യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാ‍‍ര്‍ത്ഥി.

Print Friendly, PDF & Email

ബിജെപി മുന്‍ നേതാവും തൃണമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസഡന്റുമായ യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാ‍‍ര്‍ത്ഥി. തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി അംഗീകരിച്ചതോടെയാണ് യശ്വന്ത് സിൻഹയുടെ പേര് രാഷ്ട്രപതി സ്ഥാനാത്ഥിയായി പ്രതിപക്ഷനിരയിൽ അംഗീകരിക്കപ്പെട്ടത്. രാജ്യത്തെ പ്രമുഖ 17 പ്രതിപക്ഷ പാ‍ര്‍ട്ടികളുടെ യോഗം യശ്വന്ത് സിന്‍ഹയുടെ പേര് അംഗീകരിച്ചതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തിന്‍റെ പേര് കോൺഗ്രസ് നേതാവ് ജയറാം രമേശ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തിന് കൂടുതല്‍ ഹാനി വരുത്തുന്നതില്‍ നിന്നും മോദി സര്‍ക്കാരിനെ തടയാനാണ് ഇത്തരത്തിലൊരു നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. എല്ലാ പാര്‍ട്ടികളും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാത്മാഗാന്ധിയുടെ ചെറുമകൻ ഗോപാൽ കൃഷ്ണ ഗാന്ധി, നാഷ്ണൽ കോൺഫറൻസ് തലവൻ ഫാറൂഖ് അബ്ദുള്ള എന്നിവർ രാഷ്ട്രതി സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനു പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷൻ യശ്വന്ത് സിൻഹയുടെ പേര് ഉയർന്നുവന്നത്. രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയുടെ പേര് നിർദ്ദേശിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാറായിരുന്നു. എന്നാൽ യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജി വയ്ക്കണമെന്ന് കോൺഗ്രസും ഇടതു പാർട്ടികളും നിലപാടെടുത്തു. ഇത് അംഗീകരിച്ച് അദ്ദേഹം തൃണമൂലിൽ നിന്നും രാജിവെച്ചു. പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികൾ യോഗം ചേ‍ര്‍ന്ന് അദ്ദേഹത്തെ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായിരുന്നു.

24 വ‍ര്‍ഷം സിവിൽ സ‍ര്‍വീസ് മേഖലയിൽ പ്രവ‍ര്‍ത്തിച്ച യശ്വന്ത് സിൻഹ 1986 ലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജനതാദളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് ബിജെപി മന്ത്രിസഭയിലടക്കം കേന്ദ്രമന്ത്രിയായി പ്രവർ‍ത്തിച്ചു. ചന്ദ്രശേഖ‍ര്‍, വാജ്പേയി മന്ത്രിസഭകളിൽ അംഗമായിരുന്നു. ചന്ദ്രശേഖ‍റിന്റെ കേന്ദ്ര മന്ത്രിസഭയിൽ ധനമന്ത്രിയായി പ്രവ‍ര്‍ത്തിച്ചു. പിന്നീട് ബിജെപിയിൽ ചേര്‍ന്ന ശേഷം വാജ്പേയ് മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായും വിദേശ കാര്യമന്ത്രിയായും പ്രവ‍‍ര്‍ത്തിച്ചു. അതിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തോട് ഇടഞ്ഞാണ് 2018 ൽ ബിജെപി വിട്ടത്. പിന്നീട് 2021 ൽ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേര്‍ന്നു. നിലവിൽ തൃണമൂൽ വൈസ്പ്രസിഡന്റായിരിക്കെയാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയാകാൻ രാജിവെച്ചത്. ബിജെപിയുടെ ഒരു മുൻ നേതാവിനെ തന്നെയാണ് പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നത് ശ്രദ്ധേയമാണ്.

കോൺഗ്രസ്, എൻസിപി, ടിഎംസി, സിപിഐ, സിപിഐ എം, സമാജ്‌വാദി പാർട്ടി, നാഷണൽ കോൺഫറൻസ്, എഐഎംഐഎം, ആർജെഡി, എഐയുഡിഎഫ് തുടങ്ങിയ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. എന്നാല്‍ ടിആർഎസ്, ബിജെഡി, എഎപി, എസ്എഡി, വൈഎസ്ആർസിപി എന്നീ അഞ്ച് പ്രാദേശിക പാർട്ടികൾ ജൂൺ 15ന് മമതാ ബാനർജി വിളിച്ച യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ഈ പാര്‍ട്ടികളും യശ്വന്ത് സിന്‍ഹയെ പിന്തുണക്കുന്ന നിലപാട് ആണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്.