സി.കെ. ജാഫര്‍ ഷെരീഫ് അന്തരിച്ചു
1991-95 കാലഘട്ടത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി.കെ. ജാഫര്‍ ഷെരീഫ് (85) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കാറില്‍ കയറുന്നതിനിടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
1933 നവംബര് 3ന് ചിത്രദുര്‍ഗ്ഗ ജില്ലയില്‍ ചേലക്കരെയില്‍ ജനിച്ച ജാഫര്‍ ഷെരീഫ് നിജലിംഗപ്പയടെ അനുയായിയായി ആണ് രാഷ്ട്രീയത്തില്‍ എത്തിയത്. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധി വിഭാഗത്തിനൊപ്പം നിന്നു.
റെയില്‍വെ മന്ത്രിയെന്ന നിലയില്‍ രാജ്യത്തെ തീവണ്ടിപ്പാളങ്ങളുടെ ഗേജ് മാറ്റത്തില്‍ സുപ്രധാന പങ്കുവഹിച്ച ജാഫര്‍ ഷെരീഫ് ആണ് കര്‍ണാടകത്തിലെ റെയില്‍വെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ബെംഗളൂരുവില്‍ റെയില്‍വെ വീല്‍ ആന്‍ഡ് ആക്‌സില്‍ പ്ലാന്റ് സ്ഥാപിച്ചതും അദ്ദേഹത്തിന് പരിശ്രമ ഫലമായാണ്.

