ലോകായുക്ത നിയമഭേദഗതി ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ബില്ലിൻ്റെ കരട് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ലോകായുക്തയുടെ വിധി പുനപരിശോധിക്കാൻ സര്‍ക്കാരിന് അധികാരം നൽകുന്നതാണ് ബില്ലിലെ ഭേദഗതി. ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനപരിശോധിക്കാമെന്നും വിധി തള്ളിക്കളയാമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിയമനിര്‍മ്മാണത്തിന് വേണ്ടി മാത്രമായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് റദ്ദായ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിയമസഭയുടെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുന്നത്. ഓർഡിനൻസുകൾ റദ്ദായ സാഹചര്യത്തിലെ അസാധാരണ സ്ഥിതിവിശേഷം മറികടക്കാനാണ് വേഗത്തിൽ സമ്മേളനം വിളിക്കാൻ തീരുമാനിച്ചതെന്ന് സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അസാധാരണ പോരാണ് നിയമസഭാ സമ്മേളനത്തിൽ പ്രധാനമായും ചര്‍ച്ചയ്ക്ക് വഴിയൊരുക്കുക.സെപ്റ്റംബർ രണ്ടുവരെയാണ് സമ്മേളനം.
ലോകായുക്ത ഭേദഗതി സംബന്ധിച്ച് സിപിഎം നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് സിപിഐക്കുള്ളത്. ഈ ഭിന്നത പരിഹരിക്കാൻ ഇതുവരെ സിപിഐ-സിപിഎം ചര്‍ച്ച നടന്നിട്ടില്ല. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സർക്കാറിനോ തള്ളിക്കളയാമെന്ന സര്‍ക്കാര്‍ ഭേദഗതിയോട് സിപിഐക്ക് എതിർപ്പാണ്. സർക്കാറിന് പകരം ഒരു സ്വതന്ത്ര ഉന്നതാധികാരസമിതി ഹിയറിംഗ് നടത്തട്ടെ എന്നാണ് സിപിഐ നിര്‍ദ്ദേശം. ഇത് സർക്കാറിൻറെ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാമെന്നായിരുന്നു ഭേദഗതിയോട് എതിര്‍പ്പ് ഉന്നയിച്ച സിപിഐ മന്ത്രിമാരോട് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയും നിയമമന്ത്രിയും പറഞ്ഞത്. ഈ സാഹചര്യത്തിൽ ലോകായുക്ത വിഷയത്തിലെ സിപിഐയുടെ പിന്നോട്ടും പോക്കും നിയമസഭയിൽ വലിയ ചർച്ചയാകും. വരുന്ന ബുധനാഴ്ച ബിൽ സര്‍ക്കാര്‍ നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം ബില്ലിനെ ശക്തിയായി എതിര്‍ക്കും എന്നുറപ്പാണ് എന്നാൽ സിപിഐയുടെ നിലപാടാവും സഭയിൽ കൂടുതൽ നിര്‍ണായകമാവുക.

