്‍ പോകുന്ന ടെംപിൾ ഓഫ് വേദ് പ്ലാനറ്റോറിയം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മതമന്ദിരം ഇനി ഇന്ത്യയുടെ സ്വന്തമാകും. മതപരമായ കെട്ടിടത്തിന് ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടവും ഇനി ടെംപിൾ ഓഫ് വേദ് പ്ലാനറ്റോറിയത്തിന്‍റേതായിരിക്കും. അതിഗംഭീരമായ ക്ഷേത്രം ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്ണ കോൺഷ്യസ്‌നസിന്റെ (ഇസ്കോൺ) ആസ്ഥാനമായിരിക്കും
2010-ൽ നിര്‍മ്മാണം ആരംഭിച്ച ഈ ക്ഷേത്രത്തിന് 100 മില്യൺ ഡോളറാണ് മതിപ്പു ചിലവ്. ഇസ്‌കോൺ ക്ഷേത്ര ആചാരപ്രകാരം 10,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷി ക്ഷേത്രത്തിന് ഉണ്ടായിരിക്കും. ഭഗവദ് പുരാണത്തിലെ വിശുദ്ധ ഗ്രന്ഥങ്ങൾക്കനുസൃതമായി ഗ്രഹവ്യവസ്ഥയുടെ പ്രവർത്തനത്തെ പ്രതീകപ്പെടുത്തുന്ന ഒരു വലിയ കറങ്ങുന്ന മാതൃകയും കെട്ടിടത്തിൽ ഉണ്ടാകും. വേദ പ്രപഞ്ചവും പുരാണങ്ങളുടെ കഥകളും മനസ്സിലാക്കാൻ എല്ലാവരേയും സഹായിക്കുന്നതിന് മുഴുവൻ വേദ പ്രപഞ്ചശാസ്ത്രവും സംവേദനാത്മകമായി പ്രദർശിപ്പിക്കുന്ന ആദ്യത്തെ ക്ഷേത്രമന്ദിരം ആയിരിക്കുമിതെന്ന് ക്ഷേത്ര അധികൃതരുടെ ട്വീറ്റ് അവകാശപ്പെട്ടു.
മുമ്പ്, 2022-ഓടെ ക്ഷേത്രത്തിന്റെ വാതിൽ ഭക്തർക്കായി തുറക്കാൻ പദ്ധതി ഇട്ടിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി മൂലം ക്ഷേത്ര നിര്‍മ്മാണ പൂര്‍ത്തീകരണം വൈകി. തൽഫലമായി, 2024-ഓടെ നിർമാണം പൂർത്തീകരിക്കാനാണ് അധികൃതരുടെ പ്രതീക്ഷ.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയുടെ നിർമ്മാണം നോക്കുന്നത് ബിസിനസ് മുതലാളി ഹെൻറി ഫോർഡിന്റെ ചെറുമകനായ ആൽഫ്രഡ് ഫോർഡാണ്. ഇപ്പോൾ അംബരീഷ് ദാസ് എന്ന പേര് സ്വീകരിച്ചിരിക്കുന്ന ഫോർഡ് ഒരു ഇസ്‌കോൺ ഭക്തനാണ്.

