നാഷണൽ ഹെറാൾഡ് കേസ്: 50 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ രാഷ്ട്രീയ പ്രേരിതമോ…?

Print Friendly, PDF & Email

ജവഹര്‍ലാല്‍ നെഹറു സ്ഥാപിച്ച അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (AJL) എന്ന കമ്പനിയെ രാഹുല്‍ ഗാന്ധി ഡയറക്ടറായ യങ് ഇന്ത്യൻ ലിമിറ്റഡ് (YIL) ഏറ്റെടുത്തതിൽ വിശ്വാസവഞ്ചനയും സാമ്പത്തിക അഴിമതിയും ഉണ്ടെന്ന് ആരോപിച്ച് 2012 ൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവും അഭിഭാഷകനുമായ സുബ്രഹ്മണ്യൻ സ്വാമി ഡല്‍ഹി കോടതിയിൽ പരാതി നൽകി. യങ് ഇന്ത്യൻ ലിമിറ്റഡ് (YIL) നാഷണൽ ഹെറാൾഡിന്റെ സ്വത്തുക്കള്‍ ക്രമരഹിതമായ’ രീതിയിൽ ‘ഏറ്റെടുത്തതില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ട് എന്ന് അദ്ദേഹം ആരോപിച്ചു. ഇരു കമ്പനികളുടേയും ഓഹരി ഉടമകളുടെ പാറ്റേൺ, ഏറ്റെടുത്തതിലുള്ള സാമ്പത്തിക ഇടപാടുകൾ, രണ്ട് സ്ഥാപനങ്ങളുടെയും പ്രവർത്തനത്തിൽ പാർട്ടി ഭാരവാഹികളുടെ പങ്ക് എന്നിവ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് ഈ പരാതിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും സമൻസ് അയച്ചു. ഇവര്‍ക്കു പുറമേ, മോത്തിലാൽ വോറ, ഓസ്‌കാർ ഫെർണാണ്ടസ്, മാധ്യമപ്രവർത്തകൻ സുമൻ ദുബെ, സാങ്കേതിക വിദഗ്ധൻ സാം പിത്രോഡ എന്നിവരേയും പ്രതി ചേർത്തിട്ടുണ്ട്.

നാഷണൽ ഹെറാൾഡ് ദിനപത്രവും അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (AJL) കമ്പനിയും
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (AJL) ജവഹർലാൽ നെഹ്‌റുവിന്റെ ആശയമാണ്. 5000 സ്വാതന്ത്ര്യ സമര സേനാനികളെ ഓഹരിയുടമകളാക്കികൊണ്ട് 1937-ൽ ആണ് നെഹ്‌റു ഈ സ്ഥാപനം ആരംഭിച്ചത്. സ്വതന്ത്ര്യ സമര കാലഘട്ടത്തില്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ലിബറൽ ബ്രിഗേഡിന്റെ ആശങ്കകൾ പ്രകടിപ്പിക്കുന്ന ഒരു പത്രം തുടങ്ങുക എന്നതായിരുന്നു ലക്ഷ്യം. സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജ്ജം നല്‍കിക്കൊണ്ട് 1938-ൽ നാഷണൽ ഹെറാൾഡ് പ്രസദ്ധീകരണം ആരംഭിച്ചു. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (AJL) പ്രസിദ്ധീകരിച്ച ഈ പത്രം സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് പാർട്ടിയുടെ മുഖപത്രമായി മാറി. 2008 വരെ നാഷണൽ ഹെറാൾഡ് ദിനപത്രം ഇംഗ്ലീഷിലും ക്വാമി ആവാസ് ഉർദുവിലും നവജീവൻ ഹിന്ദിയിലും പ്രസിദ്ധീകരിച്ചു വന്നിരുന്നു. എന്നാല്‍ 2008 ആയപ്പോഴേക്കും എജെഎല്‍ന്‍റെ കടബാധ്യത 90 കോടിയിലധികം രൂപ ആവുകയും 2008ൽ പത്രം പൂട്ടിക്കെട്ടുകയും ചെയ്തു. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (AJL) കമ്പനി പ്രത്യേകിച്ച് ഒരു വ്യക്തിയുടേതല്ല. 2010ൽ കമ്പനിക്ക് 1057 ഓഹരിയുടമകളുണ്ടായിരുന്നു. 2011 ൽ അതിന്റെ ഹോൾഡിംഗുകൾ യംഗ് ഇന്ത്യയിലേക്ക് മാറ്റി.

യംഗ് ഇന്ത്യ ലിമിറ്റഡ് (YIL)
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡ് പുനര്‍ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2010-ലാണ് യംഗ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിച്ചത്. അന്ന് കോൺഗ്രസ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന രാഹുൽ ഗാന്ധി ഡയറക്ടറായി. കമ്പനിയുടെ 76 ശതമാനം ഓഹരികൾ രാഹുൽ ഗാന്ധിക്കും അമ്മ സോണിയയ്ക്കും ഉള്ളപ്പോൾ ബാക്കി 24% കോൺഗ്രസ് നേതാക്കളായ മോത്തിലാൽ വോറയുടെയും ഓസ്‌കർ ഫെർണാണ്ടസിന്റെയും കൈവശമാണ്. കമ്പനിക്ക് വാണിജ്യ പ്രവർത്തനങ്ങളൊന്നും ഇല്ലെന്ന് പറയപ്പെടുന്നു.
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (AJL) കമ്പനിയെ യംഗ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തപ്പോൾ മുൻ നിയമമന്ത്രി ശാന്തി ഭൂഷൺ, അലഹബാദ്, മദ്രാസ് ഹൈക്കോടതികളിലെ മുൻ ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു എന്നിവരുൾപ്പെടെ നിരവധി ഓഹരി ഉടമകൾ YIL തങ്ങൾക്ക് ഒരു അറിയിപ്പും നല്‍കിയില്ലെന്നും അവരുടെ പിതാക്കന്മാരുടെ കൈവശമുള്ള ഓഹരികൾ അവരുടെ സമ്മതമില്ലാതെ 2010-ൽ AJL-ലേക്ക് മാറ്റിയെന്നും ആരോപണവുമായി രംഗത്തുവന്നു.

2,000 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കളും നേടാൻ പ്രവർത്തനരഹിതമായ പ്രിന്റ് മീഡിയ ഔട്ട്‌ലെറ്റിന്റെ ആസ്തികൾ യംഗ് ഇന്ത്യ ലിമിറ്റഡ് (YIL) “ക്രമരഹിമായ രീതിയില്‍ ഏറ്റെടുത്തു” എന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (AJL) കോൺഗ്രസ് പാർട്ടിക്ക് നൽകാനുള്ള 90.25 കോടി രൂപ തിരിച്ചുപിടിക്കാനുള്ള അവകാശം നേടിയെടുക്കാൻ യംഗ് ഇന്ത്യ ലിമിറ്റഡ് (YIL) വെറും 50 ലക്ഷം രൂപ നൽകിയെന്നും അതിനായി 1കോടി രൂപ കടമെടുക്കാനായി രാഹുൽ ഗാന്ധി 1 ലക്ഷം രൂപ നല്‍കിയെന്നും സ്വാമി ആരോപിക്കുന്നു. പത്രം തുടങ്ങാൻ വായ്പയായി തുക നേരത്തെ നൽകിയിരുന്നു. പാർട്ടി ഫണ്ടിൽ നിന്ന് എടുത്ത വായ്പയായതിനാൽ എജെഎല്ലിന് നൽകിയ വായ്പ “നിയമവിരുദ്ധമാണ്” എന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ YIL സൃഷ്ടിച്ചത് “ജീവകാരുണ്യത്തിന്റെ ലക്ഷ്യത്തോടെയാണ്”, അല്ലാതെ ഒരു ലാഭത്തിനും വേണ്ടിയല്ലന്നും കമ്പനിയുടെ ഓഹരികൾ കൈമാറ്റം ചെയ്യുന്നത് “വെറും വാണിജ്യ ഇടപാട്” ആയതിനാൽ ഇടപാടിൽ “നിയമവിരുദ്ധത” ഇല്ലെന്നുംകോണ്‍ഗ്രസ് പറയുന്നു. സ്വാമി നൽകിയ പരാതിയെ “രാഷ്ട്രീയ പ്രേരിതം” എന്നാണ് കോണ്‍ഗ്രസ്സ് വിശേഷിപ്പിക്കുന്നത്.

2014ൽ കേസിൽ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നറിയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുനരാരംഭിച്ചതായി 2015 സെപ്റ്റംബർ 18-ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. 2015ൽ, ഹൈക്കോടതിയിൽ വേഗത്തിലുള്ള വിചാരണയ്ക്കായി കേസ് നടത്തണമെന്ന് സുപ്രീം കോടതി സ്വാമിയോട് ആവശ്യപ്പെട്ടു. കേസിൽ സോണിയയ്ക്കും രാഹുൽ ഗാന്ധിക്കും 2015 ഡിസംബർ 19-ന് വിചാരണക്കോടതി ജാമ്യം അനുവദിച്ചു. 2016-ൽ, കേസിലെ അഞ്ച് പ്രതികൾക്കും (ഗാന്ധിമാർ, മോത്തിലാൽ വോറ, ഓസ്കാർ ഫെർണാണ്ടസ്, സുമൻ ദുബെ) സുപ്രീം കോടതി ഇളവ് അനുവദിച്ചു. 2018-ൽ, 56 വർഷം പഴക്കമുള്ള പെർപെച്വൽ ലീസ് അവസാനിപ്പിക്കാനും ഹെറാൾഡ് ഹൗസ് പരിസരത്ത് നിന്ന് എജെഎൽ പുറത്താക്കാനും കേന്ദ്രം തീരുമാനിച്ചു – 1962-ൽ കെട്ടിടം അനുവദിച്ചതിന്റെ പ്രത്യക്ഷമായ ലക്ഷ്യം. 2018 നവംബർ 15-നകം AJL ഉടമസ്ഥാവകാശം കൈമാറണമെന്ന് L&DO ആവശ്യപ്പെട്ടിരുന്നു. കെട്ടിടം വാണിജ്യ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിച്ചതാണെന്ന് ഒഴിപ്പിക്കൽ ഉത്തരവിൽ അവകാശപ്പെട്ടു. എന്നിരുന്നാലും, 2019 ഏപ്രിൽ 5 ന്, സുപ്രീം കോടതി, 1971 ലെ പൊതു പരിസരം (അനധികൃത താമസക്കാരെ ഒഴിപ്പിക്കൽ) ആക്ട് പ്രകാരമുള്ള AJL നെതിരായ നടപടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്റ്റേ ചെയ്തു.

അന്വേഷണത്തിന്‍റെ പേരില്‍ തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുവാന്‍ ഇഡി വിളിപ്പിച്ചിരിക്കുന്നത്. അതായത് 50 മണിക്കൂറോളം ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ ഈ ചോദ്യം ചെയ്യലില്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായ പ്രതിക്ഷേധത്തിലാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയേയും ചോദ്യം ചെയ്യുവാന്‍ വിളിപ്പിച്ചിരുന്നുവെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാകുവാന്‍ സോണിയായിക്ക് സാധിച്ചിട്ടില്ല. അന്തമില്ലാതെ നീളുന്ന ഈ ചോദ്യംചെയ്യല്‍ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമാണന്ന തോന്നല്‍ രാജ്യമെമ്പാടും ശക്തമായി കൊണ്ടിരിക്കുന്നു. ചോദ്യം ചെയ്യലിന്‍റെ അവസാനം ഒരു അറസ്റ്റും വലിയൊരു വിഭാഗം പ്രതീക്ഷിക്കുന്നു. അത്തരമൊരു വിവരക്കേടിന് മോദി സര്‍ക്കാര്‍ തയ്യാറായാല്‍ ഒരു ദേശീയ നേതാവിന്‍റെ ഉദയമായിരിക്കും രാജ്യം കാണുക…. പപ്പുമോനില്‍ നിന്ന് കരുത്തനായ ദേശീയ നേതാവിലേക്കുള്ള രാഹുല്‍ഗാന്ധിയുടെ പരിണാമം. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിന്‍റെ തിരിച്ചുവരവിനും ചിതറികിടക്കുന്ന പ്രതിപക്ഷത്തിന്‍റെ ഏകീകരണത്തിനും അതു ഹേതുവാകും.

Pravasabhumi Facebook

SuperWebTricks Loading...