⏩MIDDLE KERALA⏩PALAKKAD

പകരത്തിന് പകരം കൊലപാതകങ്ങൾ അരങ്ങേറുന്ന പാലക്കാട് കടുത്ത നടപടികളുമായി പോലീസ്.

പകരത്തിന് പകരം കൊലപാതകങ്ങൾ അരങ്ങേറുന്ന പാലക്കാട് കടുത്ത നടപടികളുമായി പോലീസ്. പ്രതികാര കൊലപാതകങ്ങള്‍ രണ്ടെണ്ണമായ സാഹചര്യത്തിലാണ് എല്ലാ ജില്ലകളിലേയും പൊലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഡിജിപിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പാലക്കാട്ടെ കൊലപാതകങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് ഈ രണ്ട് അന്വേഷണ സംഘങ്ങളുടെ അന്വേഷണ പുരോഗതി വിലയിരുത്തും. ഇന്നലെ പോപ്പുലർ ഫ്രണ്ട് നേതാവും 24 മണിക്കൂറിനുള്ളിൽ ഇന്ന് ആർഎസ്എസ് പ്രവർത്തകനും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മുൻകരുതലുകൾ കൂടുതൽ കടുപ്പിപ്പിക്കാൻ പൊലീസ് മേധാവി നിർദ്ദേശം നൽകിയത്.

ഇന്നലെ ഉച്ചയോടെയാണ് സുബൈറിന്‍റെ അരും കൊലചെയ്തത്. പാലക്കാട് എലപ്പുള്ളി കുത്തിയതോട് പള്ളിയിൽ നിന്ന് നിസ്കരിച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. സുബൈറിന്റെ ശരീരത്തിൽ 50ൽ അധികം വെട്ടുകൾ ഏറ്റിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളിൽ നിന്നും രക്തം വാർന്നതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. വിശദ റിപ്പോർട്ട് ദിവസങ്ങൾക്കകം സമർപ്പിക്കും. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സുബൈറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

സുബൈറിന്‍റെ കൊലപാതകത്തിന് 24 മണിക്കൂര്‍ തികയും മുന്പ് ഉച്ചയ്ക്ക് ഒരുമണിയോടെ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്‍ (45) ആക്രമിക്കപ്പെട്ടു. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റിരുന്നു. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. ആര്‍എസ്എസ് നേതാവിന്‍റെ കൊലപാതകത്തിന് പിന്നില്‍ എസ്‍ഡിപിഐ എന്നാണ് ബിജെപിയുടെ ആരോപണം. ശ്രീനിവാസന്‍റെ മരണത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്.

0